- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്‌കൈ ജ്വല്ലറി ഗ്രൂപ്പിന് ആഘാതമായി അരുണ്‍ ജോണിന്റെ അപ്രതീക്ഷിത വിയോഗം; യുഎഇയിലെ പ്രമുഖ മലയാളി ജ്വല്ലറി ഗ്രൂപ്പ് ഉടമയുടെ മകന്റെ വിയോഗം ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞ് വീണ്; സ്‌കൈ ജ്വല്ലറിയുടെ യുഎഇ എക്‌സിക്യൂട്ടീവ് ഡയറക്ടറായിരുന്ന അരുണ്‍ മികച്ച ഡിസിഷന്‍ മേക്കര്‍
സ്‌കൈ ജ്വല്ലറി ഗ്രൂപ്പിന് ആഘാതമായി അരുണ്‍ ജോണിന്റെ അപ്രതീക്ഷിത വിയോഗം
ദുബായ്: യുഎഇയിലെ പ്രമുഖ മലയാളി ജ്വല്ലറി ഗ്രൂപ്പായ സ്‌കൈ ജ്വല്ലറിയുടെ ചെയര്‍മാന്‍ ബാബു ജോണിന്റെ മകന്‍ ജേക്കബ് പാലത്തുമ്മാട്ടു ജോണ്‍ (അരുണ്‍-46) ദുബായില്‍ അന്തരിച്ചുവെന്ന വാര്‍ത്ത പുറത്തുവന്നത് കഴിഞ്ഞ ദിവസമായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞു വീണായിരുന്നു അരുണിന്റെ അന്ത്യം സംഭവിച്ചത്. തിങ്കളാഴ്ച രാത്രി ദുബായിലെ വീട്ടില്‍ അരുണ്‍ തനിച്ചായിരുന്നു. അതുകൊണ്ട് തന്നെ കുഴഞ്ഞു വീണപ്പോള്‍ വേണ്ടത്ര ശ്രദ്ധ ലഭിച്ചതുമില്ല.
ആരോഗ്യപരമായ പ്രശ്‌നങ്ങളൊന്നും അരുണിന് ഉണ്ടായിരുന്നില്ലെന്നും കുടുംബാംഗങ്ങള്‍ വ്യക്തമാക്കി. അതുകൊണ്ട് തന്നെ അപ്രതീക്ഷിതമായ വിയോഗത്തിന്റെ ഞെട്ടലിലാണ് കുടുംബം. അരുണിന് ഭാര്യയും 15ഉം 12ഉം വയസ്സുള്ള മക്കളുമുണ്ട്. അരുണിന്റെ മാതാപിതാക്കളും സഹോദരങ്ങളും നിലവില്‍ കേരളത്തിലാണ്. ദുബായിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു.
കമ്പനിയുടെ യുഎഇ എക്‌സിക്യൂട്ടീവ് ഡയറക്ടറായിരുന്ന അരുണ്‍ സ്ഥാപനത്തിന്റെ പ്രധാന തീരുമാനങ്ങളെടുക്കുന്നതില്‍ മുഖ്യപങ്കു വഹിച്ചിരുന്നു. ബിസിനസ് വിപുലപ്പെടുത്തുന്നതില്‍ അടക്കം നിര്‍ണായക റോള്‍ വഹിച്ചിരുന്നു. അരുണിനോടുള്ള ആദരസൂചകമായി സ്‌കൈ ജ്വല്ലറിയുടെ കേരളത്തിലെ ഔട്ട്‌ലെറ്റുകള്‍ ചൊവ്വാഴ്ച അടച്ചിട്ടു. അരുണിന്റെ സംസ്‌കാര ചടങ്ങുകള്‍ നടക്കുന്ന ദിവസം ദുബായിലെ സ്ഥാപനങ്ങളും അടച്ചിടുമെന്ന് കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.
അതേസമയം അടുത്തകാലത്തായി യുവാക്കള്‍ കുഴഞ്ഞു വീണു മരിക്കുന്ന സംഭവങ്ങള്‍ കൂടി വരികയാണ്. പലപ്പോഴും ഹൃദയസംബന്ധമായ പ്രശ്‌നങ്ങളാണ് കുഴഞ്ഞു വീണുള്ള മരണങ്ങളിലെ പ്രധാന വില്ലനാകുന്നത്. ഒന്നുകില്‍ ഹൃദയാഘാതമുണ്ടായി ഹൃദയത്തിന്റെ പ്രവര്‍ത്തനം നിലയ്ക്കുന്നത്, അല്ലെങ്കില്‍ ഹൃദയമിടിപ്പിന്റെ വേഗം കൂടുന്നതുകൊണ്ട് സംഭവിക്കുന്ന പ്രശ്‌നങ്ങള്‍. രണ്ടും കുഴഞ്ഞു വീണുള്ള മരണത്തിലേക്കാണ് നയിക്കുന്നത്.
തലച്ചോറില്‍ അസാധാരണമായി സംഭവിക്കുന്ന രക്തസ്രാവം, സ്‌ട്രോക്ക്, രക്തത്തിലെ പഞ്ചസാരയുടെ അളവു ക്രമാതീതമായി താഴുക എന്നീ സാഹചര്യങ്ങള്‍ പലപ്പോഴും മരണത്തിനു കാരണമാകാറുണ്ട്. നേരത്തേ ഹൃദ്രോഗമുള്ളവരില്‍ പെട്ടെന്നു ഹൃദയം സ്തംഭിക്കാനുള്ള സാധ്യത താരതമ്യേന കൂടുതലാണ്. രക്തധമനികള്‍ ചുരുങ്ങുന്നതും പെട്ടെന്നുള്ള ഹൃദയസ്തംഭനത്തിലേക്കു നയിക്കാം.
ജിമ്മില്‍ വര്‍ക്ഔട്ട് ചെയ്യുന്നതിനിടയില്‍ കുഴഞ്ഞുവീണ് മരിക്കുന്ന ചെറുപ്പക്കാരുടെ എണ്ണവും ദിനംപ്രതി വര്‍ധിക്കുകയാണ്. ചില ഹോര്‍മോണുകള്‍ കൂടുന്നതും ഹൃദയതാളത്തില്‍ വ്യത്യാസമുണ്ടാകുന്നതുമാണ് പ്രാധാന കാരണം. ബോഡി ബില്‍ഡിങ് നടത്തുന്നവര്‍ കുറഞ്ഞകാലംകൊണ്ടു ശരീരത്തിന്റെ ആകാരഭംഗി വര്‍ധിപ്പിക്കാന്‍ സ്റ്റിറോയ്ഡുകളും ഗ്രോത്ത് ഹോര്‍മോണുകളും കഴിക്കാറുണ്ട്. ഇവ ഹൃദയത്തിന്റെ മാംസപേശികള്‍ക്കു കേടുപാടുകള്‍ വരുത്തി ഹൃദയതാളങ്ങള്‍ക്കു വ്യതിയാനമുണ്ടാക്കും.
ഹൃദയത്തിന്റെ ആരോഗ്യത്തിന് സമ്മര്‍ദ്ദം കുറഞ്ഞിരിക്കുന്നതാണ് ഏറ്റവും നല്ലത്. താങ്ങാവുന്നതിനപ്പുറമുള്ള സമ്മര്‍ദ്ദം ഹൃദ്രോഗമുള്ളവരുടെ ജീവന്‍ കവര്‍ന്നേക്കാം.