തിരുവനന്തപുരം:അണഞ്ഞുപോകാത്ത വിപ്ലവത്തിന്റെ തീയോര്‍മ്മകള്‍ക്കൊപ്പമാണ് മലയാളി വി എസ് എന്ന രണ്ടക്ഷരത്തെ ചേര്‍ത്തുവച്ചിരിക്കുന്നത്.കണ്ണേ കരളേ വി എസെ എന്നാര്‍ത്തലയ്ക്കുന്ന മുദ്രാവാക്യത്തിന്റെ കരുത്തില്‍ പാര്‍ട്ടിയിലെ തന്നെ തിരുത്തല്‍ ശബ്ദമായ ജീവിതം.ആറ്റിക്കുറുക്കിയ വാക്കും നിലപാടുകളിലെ തലപ്പൊക്കവും ഒരേ സമയം വി എസിനെ പാര്‍ട്ടിയിലെ പ്രിയങ്കരനും വേറിട്ടവനുമാക്കി.ആലപ്പുഴയില്‍ കയര്‍ത്തൊഴിലാളിയായിരിക്കെ,കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപകനേതാക്കളില്‍ പ്രമുഖനായ സഖാവ് പി. കൃഷ്ണപിള്ളയാണ് വി.എസിലെ സമരാഗ്‌നി കണ്ടെത്തിയത്.

ക്ഷോഭിക്കുന്ന യൗവനവും അസാമാന്യമായ നിശ്ചയദാര്‍ഢ്യവും വി.എസില്‍ക്കണ്ട കൃഷ്ണപിള്ള നാല്പതുകളുടെ ആദ്യം കുട്ടനാട്ടിലെ കര്‍ഷകത്തൊഴിലാളികളെ സംഘടിപ്പിക്കുന്നതിന് നിയോഗിക്കുകയായിരുന്നു.കൊല്ലും കൊലയും പതിവാക്കിയിരുന്ന ജന്മികളും അവരുടെ ഗുണ്ടകളും സംഘടനാപ്രവര്‍ത്തനം ശാരീരികമായിത്തന്നെ ആക്രമിച്ചില്ലാതാക്കുന്ന കാലമായിരുന്നു.സമൂഹത്തിലെ നിസ്വവര്‍ഗമായ കര്‍ഷകത്തൊഴിലാളികള്‍ക്ക് അന്തസ്സാര്‍ന്ന ജീവിതസാഹചര്യം ഉറപ്പുവരുത്തുന്നതിനുള്ള പോരാട്ടത്തിന് നേതൃത്വംകൊടുക്കാന്‍ കൃഷ്ണപിള്ളയുടെ നിര്‍ദേശം ശിരസ്സാവഹിക്കുകയാണ് വി.എസ്. ചെയ്തത്.

ജോലിസമയം ക്ലിപ്തപ്പെടുത്താനും കൂലിവര്‍ധിപ്പിക്കാനും കടുത്തപോരാട്ടങ്ങള്‍ക്കൊടുവില്‍ സാധ്യമായി.കേരളത്തിലെ കര്‍ഷകത്തൊഴിലാളികളുടെ സമരോത്സുകമായ മുന്നേറ്റത്തിന് അത് വഴിവെക്കുകയും ചെയ്തു.അവിടെനിന്നു ലഭിച്ച അനുഭവങ്ങളും പാഠങ്ങളുമാണ് 100 പിന്നിട്ട ഒരു ജീവിതയാത്രയിലത്രയും വി.എസിനെ നിലയ്ക്കാത്ത പോരാട്ടവീര്യത്തിന്റെ നിത്യയൗവനമാക്കിമാറ്റിയത്.അസാധാരണക്കാരനായ സംഘാടകന്‍, പുന്നപ്രവയലാര്‍ പോരാട്ടത്തിന്റെ മുന്‍നിരക്കാരന്‍,സമരാനന്തരവര്‍ഷങ്ങളില്‍ ആലപ്പുഴ പാര്‍ട്ടി ജില്ലാകമ്മിറ്റി സെക്രട്ടറി, 1956-ലെ പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റിലെ ഒന്‍പതുപേരില്‍ ഒന്‍പത് പേരില്‍ ഒരാള്‍ ഇങ്ങനെ പോകുന്നു സമാനതകളില്ലാത്ത ആ ജീവിതത്തിന്റെ വിശേഷണങ്ങള്‍..

അടിയന്തരാവസ്ഥക്കാലത്തെ ജയില്‍വാസത്തിന് പോലും കെടുത്തിക്കളയാനാത്ത വിപ്ലവാഗ്‌നിയായി പടര്‍ന്ന വിഎസ് ഒടുവില്‍ കേരളത്തിന്റെ മുഖ്യമന്ത്രിപദത്തിലെത്തി.അപ്പോഴും ജനങ്ങളുടെ നേതാവ് എന്നതായിരുന്നു വിഎസിന് ഏറ്റവും ചേരുന്ന വിശേഷണം. തന്റെ ജീവിതം മുഴുവന്‍ വി.എസ്.അച്യുതാനന്ദന്‍ ജീവിച്ച് തീര്‍ത്തത് സാധാരണക്കാരുടെ സഖാവായിട്ടാണ്.പോരാട്ടത്തിന്റെ മറുപേര് എന്നുതന്നെ വിളിക്കാവുന്ന കമ്യൂണിസ്റ്റുകാരന്‍.ശതാബ്ദിയും പിന്നിട്ട ആ ആസാധാരണ ജീവിത്തിലെ പ്രധാന ഏടുകള്‍ പരിശോധിക്കാം

ജനനം: 1923 ഒക്ടോബര്‍ 20

അച്ഛന്‍:നോര്‍ത്ത് പുന്നപ്ര വെന്തലത്തറ വീട്ടില്‍ ശങ്കരന്‍..അമ്മ:അക്കമ്മ.ഭാര്യ: വസുമതി. മക്കള്‍: ഡോ. വി.വി. ആശ, വി.എ. അരുണ്‍കുമാര്‍

നാലാംവയസ്സില്‍ അമ്മയും പതിനൊന്നാം വയസ്സില്‍ അച്ഛനും മരിച്ചു.

വിദ്യാഭ്യാസം: പറവൂര്‍, കളര്‍കോട്, പുന്നപ്ര സ്‌കൂളുകളില്‍ ഏഴാം ക്ലാസ് വരെ.

പന്ത്രണ്ടാം വയസ്സില്‍ ജ്യേഷ്ഠന്‍ ഗംഗാധരന്റെ ഒപ്പം തയ്യല്‍ക്കടയില്‍ സഹായിയായി.പിന്നാലെ ആസ്പിന്‍വാള്‍ കയര്‍ ഫാക്ടറിയില്‍ തൊഴിലാളിയായി.

1939 ല്‍ സ്റ്റേറ്റ് കോണ്‍ഗ്രസില്‍ ചേര്‍ന്നു സ്വതന്ത്ര്യസമരത്തിന്റെ ഭാഗമായി.

1940 ല്‍ പതിനേഴാം വയസില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗം.

1946 ഒക്ടോബര്‍ 28 ന് പുന്നപ്ര-വയലാര്‍ സമരത്തിന്റെ ഭാഗമായി പൊലീസിന്റെ പിടിയിലായി.പൂഞ്ഞാര്‍ ലോക്കപ്പില്‍ കൊടിയ മര്‍ദനം ഏറ്റു.മൂന്നുവര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ടു.

1952ല്‍ പാര്‍ട്ടി ആലപ്പുഴ ഡിവിഷന്‍ സെക്രട്ടറി.1956 മുതല്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആലപ്പുഴ ജില്ലാ സെക്രട്ടറി.

1957 ല്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം.1958 ല്‍ പാര്‍ട്ടിയുടെ കേന്ദ്രസമിതി അംഗമായി.

1963 ല്‍ ചൈനീസ് ചാരന്‍ എന്ന പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ടു.ഒരു വര്‍ഷം നീണ്ട ജയില്‍വാസം.

