ന്യൂഡല്‍ഹി: പ്രശസ്ത സരോദ് വിദ്വാനും സംഗീതജ്ഞനുമായ ആശിഷ് ഖാന്‍ (84) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് വ്യാഴാഴ്ചയായിരുന്നു അന്ത്യം. ലോസ് ആഞ്ജലീസിലെ സ്വവസതിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ഇന്ത്യന്‍ ശാസ്ത്രീയസംഗീതത്തെ ലോകവേദികളില്‍ എത്തിക്കുന്നതില്‍ പ്രധാനപങ്കുവഹിച്ച മഹാന്‍ ആയിരുന്നു അദ്ദേഹം.

ലോകപ്രശസ്ത സംഗീതജ്ഞരായ ജോര്‍ജ് ഹാരിസണ്‍, എറിക് ക്ലാപ്ടണ്‍, റിംഗോ സ്റ്റാര്‍ എന്നിവരുമായിച്ചേര്‍ന്നു പ്രവര്‍ത്തിച്ചിരുന്നു. 2006-ല്‍ ഗോള്‍ഡന്‍ സ്ട്രിങ്‌സ് ഓഫ് ദ സരോദ് എന്ന ആല്‍ബത്തിന് അദ്ദേഹത്തിന് ഗ്രാമി പുരസ്‌കാരത്തിനുള്ള നാമനിര്‍ദേശം ലഭിച്ചിരുന്നു. ആകാശവാണിയുടെ വാദ്യ വൃന്ദ സംഘത്തിന്റെ കമ്പോസറായിരുന്നു. ഗാന്ധി, എ പാസേജ് ടു ഇന്ത്യ തുടങ്ങിയ സിനിമകള്‍ക്കും അദ്ദേഹം സംഗീതം നല്‍കിയിട്ടുണ്ട്.

1939-ല്‍ മധ്യപ്രദേശിലെ മൈഹാറിലെ ഒരു സംഗീത കുടുംബത്തിലായിരുന്നു ജനനം. മുത്തച്ഛന്‍ ഉസ്താദ് അല്ലാവുദ്ദീന്‍ ഖാന്‍ പിതാവ് ഉസ്താദ് അലി അക്ബര്‍ ഖാന്‍ എന്നിവര്‍ക്ക് കീഴിലായിരുന്നു സംഗീതപഠനം. 1960-കളില്‍ ഉസ്താദ് സക്കീര്‍ ഹുസൈനുമായി ചേര്‍ന്ന് അദ്ദേഹം 'ശാന്തി' എന്ന പേരില്‍ ഇന്‍ഡോ-ജാസ് ബാന്‍ഡ് രൂപീകരിച്ചു. 2004-ല്‍ സംഗീത നാടക അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.

ആഷിഷ് ഖാന്‍ സ്‌കൂള്‍ ഓഫ് വേള്‍ഡ് മ്യൂസിക് എന്ന പേരില്‍ കൊല്‍ക്കത്തയില്‍ ഒരു സ്‌കൂളും സ്ഥാപിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വേര്‍പാടില്‍ സംഗീത സമൂഹം അനുശോചനം രേഖപ്പെടുത്തി.