- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
''ഒരാൾ നിങ്ങളേ വധിക്കാൻ വരുന്നെങ്കിൽ ചാടിയെഴുന്നേറ്റ് അയാളെ ആദ്യം വധിക്കുക'' യഹൂദ ഗ്രന്ഥമായ തലൂദിലെ വരികൾ നെഞ്ചോട് ചേർത്ത് പിടിച്ച് പ്രവർത്തനം; ഇറാന്റെ ആണവ പിതാവിനെ വകവരുത്തി പന്ത്രണ്ടംഗ സംഘം രക്ഷപ്പെട്ടു എന്നത് അതിശയകരമായ കാര്യം; ദി ആർട്ട് ഓഫ് അസ്സാസിനേഷൻ: മൊസാദ് എന്ന ഇസ്രയേലി ചാര സംഘത്തിന്റെ അത്യപൂർവ്വ കഥ
''ഒരാൾ നിങ്ങളേ വധിക്കാൻ വരുന്നെങ്കിൽ ചാടിയെഴുന്നേറ്റ് അയാളെ ആദ്യം വധിക്കുക'' യഹൂദ നിയമങ്ങളുടെ അടിസ്ഥാന ഗ്രന്ഥമായ തലൂദിലെ വരികൾ എന്നും നെഞ്ചോട് ചേർത്ത് പിടിക്കുന്ന ഒരു കൂട്ടരുണ്ട്. ലോകമാകമാനം ഭീതിയോടെ മാത്രം കണുന്ന മൊസാദ് എന്ന ഇസ്രയേലി ചാര സംഘടനയിലെ അംഗങ്ങൾ. ജെയിംസ് ബോണ്ട് ചിത്രങ്ങളിൽ മാത്രം കാണാനാകുന്ന തരത്തിൽ സിരകളെ ത്രസിപ്പിക്കുന്ന നീക്കങ്ങളിലൂടെ ശത്രുക്കളെ എണ്ണിയെണ്ണി ഇല്ലാതെയാക്കുന്ന മൊസാദ് അടുത്തകാലത്ത് വീണ്ടും വാർത്തകളിൽ നിറഞ്ഞത് ഇറാനിയൻ ആണവ ശാസ്ത്രജ്ഞനായ ഫക്രിസദേയുടെ കൊലപാതകത്തോടെയാണ്.
ആക്രമണത്തിനുള്ള സമയവും സ്ഥലവും നിശ്ചയിച്ചതിനു ശേഷം സമീപ പ്രദേശങ്ങളിലെ വൈദ്യൂത ബന്ധവും വിഛേദിച്ചതിനു ശേഷമായിരുന്നു ഫക്രിസദേയുടെ വധം. തികഞ്ഞ സുരക്ഷയോടെ കാറിൽ സഞ്ചരിക്കുകയായിരുന്ന ശാസ്ത്രജ്ഞനെ വകവരുത്തിയതിനു ശേഷം പന്ത്രണ്ടംഗ അക്രമി സംഘം ഒരു പോറലുമേൽക്കാതെ രക്ഷപ്പെട്ടു എന്നതാണ് അതിശയകരമായ കാര്യം. ഇസ്രയേൽ ചാരസംഘടനയായ മൊസാദാണ് ഇതിനു പിന്നിലെന്ന് ഇറാൻ ആരോപിക്കുമ്പോഴും ഇസ്രയേൽ പക്ഷെ ഇക്കാര്യത്തിൽ മൗനം തുടരുകയാണ്.
എഴുപത് വർഷങ്ങൾക്ക് മുൻപ് രൂപീകൃതമായതിനു ശേഷം ഇതുവരെ 2,700 പേരെയെങ്കിലും മൊസാദ് വധിച്ചിട്ടുണ്ടെന്നാണ് മൊസാദ് പ്രവർത്തനങ്ങളുടെ ചരിത്രമെഴുതിയ ഇസ്രയേലി പത്രപ്രവർത്തകനായ റോണെൻ ബെർഗ്മാൻ പറയുന്നത്. 7000 അംഗങ്ങളും 2 ബില്ല്യൺ പൗണ്ടിന്റെ വാർഷിക ബജറ്റുമുള്ള മൊസാദ് ലോകത്തിലെ തന്നെ രണ്ടാമത്തെ വലിയ ചാരസംഘടനയാണ്. അമേരിക്കയുടെ സി ഐ എ യ്ക്കാണ് ഇക്കാര്യത്തിൽ ഒന്നാം സ്ഥാനം.
നാസികളുടെ വിഷവാതക അറകളിൽ ഒടുങ്ങിയ പൂർവ്വികരുടെ ചരിത്രം, നാലുവശവും ശത്രുക്കളാൽ ചുറ്റപ്പെട്ടു കിടക്കുന്നു എന്ന യാഥാർത്ഥ്യം, തങ്ങൾ രക്ഷിച്ചില്ലെങ്കിൽ ഇസ്രയേലിനെ രക്ഷിക്കാൻ മറ്റാരുമില്ലന്ന ബോധം ഇതൊക്കെയാണ് മൊസാദിനെ ലോകം ഭയക്കുന്ന ചാര സംഘടനയാക്കി മാറ്റിയതെന്ന് ബെർഗ്മാൻ പറയുന്നു. ലോകത്തിന്റെ പല ഭാഗങ്ങളിലായി മൊസാദ് നടത്തിയ ഓപ്പറേഷനുകളിൽ പലതും ഹോളിവുഡ് ത്രില്ലറുകളെ പോലും വെല്ലുന്ന തരത്തിലുള്ളതാണ്.
ഏതൊരു രാജ്യത്തും ഏതൊരുവേഷത്തിലും ഒളിച്ചിരിക്കുന്ന ശത്രുവിനെ കണ്ടെത്തി അവസാനിപ്പിക്കുന്ന ചടുല നീക്കങ്ങൾ ആദ്യമായി ലോക ശ്രദ്ധയാകർഷിച്ചത് നാസി തലവനായിരുന്ന അഡോൾഫ് എയ്ക്ക്മാനെ അർജന്റീനയിൽ നിന്നും പൊക്കിയെടുത്ത് ഇസ്രയേലിൽ കൊണ്ടുവന്നതോടെയാണ്. പിന്നീട്, ഇത്തരം അവിശ്വസനീയമായ സംഭവങ്ങളുടെ ഒരു പരമ്പര തന്നെ ഉണ്ടായി.
നാസി ഭീകരനെ ഇസ്രയേലിൽ എത്തിച്ച് വധശിക്ഷ വിധിച്ചു
നാസി ഭരണകാലത്തെ ഗ്യസ് ചേമ്പറുകൾ എന്നും കണ്ണുനീരിൽ കുതിർന്ന ഓർമ്മയാണ് യഹൂദർക്ക്. രണ്ടാം ലോകമഹായുദ്ധാനന്തരം ഒട്ടു മിക്ക നാസി പ്രമുഖരും കൊല്ലപ്പെടുകയോ തടവിലാക്കപ്പെടുകയോ ചെയ്തെങ്കിലും, ഹോളോകോസ്റ്റ് എന്നറിയപ്പെടുന്ന യഹൂദ കൂട്ടക്കൊലയിൽ പ്രധാന പങ്കുവഹിച്ച അഡോൾഫ് ഐക്ക്മാൻ മാത്രം രക്ഷപ്പെടുകയായിരുന്നു. അതി സാഹസികമായിട്ടായിരുന്നു ഇയാളെ പിടികൂടി ഇസ്രയേലിൽ എത്തിച്ചത്.
അർജന്റീനയിലെ ഒരു ഫാക്ടറിയിൽ നിന്നും ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഒരു തൊഴിലാളിയുടെ മുന്നിൽ 1960 മെയ് 11 ന് ഇസ്രയേലി ചാരസംഘടനയായ മൊസാദിലെ ഉദ്യോഗസ്ഥനായ പീറ്റർ മാല്ക്കിൻ പ്രത്യക്ഷപ്പെട്ടു. ഒരു നിമിഷം ഒന്നു നിൽക്കാമോ എന്ന പീറ്ററിന്റെ അഭ്യർത്ഥനയ്ക്ക് ചെവികൊടുക്കാതെ അയാൾ നടന്നുനീങ്ങിയപ്പോൾ പീറ്ററും മറ്റ് മൂന്നുപേരും കൂടി ഒരു മല്ലയുദ്ധത്തിലൂടെ അയാളെ കീഴടക്കി തങ്ങൾ വന്ന കാറിന്റെ പുറകിലെ സീറ്റിൽ കിടത്തി. കമ്പിളിപ്പുതപ്പുകൊണ്ട് പുതപ്പിച്ച് അവിടെനിന്നും അയാളെ അതി സാഹസികമായി ഇസ്രയേലിലേക്ക് കൊണ്ടുവന്നു.
സഖ്യകക്ഷികളുടേ അന്വേഷണത്തിൽ നിന്നും ഒഴിഞ്ഞുമാറി അർജന്റീനയിൽ താരതമ്യേന ഒരു സമാധാന ജീവിതം നയിക്കുകയായിരുന്ന അഡോൾഫ് ഐക്ക്മാൻ ആയിരുന്നു. അത്. ഇസ്രയേലിലെത്തിച്ച് വിചാരണ നടത്തി അയാൾക്ക് വധ ശിക്ഷ വാങ്ങികൊടുത്തപ്പോൾ മാത്രമാണ് അവരുടേ പ്രതികാര ദാഹം അടങ്ങിയത്.
ഓപ്പറേഷൻ എന്റബെ അഥവാ ഓപ്പറേഷൻ തണ്ടർബോൾട്ട്
1976 ജൂൺ 27 ന് ഇസ്രയേലിലേ ടെൽഅവീവിൽ നിന്നും പറന്നുയർന്ന വിമാനത്തിൽ ഗ്രീസിലെ ഏഥൻസിൽ നിന്നും കുറച്ചു യാത്രക്കാർ കൂടി കയറി. പിന്നീടുള്ള ലക്ഷ്യം പാരിസായിരുന്നു. എന്നാൽ പറന്നുയർന്ന് ഏതാനും നിമിഷങ്ങൾക്കുള്ളിൽ തന്നെ രണ്ട് ഫലസ്തീൻ തീവ്രവാദികളും റെവലൂഷണറി സെൽസ് എന്ന സംഘടനയിലെ അംഗങ്ങളായ രണ്ട് ജർമ്മൻകാരും ചേർന്ന് വിമാനം തട്ടിയെടുത്തു. ലിബിയയിലെ ബെൻഘാസിയിലേക്കാണ് വിമാനം തിരിച്ചു വിട്ടത്. അവിടെ നിന്നും ഇന്ധനം നിറച്ച വിമാനം പിന്നെ ഇറങ്ങിയത് ഉഗാണ്ടയിലെ എന്റബെ വിമാനത്താവളത്തിലായിരുന്നു.
ഉഗാണ്ട വിമാനത്താവളത്തിലെത്തിയ വിമാനത്തിൽ നിന്നും യാത്രക്കാരെ പഴയ വിമാനത്താവള ടെർമിനലിനടുത്തുള്ള ഒരു മുറിയിലേക്ക് മാറ്റി. പിന്നീട് ഇസ്രയേലികളല്ലാത്ത യാത്രക്കാരെയെല്ലാം പിന്നീട് മോചിപ്പിച്ചു. തങ്ങളുടെ പൗരന്മാരെ മോചിപ്പിക്കാൻ നയതന്ത്ര വഴിയിലൂടെയുള്ള ഇസ്രയേലിന്റെ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടപ്പോൾ അവർ മൊസാദിനെ രംഗത്തിറക്കുകയായിരുന്നു.
