പീച്ചി/തൃശ്ശൂര്‍: പീച്ചി ഡാം റിസര്‍വോയറിന്റെ തെക്കേക്കുളം ഭാഗത്തു വീണ നാല് വിദ്യാര്‍ഥിനികളില്‍ ഒരാള്‍ മരിച്ചു. അപകടത്തില്‍പ്പെട്ട മറ്റ് മൂന്നു പേര്‍ ആശുപത്രിയില്‍ തുടരുന്നു. രണ്ടുപേരുടെ നില ഗുരുതരമാണ്. പട്ടിക്കാട് ചുങ്കത്ത് ഷാജന്റെയും സിജിയുടെയും മകള്‍ അലീനാ ഷാജനാണ് (16) മരിച്ചത്. തൃശ്ശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെ 12.30-ഓടെയായിരുന്നു അലീനയുടെ മരണം.

തൃശ്ശൂര്‍ സെയ്ന്റ് ക്ലേയേഴ്സ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് അലീന. സഹോദരി: ക്രിസ്റ്റീന. വെള്ളത്തില്‍വീണ മറ്റു മൂന്നു പേരും ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെന്റിലേറ്ററിലാണ്. പട്ടിക്കാട് പുളയിന്‍മാക്കല്‍ ജോണിസാലി ദമ്പതികളുടെ മകള്‍ നിമ (12), പട്ടിക്കാട് പാറാശേരി സജിസെറീന ദമ്പതികളുടെ മകള്‍ ആന്‍ ഗ്രേസ് (16), മുരിങ്ങത്തു പറമ്പില്‍ ബിനോജ്ജൂലി ദമ്പതികളുടെ മകള്‍ എറിന്‍ (16) എന്നിവരാണ് അപകടത്തില്‍പെട്ട മറ്റു കുട്ടികള്‍.

പീച്ചി ഡാം ജലസംഭരണിയുടെ കൈവഴിയില്‍ തെക്കേക്കുളം ഭാഗത്ത് ഞായറാഴ്ച വൈകീട്ട് മൂന്നോടെയാണ് സംഭവം. പീച്ചി ലൂര്‍ദ് മാതാ പള്ളിയിലെ തിരുനാള്‍ ആഘോഷത്തിനു ഹിമയുടെ വീട്ടിലെത്തിയതായിരുന്നു മൂവരും. നിമയുടെ സഹോദരി ഹിമയുടെ സഹപാഠികളാണ് ഇവര്‍. ഡാമിലെ ജലസംഭരണി കാണാന്‍ 5 പേര്‍ ചേര്‍ന്നാണു പുറപ്പെട്ടത്.നാലുപേരും തൃശ്ശൂര്‍ സെയ്ന്റ് ക്ലേയേഴ്സ് സ്‌കൂളിലെ വിദ്യാര്‍ഥിനികളാണ്.

നിമയുടെ സഹോദരി ഹിമയുടെ സഹപാഠികളാണ് അപകടത്തില്‍പ്പെട്ട മൂന്നുപേര്‍. പള്ളിപ്പെരുന്നാള്‍ ആഘോഷത്തിന് ഹിമയുടെ വീട്ടില്‍ എത്തിയ ഇവര്‍ റിസര്‍വോയര്‍ കാണാന്‍ പോയതായിരുന്നു. ചെരിഞ്ഞുനില്‍ക്കുന്ന പാറയില്‍ കാല്‍വഴുതി ആദ്യം രണ്ടുപേര്‍ വീണു. ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മറ്റു രണ്ടുപേരും വീണു. വെള്ളത്തില്‍ വീഴാതെ രക്ഷപ്പെട്ട ഹിമയുടെ നിലവിളി കേട്ടു നാട്ടുകാര്‍ ഓടിയെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. നാട്ടുകാരാണ് നാലുപേരെയും പുറത്തെടുത്ത് ഉടന്‍ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്.