- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജനാധിപത്യം സാഹോദര്യം, പുരോഗമനം എല്ലാം തികഞ്ഞൊരു ഭരണാധികാരിയായിരുന്നു താങ്കള്‍; കാലവും ചരിത്രവും സാക്ഷി പറയുന്നു; ചരിത്രത്തിന് മുന്നേ നടന്നയാളാണ് താങ്കള്‍; ചരിത്രം താങ്കളോടല്ല, ദയകാണിച്ചിരിക്കുന്നത്, താങ്കള്‍ ചരിത്രത്തോടാണ്: മന്‍മോഹന്‍ സിങ്ങിനെ അനുസ്മരിച്ച് ശശി തരൂര്‍
ന്യൂഡല്‍ഹി: അന്തരിച്ച മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിനെ അനുസ്മരിച്ച് ശശി തരുര്‍ എം പി. ചരിത്രത്തിന് മുന്നേ നടന്നയാളാണ് മന്‍മോഹന്‍ സിങ്ങെന്ന് ശശി തരൂര്‍ അനുസ്മരിച്ചു. ലോകം മുഴുവന്‍ സാമ്പത്തിക മാന്ദ്യത്തില്‍പ്പെട്ട് ഉഴലുമ്പോള്‍, മന്‍മോഹന്‍ സിങ് ഇന്ത്യയെ സാമ്പത്തിക വളര്‍ച്ചയുടെ പടവുകള്‍ ഒന്നൊന്നായി കൈപിടിച്ച് കയറ്റുകയായിരുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. അങ്ങ് നയിച്ച് മന്ത്രിസഭയില്‍ രണ്ട് തവണയായി മൂന്ന് വര്‍ഷക്കാലം അങ്ങയുടെ സഹപ്രവര്‍ത്തകനായിരുന്ന എനിക്ക് താങ്കള്‍ വഴികാട്ടിയായിരുന്നു. ചരിത്രം താങ്കളോടല്ല, ദയകാണിച്ചിരിക്കുന്നത്, താങ്കള്‍ ചരിത്രത്തോടാണ് എന്നും അദ്ദേഹം അനുസ്മരിച്ചു.
ശശി തരൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണ രൂപം
ഡോ. മന്‍മോഹന്‍ സിംഗ്, ചരിത്രം താങ്കളോടല്ല ദയകാണിച്ചിരിക്കുന്നത്, താങ്കള്‍ ചരിത്രത്തോടാണ്...
വ്യാജചരിത്ര നിര്‍മിതികള്‍ പരത്തുന്ന ഇരുട്ടില്‍ സത്യത്തിന്റെ കെടാവിളക്കുകള്‍ തെളിയിച്ച്, അംബരചുംബിയായൊരു ദീപസ്തംഭമായി ,അങ്ങ് ചരിത്രത്തിനു വഴി കാട്ടുന്നു. താങ്കള്‍ ചരിത്രത്തിനു മുമ്പേ നടന്നയാളാണ്...
ഡോ. സിംഗ്, താങ്കള്‍ ഞങ്ങളെ സാമ്പത്തിക വിപ്ലവത്തിന്റെ വഴിയിലൂടെ നയിച്ചു. അങ്ങയുടെ ഭരണത്തില്‍ ഇന്ത്യ സാമ്പത്തിക രംഗത്ത് ലോകശക്തിയായി കൊണ്ടിരിക്കുമ്പോഴും പാവപ്പെട്ടവരിലേക്കും സാമ്പത്തിക വളര്‍ച്ചയുടെ സദ്ഫലങ്ങള്‍ എത്തിക്കുവാന്‍ താങ്കള്‍ക്ക് കഴിഞ്ഞു. മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയും, ഭക്ഷ്യ ഭദ്രതാ നിയമവും, വിദ്യാഭ്യാസ അവകാശ നിയമവും , വിവരാവകാശ നിയമങ്ങളും മറ്റൊരു കാലഘട്ടത്തിലുമില്ലാത്തവണ്ണം ക്ഷേമ പദ്ധതികളിലൂടെ ഞങ്ങളെ ശാക്തീകരിച്ചു.
