- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'നേരം വെളുക്കുന്നത് സത്യയുഗത്തിലേക്ക്; അപ്പോൾ മക്കൾ പുനർജനിക്കും'; രണ്ടു പെൺമക്കളെയും ക്രൂരമായി കൊലപ്പെടുത്തി പട്ടിൽ പൊതിഞ്ഞുവെച്ചത് പെറ്റമ്മ തന്നെ; എല്ലാത്തിനും കൂട്ടായി നിന്നത് ഭർത്താവും; അന്ധവിശ്വാസം മൂലം യുവതികളെ കൊലപ്പെടുത്തിയത് അദ്ധ്യാപക ദമ്പതികൾ
ചിറ്റൂർ: രണ്ടു പെൺമക്കളെ മാതാപിതാക്കൾ ക്രൂരമായി കൊലപ്പെടുത്തിയത് മക്കൾ പുനർജനിക്കുമെന്ന മന്ത്രവാദിയുടെ വാക്ക് വിശ്വസിച്ച്.ആന്ധ്രാപ്രദേശിലെ ചിറ്റൂരിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച സംഭവം ഉണ്ടായിരിക്കുന്നത്. ഇരുപത്തിയേഴും ഇരുപത്തിരണ്ടും വയസുള്ള പെൺമക്കളെയാണ് കോളജ് പ്രഫസറായ പുരുഷോത്തം നായിഡുവും സ്കൂൾ പ്രിൻസിപ്പലായ പത്മജയും ചേർന്ന് കൊലപ്പെടുത്തിയത്. 27കാരിയായ അലേഖ്യയും 22 വയസുള്ള സായി ദിവ്യയുമാണ് കൊല്ലപ്പെട്ടത്. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി അയച്ച പൊലീസ് ദമ്പതികളെ കസ്റ്റഡിയിലെടുത്തു.
ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിലെ മദനപ്പള്ളെയിൽ ഞായറാഴ്ച രാത്രിയാണ് ദമ്പതികൾ പെൺമക്കളെ കൊലപ്പെടുത്തിയത്. പത്മജ തന്റെ രണ്ട് പെൺമക്കളെ ഡംബെൽ ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മക്കൾ പുനർജനിക്കുമെന്ന് ഒരു മന്ത്രവാദി പറഞ്ഞതായി മാതാപിതാക്കൾ പൊലീസിനോടു വെളിപ്പെടുത്തി. സംഭവത്തെക്കുറിച്ച് അന്വേഷിച്ചപ്പോൾ, സൂര്യോദയത്തിനുശേഷം അവരുടെ പെൺമക്കൾ വീണ്ടും ജീവനോടെ വരുമെന്നായിരുന്നു പ്രതികരണം. ഞയറാഴ്ച്ച രാത്രിയോടെ "കലിയുഗം" അവസാനിക്കുമെന്നും തിങ്കളാഴ്ച മുതൽ "സത്യയുഗം" ആരംഭിക്കുമെന്നും അപ്പോൾ മക്കൾ പുനർജനിക്കുമെന്നും ആയിരുന്നു ഇവരുടെ വിശ്വാസം.
ഞായറാഴ്ച രാത്രി വീട്ടിൽ നിന്ന് വിചിത്ര ശബ്ദങ്ങൾ ഉണ്ടായത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് പൊലീസിൽ വിവരമറിയിച്ചത്. പൊലീസ് വീട്ടിലെത്തിയപ്പോൾ ചുവന്ന തുണിയിൽ പൊതിഞ്ഞ പെൺകുട്ടികളുടെ മൃതദേഹമാണ് പൂജാ മുറിയിൽ കണ്ടെത്തിയത്. പൊലീസ് വീട്ടിൽ പ്രവേശിക്കാൻ ശ്രമിച്ചപ്പോൾ ദമ്പതികൾ എതിർത്തു. ഒടുവിൽ ബലം പ്രയോഗിച്ച് അകത്തു കടന്ന പൊലീസ് കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ചയായിരുന്നു. പെൺകുട്ടികളിൽ ഒരാളുടെ മൃതദേഹം പൂജാ മുറിയിൽ നിന്നും മറ്റൊരു മൃതദേഹം മറ്റൊരു മുറിയിൽ നിന്നും കണ്ടെത്തി. മൃതദേഹങ്ങൾ ചുവന്ന പട്ടിൽ പൊതിഞ്ഞിരുന്നു.
മൂത്തമകൾ അലേഖ്യ ഭോപ്പാലിൽ നിന്ന് ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയിട്ടുണ്ട്. ബിബിഎ വിദ്യാർത്ഥിനിയാണ് സായി ദിവ്യ. മുംബൈയിലെ എആർ റഹ്മാൻ മ്യസിക് സ്കൂളിലും സായി ദിവ്യ പഠിച്ചിട്ടുണ്ട്. ലോക്ക്ഡൗൺ നാളിലാണ് ഇരുവരും വീട്ടിലേക്ക് മടങ്ങിയെത്തിയത്. ലോക്ക്ഡൗൺ തുടങ്ങിയപ്പോൾ മുതൽ ഇരുവരുടെയും പെരുമാറ്റത്തിൽ അസ്വാഭാവികത ഉണ്ടായിരുന്നെന്ന് നാട്ടുകാർ ആരോപിച്ചു.
മറുനാടന് മലയാളി ബ്യൂറോ