1964 ല്‍ പാര്‍ട്ടി നേതൃത്വത്തോട് കലഹിച്ച് ദേശീയ കൗണ്‍സിലില്‍നിന്ന് ഇറങ്ങിവന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്) രൂപീകരിച്ച 32 അംഗങ്ങളില്‍ ഒരാളായി.

1965 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അമ്പലപ്പുഴയില്‍നിന്ന് ആദ്യമായി സ്ഥാനാര്‍ഥിയായി. കോണ്‍ഗ്രസിലെ കെ.കൃഷ്ണക്കുറുപ്പിനോടു തോറ്റു.

1967 ലെ തിരഞ്ഞെടുപ്പില്‍ അമ്പലപ്പുഴയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എ.അച്യുതനെ പരാജയപ്പെടുത്തി ആദ്യമായി നിയമസഭയിലെത്തി.

1970 ല്‍ വീണ്ടും അമ്പലപ്പുഴയില്‍ നിന്നുതന്നെ നിയമസഭയിലേക്ക് തിരിഞ്ഞെടുക്കപ്പെട്ടു.ആര്‍എസ്പിയുടെ കുമാരപിള്ളയെയാണ് ഇത്തവണ തോല്‍പിച്ചത്.

1975 ല്‍ അടിയന്തരാവസ്ഥയെ തുടര്‍ന്ന് 20 മാസം ജയില്‍ വാസം.

1977 ലെ അടിയന്തരാവസ്ഥ കഴിഞ്ഞുള്ള തിരഞ്ഞെടുപ്പില്‍ അമ്പലപ്പുഴയില്‍ പരാജയപ്പെട്ടു.നേരത്തെ തോല്‍പ്പിച്ച ആര്‍എസ്പിയുടെ കുമാരപിള്ളയോടായിരുന്നു ഇത്തവണത്തെ പരാജയം.

1980 മുതല്‍ 1992 വരെ തുടര്‍ച്ചയായി 12 വര്‍ഷക്കാലം സിപിഎം സംസ്ഥാന സെക്രട്ടറിയായി.

1985 ല്‍ സിപിഎം പൊളിറ്റ് ബ്യൂറോ അംഗം.

1991 ല്‍ മാരാരിക്കുളത്താണ് മത്സരിച്ചത്.കോണ്‍ഗ്രസിലെ ഡി.സുഗതനെ 9980 വോട്ടുകള്‍ക്ക് തോല്‍പിച്ചുകൊണ്ടായിരുന്നു വിഎസിന്റെ പാര്‍ലമെന്ററി രംഗത്തേക്കുള്ള തിരിച്ചുവരവ്.

1996 ലെ തിരഞ്ഞെടുപ്പില്‍ അതേ മാരാരിക്കുളത്ത് പരാജയപ്പെട്ടു.

2001 ല്‍ മലമ്പുഴ മണ്ഡലത്തില്‍നിന്ന് വിജയിച്ച വിഎസ് പ്രതിപക്ഷ നേതാവായി.

2006 ല്‍ മലമ്പുഴയില്‍നിന്ന് 20,017 വോട്ടിന്റെ ഭൂരിപക്ഷത്തോടെ ജയിച്ചുകയറിയ വി.എസ്. അച്യുതാനന്ദന്‍ കേരളത്തിന്റെ ഇരുപതാമത്തെ മുഖ്യമന്ത്രിയായി.

2011 ലും 2016 ലും മലമ്പുഴയില്‍ തന്നെയായിരുന്നു വി എസ് ജനവിധി തേടിയത്.ഇരുവട്ടവും മണ്ഡലത്തിലെ വോട്ടര്‍മാര്‍ അദ്ദേഹത്തെ പിന്തുണച്ചു.

2011-2016 ല്‍ പ്രതിപക്ഷ നേതാവായി.

2016 ഓഗസ്റ്റ് 9 മുതല്‍ 2021 ജനുവരി 31 വരെ ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷന്‍.

ദേശാഭിമാനിയുടെ പത്രാധിപരായി ഏഴു വര്‍ഷവും മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തിക പ്രസിദ്ധീകരണമായിരുന്ന ചിന്തയുടെ പത്രാധിപരായി ദീര്‍ഘകാലവും പ്രവര്‍ത്തിച്ചു.