ലോകം മുഴുവന്‍ സാമ്പത്തിക മാന്ദ്യത്തില്‍പ്പെട്ട് ഉഴലുമ്പോള്‍, താങ്കള്‍ ഇന്ത്യയെ സാമ്പത്തിക വളര്‍ച്ചയുടെ പടവുകള്‍ ഒന്നൊന്നായി കൈപിടിച്ചു കയറ്റുകയായിരുന്നു. അങ്ങയുടെ സാമ്പത്തിക മാന്ത്രികതയില്‍ സര്‍വ മേഖലയിലും ഇന്ത്യ കുതിച്ചുയര്‍ന്നപ്പോള്‍ ലോകനേതാക്കള്‍ അങ്ങയെ ആരാധനയോടെ കണ്ടു. സൗമ്യതയോടെ അതിവൈകാരികതയില്ലാതെ ഇന്ത്യയെ മുന്നോട്ടുനയിച്ച മൃദുഭാഷിയെങ്കിലും ദൃഢചിത്തനായ രാഷ്ട്രനേതാവായിരുന്നു താങ്കള്‍.
അങ്ങു നയിച്ച മന്ത്രിസഭയില്‍ രണ്ടു തവണയായി മൂന്നു വര്‍ഷക്കാലം അങ്ങയുടെ സഹപ്രവര്‍ത്തകനായിരുന്ന എനിക്ക് താങ്കള്‍ വഴികാട്ടിയായിരുന്നു. ഇന്ത്യക്കു ഗുണകരമായ തീരുമാനങ്ങള്‍ എത്ര ശക്തമായ എതിര്‍പ്പുണ്ടായിട്ടും മാറ്റാതെ ഒരു മഹാമേരുവായി ഉറച്ചുനിന്നു നടപ്പിലാക്കിയ ഡോ. സിംഗ് താങ്കളാണ് കരുത്തനായ പ്രധാനമന്ത്രി.
അനേകം മഹായുദ്ധങ്ങള്‍ ജയിക്കുന്നതിലും ഉന്നതമായിരുന്നു അങ്ങു നമുക്കായി നേടിയ സാമ്പത്തിക യുദ്ധവിജയം. ശത കോടിക്കണക്കിനു മനുഷ്യരെ ദരിദ്ര്യരേഖയ്ക്കു മുകളിലേക്ക് കൈപിടിച്ചുയര്‍ത്തിയ അങ്ങയോട് അന്നത്തെ മാധ്യമങ്ങളും പ്രതിപക്ഷവും ജനങ്ങളും നീതി കാണിച്ചില്ല. കൂരമ്പുകള്‍ ഒന്നൊന്നായി നെഞ്ചിലേല്‍ക്കുമ്പോഴും അങ്ങ് സ്വന്തം കര്‍ത്തവ്യത്തില്‍ മാത്രം മുഴുകി.
വാചാലമായ എത്രയെത്ര പത്ര സമ്മേളനങ്ങള്‍ എങ്കിലും അങ്ങയെ അവര്‍ മൗനി എന്നുവിളിച്ചു. കരുത്തുറ്റ അനേകം തീരുമാനങ്ങള്‍ എടുത്തുവെങ്കിലും അവര്‍ താങ്കളെ ദുര്‍ബലന്‍ എന്നു വിളിച്ചു. ജനാധിപത്യം സാഹോദര്യം, പുരോഗമനം എല്ലാം തികഞ്ഞൊരു ഭരണാധികാരിയായിരുന്നു താങ്കള്‍. കാലവും ചരിത്രവും സാക്ഷി പറയുന്നു ...
താങ്കളായിരുന്നു ശരി എന്ന്... നന്‍മ നിറഞ്ഞ ശരി....
പ്രണാമം ഡോ. മന്‍മോഹന്‍ സിംഗ്