മുംബൈ: ഹിന്ദി-മറാത്തി സിനിമാലോകത്തെ അതുല്യ പ്രതിഭയും വിഖ്യാത സംവിധായകന്‍ വി ശാന്താറാമിന്റെ ഭാര്യയുമായ സന്ധ്യ ശാന്താറാം (87) വിടവാങ്ങി. 'പിഞ്ചാര', 'ദോ ആംഖേന്‍ ബരാ ഹാഥ്' എന്നീ ചിത്രങ്ങളിലെ അവരുടെ കഥാപാത്രങ്ങള്‍ ശ്രദ്ധേയമായിരുന്നു.

നൃത്തരംഗത്തും ശ്രദ്ധേയ വ്യക്തിത്വമായിരുന്നു അവര്‍. സന്ധ്യ ശാന്താറാമിന്റെ വിയോഗത്തില്‍ മഹാരാഷ്ട്രയുടെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, സാംസ്‌കാരിക വകുപ്പ് മന്ത്രി ആശിഷ് ഷെലാര്‍ അനുശോചനം രേഖപ്പെടുത്തി.

'ഭാവപൂര്‍ണ്ണമായ ശ്രദ്ധാഞ്ജലി! 'പിഞ്ചാര' എന്ന വിഖ്യാത ചിത്രത്തിലെ നായികയായ സന്ധ്യ ശാന്താറാം ജിയുടെ നിര്യാണ വാര്‍ത്ത അത്യന്തം ദുഃഖകരമാണ്. മറാത്തി, ഹിന്ദി ചലച്ചിത്ര ലോകത്ത്, തന്റെ സമാനതകളില്ലാത്ത അഭിനയശേഷി കൊണ്ടും ലാസ്യഭാവങ്ങള്‍ നിറഞ്ഞ നൃത്തപാടവം കൊണ്ടും അവര്‍ പ്രേക്ഷക ഹൃദയങ്ങളില്‍ ഒരസാധാരണ മുദ്ര പതിപ്പിച്ചു'

പ്രത്യേകിച്ച്, 'ജാനക് ജാനക് പായല്‍ ബാജെ', 'ദോ ആംഖേന്‍ ബരാ ഹാഥ്', 'പിഞ്ചാര' എന്നീ ചിത്രങ്ങളിലെ അവരുടെ അനശ്വരമായ പ്രകടനങ്ങള്‍ എന്നും പ്രേക്ഷക മനസ്സില്‍ മായാതെ നില്‍ക്കും. അവരുടെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ മന്ത്രി കുറിച്ചു.