- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തോമസ് ഐസകിന്റെ പദ്ധതിയോട് ബാലഗോപാലിന് താൽപ്പര്യക്കുറവ്; കിഫ്ബിയുടെ ചുമതല ചുളുവിൽ പൊതുമരാമത്ത് മന്ത്രിയിലേക്ക്; സർക്കാരിലെ വലിയ അധികാര കേന്ദ്രമായി റിയാസ് മാറും; ഇനി എല്ലാ മാസവും മന്ത്രിയുടെ യോഗവും; ഗണേശിന്റെ വിമർശനത്തിൽ കോളടിക്കുന്നത് ആർക്ക്?
തിരുവനന്തപുരം: കിഫ്ബിയിൽ ഇനി പൊതുമരാമത്ത് വകുപ്പ് കാര്യമായി ഇടപെടും. ധനവകുപ്പിന്റെ ഇടപെടൽ കുറഞ്ഞ സാഹചര്യത്തിലാണ് ഇത്. കിഫ്ബി ഏറ്റെടുത്ത റോഡുകൾ പാതിവഴിയിലാണെന്ന പരാതികൾ വർധിച്ചതോടെ നിർമ്മാണം കാര്യക്ഷമമാക്കാൻ കിഫ്ബി ഉദ്യോഗസ്ഥരുമായി എല്ലാ മാസവും കൂടിക്കാഴ്ച നടത്താനുള്ള പിഡബ്ല്യുഡി മന്ത്രിയുടെ തീരുമാനം ഇതിന്റെ ഭാഗമാണ്. ഇതോടെ മന്ത്രി മുഹമ്മദ് റിയാസിന്റെ നിയന്ത്രണത്തിലേക്ക് കിഫ്ബി വരും.
കിഫ്ബി സിഇഒ മുൻ ചീഫ് സെക്രട്ടറി കൂടിയായ കെഎം എബ്രഹാം ആണ്. അദ്ദേഹം ഇപ്പോൾ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി കൂടിയാണ്. ഈ സാഹചര്യത്തിൽ കൂടിയാണ് മുഖ്യമന്ത്രിയുടെ മരുമകൻ കൂടിയായ മുഹമ്മദ് റിയാസ് കൂടുതൽ ഇടപെടൽ നടത്തുന്നത്. ഫലത്തിൽ പൊതുമരാമത്തിന്റെ നിയന്ത്രണത്തിലാകും കിഫ്ബി. കഴിഞ്ഞ സർക്കാരിൽ ധനമന്ത്രി തോമസ് ഐസക് നേരിട്ടാണ് കിഫ്ബി പദ്ധതികൾ വിലയിരുത്തിയത്. ഇതിന്റെ മേൽനോട്ടമാണ് കുറുക്കു വഴിയിൽ പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കുന്നത്.
ആദ്യയോഗത്തിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസും ഉന്നത പിഡബ്ല്യുഡി ഉദ്യോഗസ്ഥരുമാണ് കിഫ്ബിയുമായുള്ള കൂടിക്കാഴ്ചയിൽ പങ്കെടുത്തത്. എല്ലാ മാസവും ഇതു തുടരും. പ്രവൃത്തി പൂർത്തിയാക്കാൻ പറ്റാത്ത ഇടങ്ങളിലെ കാര്യങ്ങൾ ഈ യോഗങ്ങളിൽ പ്രത്യേകമായി പരിശോധിക്കും. മന്ത്രിയുടെ നിർദ്ദേശം എല്ലാം കിഫ്ബിക്ക് അംഗീകരിക്കേണ്ടി വരും. മുഖ്യമന്ത്രിയുടെ പ്രത്യേക താൽപ്പര്യം എല്ലാവർക്കും ഇക്കാര്യത്തിൽ അറിയാം.
എംഎൽഎമാർ ഉന്നയിക്കുന്ന പരാതികളും നിർദ്ദേശങ്ങളും ചർച്ച ചെയ്യാനാണ് പൊതുമരാമത്ത് മന്ത്രിയുടെ ഇടപെടൽ. കിഫ്ബിയോട് ഇപ്പോഴത്തെ ധനമന്ത്രി കെ എൻ ബാലഗോപാലിന് അത്ര താൽപ്പര്യമില്ല. തോമസ് ഐസക്കിന്റെ പദ്ധതിയോട് മുഖം തിരിഞ്ഞ് നിൽപ്പാണ്. ഈ സാഹചര്യത്തിൽ കൂടിയാണ് കിഫ്ബിയെ റിയാസ് സ്വന്തമാക്കുന്നത്. കിഫ്ബിയുടെ നിർമ്മാണം ഇഴയുന്നതിനെതിരെ സഭാ സമ്മേളനത്തിൽ ഭരണ, പ്രതിപക്ഷ അംഗങ്ങൾ പരാതിയുയർത്തിയിരുന്നു. കിഫ്ബിയിൽനിന്ന് റോഡും പാലവും തിരിച്ചെടുക്കണമെന്നുവരെ ആവശ്യമുയർന്നു.
ഇതിനൊപ്പമാണ് ഭരണപക്ഷത്ത് നിന്ന് കെബി ഗണേശ് കുമാർ ഉയർത്തിയ വിമർശനം. ഇതിനെ എഎൻ ഷംസീറും അനുകൂലിച്ചു. ഇതോടെയാണ് പൊതുമാരാമത്ത് മന്ത്രിക്ക് ഇടപെടൽ അവസരം കിട്ടിയത്. കിഫ്ബി ഫണ്ട് ഉപയോഗിച്ച് 1000 കോടി രൂപ ചെലവഴിച്ചു മുപ്പതോളം പദ്ധതികൾ പൂർത്തീകരിച്ചു. 178 പദ്ധതികളിലായി 5544 കോടി രൂപയുടെ പ്രവൃത്തികളാണ് പുരോഗമിക്കുന്നത്. 419 റോഡുകൾ, 125 പാലങ്ങൾ തുടങ്ങി 22,859 കോടി രൂപയുടെ പദ്ധതികൾക്ക് പൊതുമരാമത്ത് വകുപ്പിനു കീഴിൽ മാത്രം കിഫ്ബി അംഗീകാരം നൽകിയിട്ടുണ്ട്.
റോഡ് വീതി കൂട്ടുമ്പോൾ ജല അഥോറിറ്റി പൈപ്പ്, കെഎസ്ഇബി പോസ്റ്റുകൾ തുടങ്ങിയവ മാറ്റുന്നതിലെ കാലതാമസമാണ് പ്രശ്‌നമാകുന്നത്. കിഫ്ബി പദ്ധതികൾ നടക്കുന്ന പിഡബ്ല്യുഡി ഭൂമിയുടെ അതിരുകൾ സർവേ നടത്തി തിട്ടപ്പെടുത്താൻ, ലാൻഡ് അക്വിസിഷൻ ചുമതലയുള്ള തഹസിൽദാർമാരെ നിയോഗിക്കും. ഇതെല്ലാം പൊതുമരാമത്ത് മന്ത്രി നിരീക്ഷിക്കും. കിഫ്ബി പ്രവൃത്തികൾ കൂടുതൽ കാര്യക്ഷമമാക്കാൻ കൂടുതൽ എൻജിനീനീയർമാരെ നിയമിക്കും. ടെക്‌നിക്കൽ സപ്പോർട്ട് ടീം ആയി കെഎച്ച്ആർഐ, പിഡബ്ല്യുഡി ഡിസൈൻ വിഭാഗം എന്നിവരെ ഉപയോഗിക്കാനും തീരുമാനിച്ചിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