ചെന്നൈ: മലയാള സിനിമയില്‍ ക്യാമറ കൊണ്ട് ദൃശ്യകവിതകള്‍ രചിച്ച പ്രശസ്ത ഛായാഗ്രാഹകന്‍ മെല്ലി ഇറാനി (94) അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. മലയാള സിനിമയുടെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് കാലഘട്ടത്തെയും വര്‍ണ്ണവിസ്മയങ്ങളെയും ഒരുപോലെ തന്റെ ലെന്‍സിനുള്ളിലാക്കിയ അദ്ദേഹം, ദൃശ്യങ്ങളിലൂടെ വൈകാരിക ലോകമാണ് പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്.

1932 ഓഗസ്റ്റ് 5-ന് ബോംബെയില്‍ പ്രശസ്ത ക്യാമറാമാന്‍ ആദി ഇറാനിയുടെ മകനായാണ് ജനനം. പിതാവില്‍ നിന്ന് തന്നെ ഛായാഗ്രഹണത്തിന്റെ ആദ്യപാഠങ്ങള്‍ അഭ്യസിച്ചു. 1961-ല്‍ 'ജ്ഞാനസുന്ദരി' എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര ഛായാഗ്രാഹകനായി മലയാളത്തിലേക്ക് എത്തുന്നത്.

കെ എസ് സേതുമാധവന്‍, ഹരിഹരന്‍ തുടങ്ങിയ പ്രഗത്ഭ സംവിധായകരുടെ സ്ഥിരം സഹപ്രവര്‍ത്തകനായിരുന്നു മെല്ലി ഇറാനി. മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ക്ലാസിക്കുകളായ അനുഭവങ്ങള്‍ പാളിച്ചകള്‍, യക്ഷി, അടിമകള്‍, വാഴ്വേമായം, അരനാഴികനേരം, ശരപഞ്ജരം തുടങ്ങി അനേകം ചിത്രങ്ങള്‍ക്ക് അദ്ദേഹം ദൃശ്യഭാഷയൊരുക്കി.

'അനുഭവങ്ങള്‍ പാളിച്ചകളി'ല്‍ സത്യന്റെ ആത്മസംഘര്‍ഷങ്ങള്‍ ഒപ്പിയെടുത്ത ക്ലോസപ്പ് ഷോട്ടുകളും 'കല്യാണി കളവാണി' എന്ന ഗാനരംഗത്തിലെ കെപിഎസി ലളിതയുടെ മുഖഭാവവുമെല്ലാം അദ്ദേഹത്തിന്റെ ക്യാമറക്കണ്ണുകളുടെ മാന്ത്രികതയ്ക്ക് ഉദാഹരണങ്ങളാണ്.

'ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം', 'ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം' തുടങ്ങിയ അനശ്വര ഗാനങ്ങള്‍ ഇന്നും മലയാളി ഹൃദയങ്ങളില്‍ ജീവിക്കുന്നത് മെല്ലി ഇറാനി ഒരുക്കിയ മനോഹരമായ ദൃശ്യങ്ങളിലൂടെ കൂടിയാണ്. അദ്ദേഹത്തിന്റെ വിയോഗത്തില്‍ ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്‍ ഉള്‍പ്പെടെ ചലച്ചിത്ര രംഗത്തെ പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി.