കൊച്ചി: കേരളത്തിലെ അടിമാലിയിൽ നിന്നും ആരംഭിച്ചു അന്താരാഷ്ട്ര വിപണിയിൽ അടക്കം ശ്രദ്ധിക്കപ്പെടുന്ന ബ്രാൻഡായി വളർന്ന സ്ഥാപനമാണ് എം ഇ മീരാൻ തുടങ്ങിവെച്ച ഈസ്റ്റേൺ ഗ്രൂപ്പ്. കറിപ്പൗഡർ വിപണന രംഗത്ത് കേരളത്തിലെ ഏറ്റവും വലിയ ബ്രാൻഡായി ഈസ്റ്റേൺ മാറിയത് ആരെയും അത്ഭുതപ്പെടുത്തുന്ന വിധത്തിലായിരുന്നു. മലയാളിയുടെ മനസ്സറിയുന്ന രുചിക്കൂട്ടുകൾ തയ്യാറാക്കി കൊണ്ടാണ് ഈസ്റ്റേൺ ഗ്രൂപ്പ് വിപണി പിടിച്ചത്. ഗൾഫ് നാടുകളിൽ അടക്കം വലിയ വിപണിയുള്ള ഈസ്റ്റേൺ ഗ്രൂപ്പ് വീണ്ടും ശ്രദ്ധ നേടുന്നത് നോർവീജിയൻ കമ്പനി ഓഹരി ഏറ്റെടുത്തതോടെയാണ്.

ഈസ്‌റ്റേൺ ഗ്രൂപ്പിന്റെ 67.8 ശതമാനം ഓഹരികളാണ് ഇനി എംറ്റിആർ എന്ന കമ്പനി വഴി നോർവീജിയൻ കമ്പനിയായ ഓർക്കല സ്വന്തമാക്കിയത്. ഈസ്റ്റേൺ ഗ്രൂപ്പിനെ ബഹുരാഷ്ട്ര കമ്പനിയായ ഓർക്കല സ്വന്തമാക്കിയത് 1356 കോടി രൂപക്കാണ്. നോർവെ ആസ്ഥാനമായുള്ള ഓർക്കലെയുടെ ഇന്ത്യൻ ഉപകമ്പനിയായ എംറ്റിആർ ഫുഡ്സ് പ്രൈവറ്റ് ലിമിറ്റഡ് മുഖേനെയാണ് ഏറ്റെടുക്കൽ നടന്നിട്ടുള്ളത്. ഇതോടെ ഇന്ത്യൻ സുഗന്ധവ്യഞ്ജന, ഭക്ഷ്യ മേഖലയിൽ വിദേശ കമ്പനികളുടെ ആധിപത്യവും കൂടിവരികയാണ്. ഈ രംഗത്തെ വിപണന സാധ്യത മുന്നിൽ കണ്ടാണ് എംറ്റിആർ ഈസ്റ്റേൺ ഗ്രൂപ്പിനെ ഏറ്റെടുത്തിരിക്കുന്നത്.

നിലവിൽ ഈസ്റ്റേണിൽ 74 ശതമാനം ഓഹരി പങ്കാളിത്തം മീരാൻ കുടുംബത്തിനും 26 ശതമാനം ഓഹരികൾ മക്കോർമിക്കിനുമാണ്. ഓഹരി വിൽപ്പന പൂർത്തിയാകുന്നതോടെ എംടിആറിന്റെ കൈവശമാകും ഈസ്റ്റേണിന്റെ 67.8 ശതമാനം ഓഹരികൾ. ഇതോടെ ഈസ്റ്റേൺ കോണ്ടിമെന്റ്സിന്റെ നിയന്ത്രണം എംടിആറിനാകും. ഏറ്റെടുക്കൽ പ്രക്രിയ പൂർത്തിയാകുന്നതോടെ ഒർക്ക്ലയുടെ ഇന്ത്യൻ വിപണിയിലെ വിൽപ്പന ഇരട്ടിയാകുമെന്ന് എംടിആർ ഫുഡ്സിന്റെ പത്രക്കുറിപ്പിൽ പറയുന്നു. ഓഹരി കൈമാറ്റപ്രക്രിയ പൂർത്തിയാകുന്നതോടെ ഈസ്റ്റേൺ കോണ്ടിമെന്റ്സും ഒർക്ക്ലയുടെയും സംയുക്ത നിയന്ത്രണത്തിലുള്ള കമ്പനി നിലവിൽ വരും. ഇതിൽ ഏകദേശം പത്തുശതമാനം ഓഹരികളാകും ഇപ്പോൾ ഈസ്റ്റേൺ സാരഥികളായ ഫിറോസ് മീരാനും നവാസ് മീരാനും ഉണ്ടാവുക.

അടിമാലി സ്വദേശിയായ എം.ഇ മീരാൻ 1983-ൽ ആരംഭിച്ച ഈസ്റ്റേൺ കോണ്ടിമെന്റ്സിന്റെ ആസ്ഥാനം ഇപ്പോൾ കൊച്ചിയാണ്. ഏറ്റെടുക്കൽ കരാർ അനുസരിച്ച് ഈസ്റ്റേണിന്റെ മൂല്യം കണക്കാക്കിയിരിക്കുന്നത് ആസ്തി ബാധ്യതകളില്ലാതെ 2000 കോടി രൂപ എന്നാണ്. ഇതിന്റെ 67.8 ശതമാനം ഓഹരികളാണ് ഇനി എംറ്റിആർ വഴി നോർവീജിയൻ കമ്പനിയായ ഓർക്കലയുടെ പക്കലെത്തുന്നത്. കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ അനുമതിക്ക് അനുസരിച്ചായിരിക്കും കരാർ പൂർണമാവുക.

മീരാൻ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഈസ്റ്റേൺ കമ്പനിയുടെ 41.8 ശതമാനവും അമേരിക്കൻ കമ്പനിയായ മക്കോർമിക്ക് ഇൻഗ്രേഡിയൻസ് എസ്ഇ ഏഷ്യാ പിറ്റിഇയുടെ 26 ശതമാനവും ചേർത്താണ് 67.8 ശതമാനം ഓഹരി എംറ്റിആറിലെത്തുക. ഏറ്റെടുക്കലിനെ തുടർന്ന് എംറ്റിആറിന് 90.1 ശതമാനവും മീരാന്റെ മക്കളും നിലവിൽ കമ്പനിയെ നയിക്കുന്ന സഹോദരങ്ങളായ ഫിറോസ് മീരാനും നവാസ് മീരാനും 9.99 ശതമാനം ഓഹരിയുമുള്ള പുതിയ കമ്പനി രൂപീകരിക്കും.

1924-ൽ സ്ഥാപിതമായ എംറ്റിആറിന് ഇപ്പോൾ ബംഗളുരുവിലും പൂണെയിലുമാണ് ഉത്പാദന കേന്ദ്രങ്ങളുള്ളത്. 2007-ൽ എംറ്റിആറിനെ ഏറ്റെടുത്തപ്പോൾ മുതൽ ഓർക്കല ഇന്ത്യൻ വിപണിയിലെ ശക്തമായ സാന്നിധ്യമാണ്. റെഡി-ടു-ഈറ്റ് ഭക്ഷണങ്ങൾ, സുഗന്ധ വ്യഞ്ജനങ്ങൾ, മസാലകൾ എന്നിവയിലൊക്കെ എംറ്റിആറിന് ഇന്ന് ശക്തമായ വിപണി സാന്നിധ്യമുണ്ട്. ഈസ്റ്റേണിനെ കൂടി ഏറ്റെടുത്തതോടെ ഇന്ത്യൻ വിപണിയിൽ തങ്ങളുടെ വിൽപ്പന ഇരട്ടിയാകുമെന്നാണ് ഓർക്കല അവകാശപ്പെടുന്നത്. 'ഇന്ന് പ്രഖ്യാപിക്കപ്പെട്ട പുതിയ കരാറോടെ ഓർക്കല ഇന്ത്യൻ ഭക്ഷ്യവിപണിയിലെ മുൻനിര സാന്നിധ്യങ്ങളിലൊന്നായി മാറും. അതോടൊപ്പം സുഗന്ധവ്യഞ്ജന വിപണിയിലും കൂടുതൽ വളരാനുള്ള അവസരമാണ് തുറന്നുവന്നിരിക്കുന്നത്', കമ്പനി പത്രക്കുറിപ്പിൽ വ്യക്തമാക്കി.

