- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ദാദ്ര ആൻഡ് നഗർ ഹവേലി എംപി മോഹൻ ദെൽക്കറെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം; വിവാദത്തിലേക്ക് വഴിവെച്ച് മുതിർന്ന രാഷ്ട്രീയ പ്രവർത്തകനെ ഉൾപ്പെട പരാമർശിക്കുന്ന ആത്മഹത്യക്കുറിപ്പ്
മുംബൈ: കേന്ദ്രഭരണപ്രദേശമായി ദാദ്ര ആൻഡ് നഗർ ഹവേലിയിൽ നിന്നുള്ള എംപി മോഹൻ ദെൽക്കർ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് മുംബൈ മറൈൻ ഡ്രൈവിലെ ഹോട്ടൽ സീ ഗ്രീൻ സൗത്ത് ഹോട്ടലിലെ മുറിയിൽ അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. ഫാനിൽ തൂങ്ങിയ നിലയിൽ ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് മൃതദേഹം കണ്ടെത്തിയതെന്നാണ് പൊലീസ് പറയുന്നത്. ഗുജറാത്തിയിലെഴുതിയ നാല് പേജുള്ള ആത്മഹത്യാ കുറിപ്പും ഇവിടെ നിന്ന് കണ്ടെടുത്തിട്ടുണ്ട്.
ഒരു മുതിർന്ന രാഷ്ട്രീയ പ്രവർത്തകൻ ഉൾപ്പെടെ ചില ആളുകളെ പരാമർശിച്ചു കൊണ്ടുള്ളതാണ് ഈ കുറിപ്പെന്നാണ് പ്രാഥമികമായി പുറത്തു വരുന്ന വിവരങ്ങൾ.പൊലീസ് പറയുന്നതനുസരിച്ച് ഞായറാഴ്ച രാത്രിയാണ് ഇദ്ദേഹം ഹോട്ടലിൽ ചെക്ക് ഇൻ ചെയ്തത്. അടുത്ത മുറിയിൽ തന്നെയുണ്ടായിരുന്ന ഡ്രൈവർ കഴിഞ്ഞ ദിവസം വാതിലിൽ മുട്ടിയെങ്കിലും പ്രതികരണമുണ്ടായില്ല. തുടർന്ന് ഹോട്ടൽ ജീവനക്കാരെ വിവരം അറിയിച്ചു. അതിനുശേഷം മുറിയുടെ മറ്റൊരു ഭാഗത്തൂടെ അകത്ത് പ്രവേശിച്ചപ്പോഴാണ് എംപിയെ തൂങ്ങിയ നിലയിൽ കണ്ടത്. പിന്നാലെ തന്നെ ഹോട്ടൽ ജീവനക്കാർ പൊലീസിനെ വിവരം അറിയിച്ചു.ജെജെ
ആശുപത്രിയിലേക്കെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.
സംഭവത്തിൽ അപകടമരണത്തിന് കേസ് രജിസ്റ്റർ ചെയ്ത പൊലീസ് അന്വേഷണവും നടത്തുന്നുണ്ട്. സാധാരണയായി മുംബൈയിലെത്തിയാൽ സ്വന്തം ഫ്ളാറ്റിൽ തന്നെ കഴിയുന്ന ദെൽക്കർ ഇതാദ്യമായാണ് താമസത്തിനായി ഹോട്ടൽ തെരഞ്ഞെടുത്തതെന്നാണ് ബന്ധുക്കൾ പറയുന്നത്. ദെൽക്കറിന്റെ ഡ്രൈവറുടെയും ബോഡി ഗാർഡിന്റെയും മൊഴികൾ പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഫോറൻസിക് സംഘവും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. ദെൽക്കർ ഒരു എംപി ആയായതിനാൽ അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് പാർലമെന്റിൽ സമർപ്പിക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.
മുൻ കോൺഗ്രസ് സാമാജികനായിരുന്ന ദെൽക്കർ, നിലവിൽ ദാദ്ര ആൻഡ് നഗർ ഹവേലിയിൽ സ്വതന്ത്ര്യ എംപിയാണ്. 1989-2009 കാലഘട്ടത്തിൽ തുടർച്ചയായി ആറ് തിരഞ്ഞെടുപ്പുകളിൽ വിജയിച്ച ദെൽക്കർ, 2009, 2014 ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ സീറ്റ് നിലനിർത്തുന്നതിൽ പരാജയപ്പെട്ടു.പിന്നീട് 17-ാമത് ലോക്സഭയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച് ജയിച്ചു. 1989, 1991, 1996 തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായും 1998 ലെ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായും അദ്ദേഹം വിജയിച്ചു. വീണ്ടും കോൺഗ്രസിൽ ചേർന്നെങ്കിലും 2009 ലും 2014 ലും പരാജയപ്പെട്ടു.