കൊച്ചി: രക്താര്‍ബുദം രണ്ടു വര്‍ഷമായി പിടികൂടിയിട്ടും തളരാത്ത മനസ്സുമായി പൊതു രംഗത്ത് സജീവമായ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡോ. ശൂരനാട് രാജശേഖരന്‍. രണ്ടു മാസം മുമ്പാണ് അസുഖം കലശലായത്. അതുവരേയും പൊതുമണ്ഡലത്തില്‍ സജീവമായിരുന്നു. തന്റെ ഉറച്ച നിലപാടുകള്‍ കെപിസിസിയില്‍ ഉന്നയിച്ച് പുറത്ത് അച്ചടക്കമുള്ള പാര്‍ട്ടിക്കാരനായ ശൂരനാട്.

പാര്‍ലമെന്ററീ മോഹങ്ങളോട് വലിയ താല്‍പ്പര്യം രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ തുടക്കകാലത്ത് പ്രകടിപ്പിക്കാത്ത കോണ്‍ഗ്രസ് നേതാവായിരുന്നു ശൂരനാട്. കൊല്ലത്തെ കോണ്‍ഗ്രസിന്റെ അമരക്കാരനായിരുന്നു. ഒരിക്കല്‍ ലോക്‌സഭയിലേക്കും ചാത്തന്നൂര്‍ നിയമസഭയിലും മത്സരിച്ച ചരിത്രമുണ്ട്. പക്ഷേ ജയിക്കാനായില്ല. കരുണാകരന്റെ വല്‍സല ശിഷ്യനായിരുന്നു ശൂരനാട്. പക്ഷേ ഡിഐസി ഉണ്ടാക്കിയപ്പോള്‍ പോലും കോണ്‍ഗ്രസ് വിട്ടില്ല. കരുണാകരനോട് എന്നും ബഹുമാനം സൂക്ഷിച്ച ശൂരനാട് പാര്‍ട്ടി വിടാനുള്ള തന്റെ വൈമനസ്യം നേതാവിനെ നേരിട്ട് അറിയിച്ചു. കോണ്‍ഗ്രസ് എന്നാല്‍ തന്റെ അമ്മയാണെന്നും അമ്മയെ വിട്ട് എങ്ങോട്ടും വരില്ലെന്നും ലീഡറോട് പറഞ്ഞ ശൂരനാട് പക്ഷേ എന്നും ഐ ഗ്രൂപ്പിനോട് അനുഭാവം കാട്ടി.

പത്മജാ വേണുഗോപാലിനെതിരെ കരുണാകരനുമായി ബന്ധപ്പെട്ട പരാമര്‍ശം രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞപ്പോള്‍ കെപിസിസിയില്‍ അതിനെ തുറന്നെതിര്‍ത്ത നേതാവായിരുന്നു ശൂരനാട്. കരുണാകരന്‍ ഡിഐസി ഉണ്ടാക്കുന്നതോടെ കോണ്‍ഗ്രസ് അടിമുടി തളരുമെന്ന് കരുതിയവരുണ്ട്. അന്ന് കേരളത്തിലെ മിക്ക ഡിസിസി പ്രസിഡന്റുമാരും കരുണാകരനൊപ്പം. എന്നാല്‍ ശൂരനാട് പോയില്ല. ഇതിനൊപ്പം കോണ്‍ഗ്രസിന്റെ അടിത്തറ തകരാതെ കാത്തു. കരുണാകരനൊപ്പമുള്ളവരെ തിരികെ കോണ്‍ഗ്രസിലെത്തിക്കാനും മുന്‍കൈയ്യെടുത്തു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കൊല്ലത്തെ സീറ്റ് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ബിന്ദു കൃഷ്ണയ്ക്കാണ് സീറ്റ് നല്‍കിയത്.

