എല്ലാമായ മകന്റെ വിയോഗം ആരോഗ്യം തളര്‍ത്തി; ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊന്ന ടിടിഇ വിനോദിന്റെ വേര്‍പാടില്‍ വെന്തുരുകി നാല് മാസം; അമ്മയും വിടപറഞ്ഞു
- Share
- Tweet
- Telegram
- LinkedIniiiii
കൊച്ചി: എല്ലാവരെയും സങ്കടത്തിലാക്കി വിനോദിന് പിന്നാലെ മാതാവും യാത്രയായി. ലളിതാ നിവാസില്‍ ഇനി ആരുമില്ല. മകന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ വേദനയും പേറി ജീവിച്ച മാതാവ് ലളിതയും അന്തരിച്ചു. ടിക്കറ്റില്ലാതെ യാത്ര ചെയ്തത് ചോദ്യം ചെയ്തതിന് ഇതര സംസ്ഥാനക്കാരന് ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ ടിടിഇ വി വിനോദിന്റെ മാതാവാണ് ഈ ലോകത്തോട് വിട പറഞ്ഞത്. വിനോദ് മരിച്ച് നാല് മാസം തികഞ്ഞതിനു പിന്നാലെയാണ് ലളിതയുടെ മരണം. മകന്റെ മരണം അവര്‍ക്ക് വലിയ ആഘാതമായിരുന്നു.
മകന്റെ വേര്‍പാടിനെ തുടര്‍ന്ന് ലളിതയുടെ ആരോഗ്യം മോശമായിരുന്നു. തുടര്‍ന്ന് മകളുടെ വീട്ടിലും ആശുപത്രിയിലുമായാണ് കഴിഞ്ഞിരുന്നത്. മകന്റെ മരണത്തെ തുടര്ന്ന്മ കടുത്ത മനോവ്യഥയിലായ ലളിത പിന്നീട് പഴയ അവസ്ഥയിലേക്ക് തിരിച്ചെത്തിയില്ല. ലളിതയുടേയും വിനോദിന്റേയും സ്വപ്ന ഭവനമായ ലളിതാ നിവാസിലേക്ക് താമസം മാറി ആഴ്ചകള്‍ക്ക് പിന്നാലെയായിരുന്നു മരണം.
ഏപ്രില്‍ രണ്ടിനാണ് കേരളത്തെ ഉലച്ച സംഭവമുണ്ടായത്. എറണാകുളത്തു നിന്നും പട്നയിലേക്കുള്ള ട്രെയിനിലെ ടിടിഇ ആയിരുന്ന വിനോദിനെ ആണ് ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയത്. ഒഡീഷ സ്വദേശി രജനീകാന്ത രണജിത്താണ് കൊലനടത്തിയത്. മദ്യപിച്ച് ലക്കുകെട്ട പ്രതി യാത്രക്കാരോടെല്ലാം മോശമായാണ് പെരുമാറിയിരുന്നത്.
ഇതും ടിടിഇ ചോദ്യം ചെയ്തിരുന്നു. ഒപ്പം ടിക്കറ്റ് ചോദിക്കുകയും അടുത്ത സ്റ്റോപ്പില്‍ ഇറക്കിവിടാനായി രജനീകാന്തിനെ ഡോറിനടുത്തേക്ക് കൊണ്ടു നിര്‍ത്തുകയും ചെയ്തു. ഇതോടെ പ്രതി വീണ്ടും പ്രകോപിതനായി ടിടിഇയെ ഒറ്റത്തള്ളിന് പുറത്തേക്ക് തള്ളിയിടുകയായിരുന്നു.
അച്ഛന്റെ മരണത്തെ തുടര്‍ന്നാണ് വിനോദിന് റെയില്‍വേയില്‍ ജോലി ലഭിച്ചത്. മെക്കാനിക്കല്‍ വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന വിനോദ് കാന്‍സറിനെ അതിജീവിച്ചതിനു ശേഷമാണ് ടിടിഇ കേഡറിലേക്ക് മാറിയത്. സിനിമാ പ്രേമിയായിരുന്ന വിനോദ് നിരവധി സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്.