ഹൈദരാബാദ്: സിപിഐ മുന്‍ ജനറല്‍ സെക്രട്ടറി എസ്. സുധാകര്‍ റെഡ്ഡി (83) അന്തരിച്ചു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. 2012 മുതല്‍ 2019 വരെ അദ്ദേഹം സിപിഐയുടെ ജനറല്‍ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു.

സുധാകര്‍ റെഡ്ഡി രണ്ടുതവണ തെലങ്കാനയിലെ നല്‍ഗോണ്ട ലോക്സഭാ മണ്ഡലത്തില്‍ നിന്ന് പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1998, 2004 ലോക്സഭാ തിരഞ്ഞെടുപ്പുകളിലാണ് അദ്ദേഹം നല്‍ഗോണ്ടയെ പ്രതിനിധീകരിച്ചത്.

വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയാണ് സുധാകര്‍ റെഡ്ഡി സജീവ രാഷ്ട്രീയത്തിലേക്ക് കടന്നുവന്നത്. കര്‍ണൂലില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ സജീവമായിരുന്ന അദ്ദേഹം തെലങ്കാനയുടെയും ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും വളര്‍ച്ചയില്‍ പ്രധാന പങ്കുവഹിച്ചു. തൊഴിലാളി പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെടുകയും അവരുടെ അടിസ്ഥാന അവകാശങ്ങള്‍ക്കായി ശക്തമായി ശബ്ദമുയര്‍ത്തുകയും ചെയ്ത നേതാവെന്ന നിലയിലും അദ്ദേഹം അറിയപ്പെടുന്നു.

1942ല്‍ മഹബൂബ്‌നഗര്‍ ജില്ലയില്‍ ജനിച്ച സുധാകര്‍ റെഡ്ഡി, ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലും തെലങ്കാന കര്‍ഷക കലാപത്തിലും പങ്കെടുത്ത എസ് വെങ്കട്രാമി റെഡ്ഡിയുടെ മകനാണ്. കര്‍ണൂലിലെ മുനിസിപ്പല്‍ ഹൈസ്‌കൂളിലും കോള്‍സ് മെമ്മോറിയല്‍ ഹൈസ്‌കൂളിലുമായിരുന്നു അദ്ദേഹത്തിന്റെ പ്രാഥമിക വിദ്യാഭ്യാസം. 1964-ല്‍ കര്‍ണൂലിലെ ഉസ്മാനിയ കോളേജില്‍ നിന്ന് ബിഎ ഹിസ്റ്ററിയിലും 1967-ല്‍ ഹൈദരാബാദിലെ ഉസ്മാനിയ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എല്‍എല്‍ബിയും അദ്ദേഹം നേടി. 15-ാം വയസ്സില്‍ തന്നെ അദ്ദേഹം രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു.

15-ാം വയസ്സില്‍, കര്‍ണൂലിലെ സ്‌കൂളുകളില്‍ ബ്ലാക്ക്‌ബോര്‍ഡ്, ചോക്ക്, പുസ്തകങ്ങള്‍ എന്നിവ ആവശ്യപ്പെട്ട് നടത്തിയ പ്രക്ഷോഭത്തില്‍ സുധാകര്‍ റെഡ്ഡി നേതൃപരമായ പങ്കുവഹിച്ചു. ഈ പ്രക്ഷോഭം വിജയകരമാവുകയും കര്‍ണൂലിലെ മറ്റ് സ്‌കൂളുകളിലേക്ക് ഇത് വ്യാപിക്കുകയും ചെയ്തിരുന്നു.

1960-ല്‍ ഓള്‍ ഇന്ത്യ സ്റ്റുഡന്റ്‌സ് ഫെഡറേഷന്റെ (എഐവൈഎസ്എഫ്) കര്‍ണൂല്‍ ഘടകത്തില്‍ ചേര്‍ന്നു. 1966-ല്‍ എഐവൈഎസ്എഫിന്റെ ജനറല്‍ സെക്രട്ടറിയായും 1970-ല്‍ പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു. 1971-ല്‍ സിപിഐയുടെ ദേശീയ കൗണ്‍സിലില്‍ അംഗമായി. 1974-ല്‍ ആന്ധ്രാപ്രദേശ് സംസ്ഥാന ഘടകത്തില്‍ വിവിധ പദവികള്‍ വഹിച്ചു. 1998-ല്‍ ആന്ധ്രപ്രദേശ് സ്റ്റേറ്റ് കൗണ്‍സിലിന്റെ സെക്രട്ടറിയായി. 2007-ല്‍ സിപിഐയുടെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയായി. 2012 മുതല്‍ 2019 വരെ ജനറല്‍ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു.