ഡബ്ലിൻ: അയർലണ്ടിലെ ബാലന്റീറിലെ വസതിയിൽ ഇന്ത്യക്കാരിയും രണ്ട് മക്കളും ദുരൂഹ സാഹചര്യത്തിൽ മരിച്ച നിയിൽ കണ്ടെത്തി. ബെംഗളൂരുവിൽനിന്നുള്ള സീമ ബാനു (37), മകൾ അസ്ഫിറ റിസ (11), മകൻ ഫൈസാൻ സയീദ് (6) എന്നിവരാണു മരിച്ചത്. ഇവരുടേതുകൊലപാതകമാണോ ആത്മഹത്യയാണോ എന്ന കാര്യത്തിൽ സംശയം ഉണ്ടായിട്ടുണ്ട്. അതിനായി വിശദമായ അന്വേഷണമാണ് പൊലീസ് നടത്തുന്നത്.

ഇവർ കൊല്ലപ്പെട്ടതാണെന്നു സംശയമുണ്ടെങ്കിലും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കിട്ടിയശേഷമേ വ്യക്തത വരൂ എന്നാണ് അധികൃതരുടെ നിലപാട്. കൊലപാതകമെന്നാണു പ്രാഥമിക നിഗമനമെന്നും പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായിട്ടില്ലെന്നും ഉടൻ റിപ്പോർട്ട് കിട്ടുമെന്നും അയർലൻഡ് പൊലീസായ ഗാർഡ വൃത്തങ്ങൾ സൂചിപ്പിച്ചു. കുടുംബ പ്രശ്‌നങ്ങളാണ് മരണത്തിന് പിന്നിലെന്ന സൂചനയും പുറത്തുവരുന്നുണ്ട്.

'ദുരൂഹം' എന്ന വിഭാഗത്തിലാണു മൂന്നു പേരുടെയും മരണത്തെ പൊലീസ് ഉൾപ്പെടുത്തിയിരിക്കുന്നത്. സീമയ്ക്കു ഭർത്താവിൽനിന്നു ക്രൂരമായ പീഡനമാണ് അനുഭവിക്കേണ്ടി വന്നതെന്ന് ആരോപണമുണ്ട്. ദിവസങ്ങൾക്കു മുൻപു നടന്ന മരണം ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ഗാർഡ് അറിയുന്നത്. ഏതാനും മാസങ്ങൾക്കു മുൻപാണു സീമയും കുട്ടികളും ഇവിടെ താമസമാക്കിയത്.

ബാലിന്റീർ എജ്യുക്കേറ്റ് ടുഗെദർ നാഷനൽ സ്‌കൂളിലാണു കുട്ടികളെ ചേർത്തിരുന്നത്. ഏതാനും ദിവസമായി വീട്ടുകാരുടെ ശബ്ദമൊന്നും കേൾക്കാതിരുന്ന അയൽക്കാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. കുട്ടികളുടെയും സീമയുടെയും മൃതദേഹങ്ങൾ വെവ്വേറെ മുറികളിലാണു കിടന്നിരുന്നത്. ഭർത്താവാണോ മറ്റാരെങ്കിലുമാണോ കൃത്യം ചെയ്തതെന്ന് അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.

സംഭവത്തെ കൂറിച്ച് വിവരം നൽകാൻ താൽപ്പര്യമുള്ളവർ മുന്നോട്ടു വരണമെന്ന് പൊലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്. ഇന്ത്യൻ എംബസിയും സംഭവത്തെ കുറിച്ചു തിരക്കിയിട്ടുണ്ട്. ബംഗളുരുവിലുള്ള കുടുംബത്തെയും കൃത്യത്തെ കുറിച്ച് അറിയിച്ചിട്ടുണ്ട്. ഇന്ത്യൻ കുടുംബത്തിനുണ്ടായ ദാരുണ സംഭവത്തിന്റെ ഞെട്ടലിലാണ് കുടുംബം.