- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സുധാകരനിസം മുടക്കോഴി മലയിലേക്കും; പാർട്ടി ഗ്രാമമായ മുടക്കോഴി മലയുടെ താഴ്വാരത്ത് കോൺഗ്രസ് യൂനിറ്റ് കമ്മിറ്റി രൂപീകരിക്കാൻ നേതാക്കളെത്തി; കോൺഗ്രസുകാർ എത്തിയത് ആകാശ് തില്ലങ്കേരിയുടെ വീടിന് ഏതാനം കിലോമീറ്ററുകൾ അകലെ; അസഭ്യം വിളിച്ചു തടഞ്ഞു സംഘർഷമുണ്ടാക്കി സിപിഎം പ്രവർത്തകർ
കണ്ണൂർ: മുടക്കോഴി മലയുടെ താഴ്വാരമായ ഗുണ്ഡികയിൽ കോൺഗ്രസ് യൂനിറ്റ് കമ്മിറ്റി രൂപീകരിക്കുന്നത് സിപിഎം പ്രവർത്തകർ സംഘടിതരായി തടഞ്ഞു. ഇതേ തുടർന്ന് കോൺഗ്രസ് നേതാക്കളും സിപിഎം പ്രവർത്തകരും തമ്മിൽ വാക്കേറ്റവും സംഘർഷമുണ്ടായി. ഒടുവിൽ മുഴക്കുന്ന് പൊലിസെത്തിയെങ്കിലും കോൺഗ്രസ് പതാക ഉയർത്താൻ അനുവദിക്കില്ലെന്ന സിപിഎം പ്രവർത്തകരുടെ പിടിവാശിക്കു മുൻപിൽ വഴങ്ങുകയായിരുന്നു.
ഒടുവിൽ പൊലിസ് ആവശ്യപ്രകാരം കോൺഗ്രസ് യൂനിറ്റ് കമ്മിറ്റി രൂപീകരിക്കാനാവാതെ കോൺഗ്രസ് നേതാക്കൾ മടങ്ങുകയായിരുന്നു. ആകാശ് തില്ലങ്കേരിയുടെ വീടു സ്ഥിതി ചെയ്യുന്ന തില്ലങ്കേരിക്കടുത്തു നിന്നും ഏതാനും കിലോമീറ്റർ മാത്രംദൂരമുള്ള മുഴക്കുന്ന് ഗുണ്ഡികയെന്ന സ്ഥലത്ത് കോൺഗ്രസ് യുനിറ്റ് രൂപീകരിക്കാനെത്തിയവരെ അസഭ്യവർഷം കൊണ്ടാണ് സിപിഎം പ്രവർത്തകർ എതിരേറ്റത്.
ഞായറാഴ്ച്ച രാവിലെ പതിനൊന്നു മണിയോടെയാണ് സംഭവം. ഇവിടെ നിന്നും ഏതാനും കിലോമീറ്റർ ദൂരെ മാത്രമേ ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളായ കൊടി സുനിയും കൂട്ടരും ഒളിവിൽ പാർത്തിരുന്ന രഹസ്യ കേന്ദ്രമായ മുടക്കോഴി മലയിലേക്കുള്ളു
സിപിഎം പാർട്ടി ഗ്രാമമായ മുഴക്കുന്ന് ഗുണ്ഡികയെന്ന പ്രദേശത്ത് കെ.സുധാകരന്റെ ആഹ്വാന പ്രകാരം കോൺഗ്രസ് യുനിറ്റ് കമ്മിറ്റി രൂപീകരിക്കാൻ നേതാക്കളെത്തിയപ്പോഴാണ് ഇരുപതോളം സി പി എം പ്രവർത്തകർ തടഞ്ഞത്.
മുഴക്കുന്ന് മണ്ഡലത്തിലെ കോൺഗ്രസ് യൂണിറ്റ് കമ്മിറ്റി രൂപീകരണ യോഗം ഗുണ്ഡികയിലെ പ്രാദേശിക നേതാവിന്റെ വീട്ടിലാണ് നടത്താൻ നിശ്ചയിച്ചിരുന്നത്. മുഴക്കുന്ന് സി യു സി രൂപീകരിക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞാണ് ഇരുപതോളം വരുന്ന സി പി എം പ്രവർത്തകർ യോഗം തടഞ്ഞത്. യോഗത്തിന് എത്തിയ ഡി.സി.സി സംഘടനാ ചുമതലയുള്ള കെ.സി മുഹമ്മദ് ഫൈസലടക്കമുള്ള നേതാക്കളെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തതായി പരാതിയുണ്ട്.
യോഗത്തിന് എത്തിയ സ്ത്രീകളെ സി പി എം പ്രവർത്തകർ അസഭ്യം പറഞ്ഞതായും കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. സംഘർഷ സമയത്ത് പൊലിസ് അവിടെയുണ്ടായിരുന്നുവെങ്കിലും നടപടിയെടുത്തില്ലെന്ന പരാതിയുണ്ട്. മണിക്കൂറുകളോളമാണ് സിപിഎം-കോൺഗ്രസ് പ്രവർത്തകർ തമ്മിൽ ഇവിടെ സംഘർഷമുണ്ടായത്. എന്നാൽ, സിപിഎം നടപടിക്കെതിരെ കോൺഗ്രസുകാർ രംഗത്തുവന്നു. സംഘടനാ സ്വാതന്ത്ര്യം അനുവദിക്കാത്ത സിപിഎം നടപടി അംഗീകരിക്കാൻ സാധിക്കുന്നതല്ലെന്നാണ് കോൺഗ്രസിന്റെ നിലപാട്. കോൺഗ്രസിന്റെ സംഘടനാ പ്രവർത്തം വീണ്ടും ഇവിടെ തുടങ്ങാൻ തന്നെയാണ് തീരുമാനം.
മറുനാടന് മലയാളി ബ്യൂറോ