- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒടുവിൽ ആറ്റുനോറ്റിരുന്ന ആ വീട്ടിലേക്ക് അവരെത്തി.. ചേതനയറ്റ ദേഹങ്ങളായി; ദുബായിൽ തീ പിടിത്തത്തിൽ മരിച്ച റിജേഷ് - ജിഷി ദമ്പതികളുടെ മൃതദേഹം എത്തിച്ചത് വേങ്ങരയിലെ പണിപൂർത്തിയാകാനിരുന്ന വീട്ടിലേക്ക്; സംസ്കാരം തറവാട്ടു വളപ്പിൽ; അന്ത്യയാത്ര നൽകാൻ ഒഴുകിയെത്തി നാട്ടുകാർ
മലപ്പുറം: ദുബായിൽ കെട്ടിടത്തിന് തീപിടിച്ചതിനെ തുടർന്നുണ്ടായ അപകടത്തിൽ മരിച്ച മലപ്പുറം സ്വദേശികളായ റിജേഷ്, ഭാര്യ ജിഷി എന്നിവരുടെ വീട്ടിലെത്തിച്ചു. ഏറെ ആശിച്ചു കാത്തിരുന്ന വീട്ടിലേക്ക് തന്നെയാണ് ഒടുവിൽ അവർ എത്തിയത്. പക്ഷേ ചേതനയറ്റ ദേഹങ്ങളായാണ് അവർ എത്തിയത്.
മൃതദേഹങ്ങൾ വേങ്ങരയിലെ പണി പൂർത്തിയാകാനിരുന്ന വീട്ടിലാണ് എത്തിച്ചത്. സംസ്കാരം തറവാട്ടു വളപ്പിലാണ്. നാട്ടിൽ പുതിയതായി നിർമ്മിച്ച വീടിന്റെ പാലു കാച്ചലിനു പോകാൻ തയ്യാറെടുക്കുന്നതിനിടെയാണ് റിജേഷിനെയും ജെഷിയെയും മരണം കവർന്നത്. ഈ വിവരം റിജേഷിന്റെ അടുത്ത സുഹൃത്തുക്കൾക്കും വ്യക്തമായി അറിയാമായിരുന്നു. അതുകൊണ്ട് തന്നെ പ്രവാസ ലോകത്തിന് നോവായി മാറുകയാണ് ദമ്പതികളുടെ ദാരുണാന്ത്യം.
നാട്ടിലെ വീടു നിർമ്മാണവുമായി ബന്ധപ്പെട്ട് അടുത്തിടെ നാട്ടിൽ പോയി വന്നിരുന്നു. 11 വർഷം മുൻപാണ് ഇവർ വിവാഹിതരായത്. കുട്ടികളില്ലായിരുന്നു. ഡ്രീം ലൈൻ ട്രാവൽ ഏജൻസി റിജേഷിന്റെ സ്വന്തം സ്ഥാപനമാണെന്നു ബന്ധുക്കൾ പറഞ്ഞു. നിരവധി വ്യാപാര സ്ഥാപനങ്ങളാൽ നിറഞ്ഞ മേഖലയാണ് ദുബായിലെ ദെയ്റ. മലയാളികളുടെ അടക്കം ആയിരക്കണക്കിനു വ്യാപാര സ്ഥാപനങ്ങളിവിടെ ഉണ്ട്.
ദുബായിലെ ദേരയിൽ കഴിഞ്ഞ ദിവസമാണ് തീപിടിത്തത്തിൽ 16 പേർ മരിച്ചത്. അപകടത്തിൽ മരിച്ച 12 പേർ തിരിച്ചറിഞ്ഞപ്പോഴാണ് മരിച്ചവരിൽ പ്രവാസി ദമ്പതികളായ മലപ്പുറം വേങ്ങര സ്വദേശി കാലങ്ങാടൻ റിജേഷ് (38), ഭാര്യ കണ്ടമംഗലത്ത് ജിഷി (32) എന്നിവരും ഉണ്ടെന്ന വിവരം ലഭിക്കുന്നത്.
ശനിയാഴ്ച ഉച്ചയ്ക്ക് 12.35 ഓടെ ദേര ഫിർജ് മുറാറിലെ തലാൽ ബിൽഡിങിലാണ് തീപിടിച്ചത്. അഞ്ച് നിലകളുള്ള ഈ കെട്ടിടത്തിന്റെ നാലാം നിലയിൽ തീ പടരുകയായിരുന്നു. റിജേഷും ഭാര്യയും താമസിച്ചിരുന്ന മുറിയുടെ തൊട്ടടുത്ത മുറിയിലാണ് തീ പിടിച്ചത്. ഇവിടെ നിന്നുള്ള പുക ശ്വസിച്ചതാണ് ഇവരുടെ മരണ കാരണമായത്. രക്ഷാപ്രവർത്തനം നടത്തിയ ഒരു സെക്യൂരിറ്റി ഉദ്യോഗസ്ഥനും മരിച്ചതായി റിപ്പോർട്ടുകളുണ്ട്. ഒൻപത് പേർക്ക് സംഭവത്തിൽ പരിക്കേൽക്കുകയും ചെയ്തു.
മരിച്ച റിജേഷ് ദുബൈയിൽ ട്രാവൽസ് ജീവനക്കാരനായിരുന്നു. ജിഷി ഖിസൈസ് ക്രസന്റ് സ്കൂൾ അദ്ധ്യാപികയും. മരിച്ച 16 പേരിൽ 12 പേരെയാണ് തിരിച്ചറിഞ്ഞത്. രണ്ട് മലയാളികൾ ഉൾപ്പെടെ നാല് ഇന്ത്യക്കാരെയും നാല് സുഡാൻ പൗരന്മാരെയും, മൂന്ന് പാക്കിസ്ഥാൻ പൗരന്മാരെയും ഒരു കാമറൂൺ സ്വദേശിയെയുമാണ് തിരിച്ചറിഞ്ഞത്.
മറുനാടന് മലയാളി ബ്യൂറോ