അതിസാഹസികമായി മൂന്ന് വിമാനങ്ങളിലായി എന്റബെ വിമാനത്താവളത്തിലെത്തിയ മൊസാദിന്റെ പോരാളികൾ തീവ്രവാദികളെ വധിച്ച് ബന്ധികളായി വച്ച യാത്രക്കാരെ മോചിപ്പിച്ചു. ഇപ്പോഴത്തെ ഇസ്രയേലി പ്രധാനമന്ത്രിയുടെ സഹോദരനായ യോനാഥൻ നേതന്യാഹു ആയിരുന്നു ഈ ഓപ്പറേഷന് നേതൃത്വം നൽകിയത്. എല്ലാം കഴിഞ്ഞ് യാത്രക്കാരെ വിമാനത്തിൽ കയറ്റി തിരികെ ഇസ്രയേലിൽ എത്തിക്കാൻ ശ്രമിക്കുന്നതിനിടയിൽ ഉഗാണ്ടൻ പട്ടാളത്തിന്റെ വെടിയേറ്റ് നേതന്യാഹു മരണമടഞ്ഞു.
രണ്ട് പതിറ്റാണ്ട് നീണ്ടുനിന്ന പ്രതികാരം
1977 ലെ മ്യുണിക് ഒളിമ്പിക്സിൽ പങ്കെടുക്കാൻ എത്തിയ 11 ഇസ്രയേലി കായികതാരങ്ങളെ ബന്ധിയാക്കി വധിച്ച ഫലസ്തീനിയൻ തീവ്രവാദികളോടെ ഇസ്രയേൽ പ്രതികാരം ചെയ്തത് ഇരുപത് വർഷംകൊണ്ടാണ്.തങ്ങളുടേ പ്രിയ കായികതാരങ്ങളുടെ കൊലപാതകത്തിൽ പങ്കുണ്ടായിരുന്ന ഓരോരുത്തരെയായി തേടിപ്പിടിച്ച് കൊല്ലുകയായിരുന്നു മൊസാദ്. ബ്ലാക്ക് സെപ്റ്റംബർ എന്ന പേരിൽ അറിയപ്പെടുന്ന മ്യുണിക് ദുരന്തത്തിന് പ്രത്യക്ഷമായും പരോക്ഷമായും ഉത്തരവാദികളയവരെ തിരഞ്ഞുപിടിച്ച് കൊല്ലുവാൻ അന്നത്തെ പ്രധാനമന്ത്രി ഗോൾഡ മെയർ അദ്ധ്യക്ഷത വഹിച്ച കമിറ്റിയായിരുന്നു മൊസാദിനെ ചുമതലപ്പെടുത്തിയത്.
ദൈവത്തിന്റെ കോപം എന്ന പേരിട്ട ഈ പദ്ധതി നടപ്പിലാക്കുവാൻ മൊസാദ് തുനിഞ്ഞിറങ്ങി. പി എൽ ഒ സംഘാടകനും, യാസർ അരാഫത്തിന്റെ ബന്ധുവുമായ വേയ്ൽ സ്വൈറ്റർ ആയിരുന്നു ഇതിൽ ആദ്യം കൊല്ലപ്പെട്ടത്. 1972 ൽ തന്നെ റോമിലെ ഒരു കെട്ടിടത്തിന്റെ ലോബിയിൽ വച്ച് അയാളെ വെടിവെച്ചുകൊന്നുകൊണ്ട് മൊസാദ് തങ്ങളുടെ ജോലി ആരംഭിച്ചു.
പാരിസിലെ പി എൽ ഒ പ്രതിനിധിയായ മൊഹമ്മദ് ഹംഷാരി ആയിരുന്നു അടുത്ത ലക്ഷ്യം. ഒരു ഇറ്റാലിയൻ പത്രപ്രവർത്തകനെന്ന വ്യാജേന ഒരു മൊസാദ് ഉദ്യോഗസ്ഥൻ ഇയാളുമായി ഒരു ടെലിഫോൺ അഭിമുഖത്തിനുള്ള സമയം നിശ്ചയിച്ചിരുന്നു. ഈ സമയത്തിന് മുൻപായി ഇയാളുടെ മുറിയിൽ ഒളിച്ചു കയറിയ ഒരു മൊസാദ് ഏജന്റ് ടെലിഫോണീൽ ബോംബ് വയ്ക്കുകയായിരുന്നു. ഹംഷാരി അഭിമുഖത്തിൽ പങ്കെടുത്ത് സ്വന്തം പേറ് പറഞ്ഞതോടെ റിമോട്ട് കൺട്രോളിൽ ആയിരുന്ന ബോംബ് പൊട്ടിത്തെറിച്ചു. അയാൾ ഉടൻ തന്നെ മരണപ്പെടുകയും ചെയ്തു.
അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ ഈ ലിസ്റ്റിൽ ഉണ്ടായിരുന്ന ബേസിൽ അൽ കുബൈസി, ഹുസൈൻ അബാദ് അൽ ഖിർ, സെയ്ദ് മുഷാസി, മൊഹമ്മദ് ബൗഡിയ തുടങ്ങിയവരും കൊല്ലപ്പെട്ടു. പിന്നീട് 1973-ൽബെയ്റൂട്ടിലെ പി എഫ് എൽ പി ആസ്ഥാനത്ത് ഇസ്രയേലി കമാൻഡോകൾ പാരച്യുട്ടിൽ ഇറങ്ങി നടത്തിയ ആക്രമണത്തിൽ മുഹമ്മദ് യൂസഫ് അൽ നജ്ജാർ, കമാൽ അദ്വാൻ, കമാൽ നാസർ എന്നിവരും കൊല്ലപ്പെട്ടു. എന്നാൽ, അതേ വർഷം തങ്ങളുടെ ഇരയാണെന്ന് തെറ്റിദ്ധരിച്ച്നോർവേയിൽ വച്ച് നിരപരാധിയായ ഒരു ഹോട്ടൽ ജീവനക്കാരനെ കൊന്നത് മൊസാദിന് തീരാകളങ്കമായി.
പിന്നീട് 1979 ലും 1982 ലും 1986 ലും വിവിധ സ്ഥലങ്ങളിൽ വച്ച് തങ്ങളുടെ ഇരകളെ ഓരോരുത്തരെയായി മൊസാദ് വകവരുത്തി. 1988 ഫെബ്രുവരി 14 ന് സൈപ്രസ്സിൽ വച്ച് അബു അൽ ഹസ്സനും വധിക്കപ്പെട്ടു. എന്നാൽ ബ്ലാക്ക് സെപ്റ്റംബറിന് നേതൃത്വം നൽകിയ അലി ഹസ്സൻ സലാമെ അപ്പോഴും പിടികൊടുക്കാതെ നടക്കുകയായിരുനു. 1992 ൽ പിൻ എൽ ഒ യുടെ രഹസ്യാന്വേഷണ വിഭാഗം തലവനായ അറ്റേഫ് ബസേസിയോവിനെ പാരിസിൽ വച്ച് വെടിവച്ചു വീഴ്ത്തിയതോടെയാണ് രണ്ട് പതിറ്റാണ്ട് നീണ്ടുനിന്ന പ്രതികാരം മൊസാദ് അവസാനിപ്പിച്ചത്.
നേരിട്ടുള്ള പോരാട്ടത്തിലൂടെയല്ലാതെ തന്നെ പലയിടങ്ങളിലും മൊസാദ് എതിരാളികളെ ഇല്ലാതെയാക്കിയിട്ടുണ്ട്. വിഷം കൊടുത്തും ഫോണിൽ ബോംബുവച്ചുമെല്ലാം എതിരാളീകളെ ഇല്ലാതെയാക്കുന്ന മൊസാദ് പക്ഷെ ഒരിക്കലും കുറ്റം തങ്ങളിലേക്ക് നീളുന്ന തെളിവുകൾ അവശേഷിപ്പിക്കാറില്ല. നേരിട്ടുള്ള ഏറ്റുമുട്ടലുകളിലും പലപ്പോഴും അക്രമികൾ സംഭവ സ്ഥലത്തുനിന്നും ഞൊടിയിടയിൽ രക്ഷപ്പെടുകയും ചെയ്യും. ഇറാനിൽ ആണവ ശാസ്ത്രജ്ഞനെ വധിച്ച ശേഷം അക്രമികളെ കണ്ടുപിടിക്കാനായില്ലെന്നതും ശ്രദ്ധേയമാണ്.
മറുനാടന് മലയാളി ബ്യൂറോ