ജയസാധ്യതയുള്ള സീറ്റുകളിലൊന്നും മത്സരിക്കാന്‍ കഴിയാത്ത വേദന അഞ്ചു പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയ ശൂരനാടിന് അവസാന കാലത്തുണ്ടായിരുന്നു. അപ്പോഴും വേദന മറച്ചു വച്ച് പൊതു രംഗത്ത് സജീവമായി. രാഷ്ട്രീയത്തിനൊപ്പം സാമ്പത്തികത്തിലും നല്ല പരിജ്ഞാനമുണ്ടായിരുന്നു. ഏത് വിഷയത്തിലും പ്രതികരിക്കാനും ലേഖനമെഴുതാനും അസാമാന്യ പാടവം കാട്ടിയ നേതാവ്. പത്രപ്രവര്‍ത്തകന്‍, ഗവേഷകന്‍, മുഴുനീള രാഷ്ട്രീയ പ്രവര്‍ത്തകന്‍, എഴുത്തുകാരന്‍ തുടങ്ങിയ നിലകളിലെല്ലാം ലബ്ധപ്രതിഷ്ഠ നേടിയ വ്യക്തിയായിരുന്നു ശൂരനാട്. എല്ലാ അര്‍ത്ഥത്തിലും ഓള്‍റൗണ്ടറായിരുന്നു ശൂരനാട്.

നിലവില്‍ കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗവും വീക്ഷണം മാനേജിംഗ് എഡിറ്ററുമായിരുന്നു അദ്ദേഹം. ശൂരനാടിന്റെ ആഗ്രഹപ്രകാരം പൊതുദര്‍ശനം ഉണ്ടാകില്ല. മരണ ശേഷം പൊതുദര്‍ശനം പാടില്ലെന്നും മൃതദേഹം മോര്‍ച്ചറിയില്‍ വയ്ക്കരുതെന്നും അദ്ദേഹം കുടുംബത്തിന് നിര്‍ദേശം നല്‍കിയിരുന്നു. പത്രപ്രവര്‍ത്തനത്തിലൂടെ പൊതു രംഗത്ത് എത്തിയ വ്യക്തികൂടിയാണ്. മികച്ച പത്രപ്രവര്‍ത്തകര്‍ക്ക് കൊല്ലം പ്രസ് ക്ലബ് ഏര്‍പ്പെടുത്തിയ രാമചന്ദ്രന്‍ സ്മാരക അവാര്‍ഡിന് അദ്ദേഹം അര്‍ഹനായിരുന്നു. ഈ ഇരുപത്തിമൂന്നാം തീയതി നടക്കാനിരിക്കുന്ന ചടങ്ങില്‍ അവാര്‍ഡ് ഏറ്റുവാങ്ങാന്‍ ഇരിക്കെയാണ് അപ്രതീക്ഷിത അന്ത്യം.

മലയാള ഭാഷയില്‍ അസാധാരണ അവഗാഹമുള്ള രാജശേഖരന്‍ കോഴിക്കോട് സര്‍വകലാശാലയില്‍ നിന്ന് ഡോക്റ്ററേറ്റ് നേടിയിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് അദ്ദേഹത്തെ അന്ന് വീക്ഷണം ദിനപത്രത്തിന്റെ മാനേജിംഗ് എഡിറ്റര്‍ സ്ഥാനത്തേക്ക് നിയോഗിച്ചത്. സമകാലീന രാഷ്ട്രീയ സംഭവ വികാസങ്ങളെ സൂക്ഷ്മമായി വിലയിരുത്തുന്ന രാഷ്ട്രീയ നിരീക്ഷകനായിരുന്നു അദ്ദേഹം. വീക്ഷണത്തില്‍ തന്റെ പ്രതിവാര പംക്തിയിലൂടെ അദ്ദേഹം അതു പ്രകടിപ്പിച്ചിട്ടുമുണ്ട്. സഹകരണ മേഖലയില്‍ അദ്ദേഹം വലിയ സംഭാവനകള്‍ ചെയ്തിട്ടുണ്ട്.

ശാസ്താംകോട്ട സഹകരണ കാര്‍ഷിക വികസന ബാങ്ക് പ്രസിഡന്റ് സ്ഥാനം തുടങ്ങി സംസ്ഥാന സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് വരെയുള്ള പദവികളില്‍ അദ്ദേഹം തിളങ്ങി. മികച്ച സംഘാടകനായിരുന്നു രാജശേഖരന്‍. അദ്ദേഹം സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ആയിരിക്കെ കേരളത്തിന്റെ താരങ്ങള്‍ ഏഷ്യന്‍ ഗെയിംസില്‍ മിന്നുന്ന പ്രകടനം കാഴ്ചവച്ചു.