ഇന്ത്യയിലെ സുഗന്ധവ്യഞ്ജന, ഭക്ഷ്യ വിപണിയിൽ ഏറ്റവുമധികം സ്വാധീനമുള്ളത് ഈസ്റ്റേൺ പോലുള്ള പ്രാദേശിക വ്യവസായിക ഗ്രൂപ്പുകൾക്കായിരുന്നു. ബൃഹത്തായ രാജ്യത്തിന്റെ ഓരോ ഭാഗത്തും വ്യത്യസ്തമായ ഭക്ഷണ സംസ്‌കാരങ്ങൾ നിലനിൽക്കുന്നു എന്നതാണ് ഇതിൽ പ്രധാനം. പക്ഷേ, ഏതാനും ദശകങ്ങളായുള്ള ഇന്ത്യൻ മധ്യവർഗത്തിന്റെ ഉയർച്ചയോടെ ഇത്തരത്തിൽ ചെറുകിട ബ്രാൻഡുകളും വീടുകളും സംഘടനകളും കേന്ദ്രീകരിച്ചുള്ള ഭക്ഷ്യ ഉത്പാദന സംസ്‌കാരത്തിൽ നിന്നും വമ്പൻ ബ്രാൻഡുകളെയും മറ്റും ആശ്രയിക്കുന്ന ഉപഭോക്താക്കൾ കൂടി വന്നു. ഇന്ത്യയിലെ ബ്രാൻഡഡ് ഭക്ഷ്യ, സുഗന്ധ വ്യഞ്ജന വിപണി രണ്ടക്ക ശതമാനക്കണക്കിലാണ് വളരുന്നതെന്ന് എംറ്റിആർ സിഇഒ സഞ്ജയ് ശർമ പറയുന്നു. നാഗരിക ജീവിതവും വാങ്ങൽശേഷി കൂടിയതും നിമിത്തം വലിയ തോതിലുള്ള ഉപഭോക്തൃ ആവശ്യമാണ് ഇത്തരം ഉത്പന്നങ്ങളുടെ കാര്യത്തിൽ ഉണ്ടാവുകയെന്നും അദ്ദേഹം പറയുന്നു.

അതിനൊപ്പം തന്നെയാണ് ചെറുകിട ബ്രാൻഡുകളെ വമ്പന്മാർ വിഴുങ്ങുന്ന കാഴ്ചയും. 2020 ആദ്യമാണ് കിഴക്കൻ ഇന്ത്യയിലെ സുഗന്ധവ്യഞ്ജന മേഖലയിൽ ഏറ്റവും വലിയ സാന്നിധ്യമായിരുന്ന സൺറൈസ് ഫുഡ്സ് പ്രൈവറ്റിനെ ഇന്ത്യയിലെ വമ്പനായ ഐറ്റിസി ഏറ്റെടുത്തത്. ഒരുവിധപ്പെട്ട ഉത്പന്നങ്ങളൊക്കെ വിൽക്കുന്ന ടാറ്റ കൺസ്യൂമർ പ്രോഡക്ട്സ് തങ്ങളുടെ സമ്പന്ന് ബ്രാൻഡിന്റെ കീഴിൽ സുഗന്ധവ്യഞ്ജനങ്ങൾ വിൽക്കുന്നുമുണ്ട്.

ഭക്ഷ്യ, സുഗന്ധവ്യഞ്ജന മേഖലകൾക്ക് പുറമേ റബർ റീട്രേഡിങ്, കിടക്ക നിർമ്മാണം, റെഡിമെയ്ഡ് ഗാർമെന്റ്സ് എന്നിവയാണ് ഈസ്റ്റേൺ ഗ്രൂപ്പിനു കീഴിലുള്ള മറ്റ് വ്യവസായങ്ങൾ. ബിഎഎംസ് കോണ്ടിമെന്റ്സ് ഇംപെക്ടസ് പ്രൈവറ്റ് ലിമിറ്റഡ്, ഈസ്റ്റേൺ ഫുഡ് സ്പെഷ്യാലിറ്റി ഫോർമുലേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ ഈസ്റ്റേൺ ഗ്രൂപ്പിന്റെ ഉപസ്ഥാപനങ്ങളാണ്.

ഈസ്റ്റേണിന്റെ മാതൃകയിൽ സുഗന്ധവ്യഞ്ജനങ്ങൾ, മസാലകൾ, അച്ചാറുകൾ, മധുരം, ശീതളപാനീയങ്ങൾ റെഡി-ടു-ഈറ്റ് ഭക്ഷണങ്ങൾ, ദേശ-ഇഡ്ഡലി മിക്സ് ഉൾപ്പെടെയുള്ളവയൊക്കെ ഉത്പാദിപ്പിക്കുന്ന കമ്പനിയാണ്, ഉത്തരരേന്ത്യൻ വിപണിയിലും നിർണായക സ്വാധീനമുള്ള എം ടി.ആർ. 1924-ൽ കർണാടകത്തിൽ ആരംഭിച്ച വൻ കമ്പനിയാണ് മാവള്ളി ടിഫിൻ റൂം എന്ന എം.റ്റി.ആർ. 2007-ൽ നോർവീജിയൻ കമ്പനി ഓർക്കല ഭൂരിഭാഗം ഓഹരികൾ ഏറ്റെടുക്കുകയായിരുന്നു. കേരളത്തിലെ സുഗന്ധവ്യഞ്ജന, മസാല വിപണിയിലെ 70 ശതമാനത്തോളം ഇപ്പോൾ ഈസ്റ്റേണിന്റെ അധീനതയിലാണ്. ഇതിനു പുറമേ ഗൾഫ് രാജ്യങ്ങളിലേക്കും അവർ ഉത്പന്നങ്ങൾ കയറ്റിയയ്ക്കുന്നു.