- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംഗീതം ജീവനായ അഫാകിന് ബ്രെയിൻ ട്യൂമർ വന്നത് സംസാരം നിയന്ത്രിക്കുന്ന ഭാഗത്ത്; തന്ത്രികൾ പൊട്ടാതെ ഗിറ്റാറിനെ അഴിച്ചുപണിയുക എന്ന ശ്രമകരമായ ജോലി ഏറ്റെടുത്തു ഡോക്ടർമാർ; ശസ്ത്രക്രിയക്ക് ശേഷം ഡോക്ടർക്ക് വേണ്ടി ഗിറ്റാർ വായിച്ച് ജീവിതം തിരികെ പിടിച്ച് അഫാക്ക്; മാലിക്കാരൻ റോക്ക് സ്റ്റാർ കേരളത്തിൽ ജീവിതം വീണ്ടെടുത്ത കഥ
കൊച്ചി: ചില ദൗത്യങ്ങൾ അതീവ ദുഷ്‌ക്കരമായിരിക്കും. ഒരിഞ്ച് അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാൽ എല്ലാം കൈവിട്ടു പോകുന്ന നിലയിൽ കാര്യങ്ങൾ എത്തിയേക്കാമെന്ന വിധത്തിൽ ദുഷ്‌ക്കരമായവ. അത്തരമൊരു ദൗത്യം ഏറ്റെടുത്തു വിജയിപ്പിച്ചതിന്റെ സന്തോഷത്തിലാണ് കൊച്ചി ലേക്ക് ഷോർ ആശുപത്രിയിലെ ഡോക്ടർമാർ. സംഗീതം എല്ലാമെല്ലാമായ മാലിക്കാരൻ റോക്ക്‌സ്റ്റാറിന് ശബ്ദം പോകാതെ ട്യൂമർ നീക്കം ചെയ്ത സംഭവം വിജയകരമായി.
തന്ത്രികൾപൊട്ടാതെ ഗിറ്റാറിനെ അഴിച്ചുപണിയുക എന്നതുപോലെ അതീവ ശ്രമകരമായ ജോലി. ഒരുസംഗീതജ്ഞന്റെ പാട്ടും സംഗീതവും പോകാതെ അയാളുടെ തലയിൽ ഒളിഞ്ഞിരിക്കുന്ന വലിയ ട്യൂമർനീക്കം ചെയ്യുക. മാലി ദ്വീപിൽനിന്നുള്ള റോക്ക് സ്റ്റാർ മുഹമ്മദ് അഫാക്(25)ലേക് ഷോർ ആശുപത്രിയിലെത്തിയത് തന്റെ അസുഖം ഇവിടെ ഉപേക്ഷിച്ച് പാട്ടുമായി തിരികെ പറക്കാനാണ്. ഒടുവിൽ ശസ്ത്രക്രിയക്ക് ശേഷം സംഗീതവും ശബ്ദവും നഷ്ടപ്പെടാതെ കാത്തു സൂക്ഷിച്ച ഡോക്ടർമാരോടുള്ള സ്‌നേഹം നിറച്ച മനസ്സുമാണ് അഫാക് ഗിറ്റാറിൽ വിരൽമീട്ടി മാലിക്ക് പറന്നത്.
മാലദ്വീപിലെ വിമാനത്താവളത്തിൽ ജോലി ചെയ്യുന്ന അദ്ദേഹത്തിന് ഏകദേശം 6 മാസം മുൻപാണു ബ്രെയിൻ ട്യൂമർ കണ്ടെത്തിയത്. റോക്ക് ഗായകൻ കൂടിയായ അഫാക്കിനു സംഗീതമാണു ജീവിതം. ശസ്ത്രക്രിയയ്ക്കു വിധേയനാകുമ്പോൾ അതു ശബ്ദത്തെയും ബാധിക്കുമോയെന്ന് അഫാക് ഭയന്നു. ലേക്ഷോർ ആശുപത്രിയിലെ ന്യൂറോ സർജറി വിഭാഗം മേധാവി ഡോ. സുധീഷ് കരുണാകരനും സംഘത്തിനും മുന്നിൽ അതൊരു വെല്ലുവിളിയായിരുന്നു. ഭൂരിഭാഗം പേരിലും തലച്ചോറിന്റെ ഇടതു ഭാഗമാണു സംസാരത്തെ നിയന്ത്രിക്കുന്നത്. എന്നാൽ, അഫാക്കിന്റെ കാര്യത്തിൽ നേരേ തിരിച്ചായിരുന്നു. സംസാരം കൈകാര്യം ചെയ്യുന്നത് വലതു ഭാഗം. ആ ഭാഗത്തു തന്നെയായിരുന്നു ട്യൂമറും. 6 മണിക്കൂറിനുള്ളിൽ ശസ്ത്രക്രിയ പൂർത്തിയാക്കി. പിന്നീട് ഒരു രാത്രിയുടെ കാത്തിരിപ്പ്. ഒടുവിൽ ഈ ദൗത്യം വിജയിക്കുകയായിരുന്നു.
ഡോ. സുധീഷ് കരുണാകരന്റെ ഭാര്യ റെറ്റിനോളജിസ്റ്റ് ഡോ. നടാഷയാണ് ഫേയ്സ്ബുക്കിലൂടെ ആശുപത്രിക്കട്ടിലിലെ ഗാനമാധുരി യുടെ ഉള്ള് തൊടുന്ന കഥ പുറത്തുവിട്ടത്. സർജറി വിജയിച്ചാലും അയാൾക്ക് തന്റെ പാട്ട് നഷ്ടമായേക്കുമെന്ന നിലയിലായിരുന്നു അഫാക്ക്. മറ്റൊരു കാര്യം ആൾ ഇടം കൈയനാണ്. എന്നിട്ടും ശബ്ദശേഷി വലംഭാഗത്താണ്. സാധാരണ ഇതു തിരിച്ചായിരിക്കും എല്ലാ വലംകൈയന്മാർക്കും എൺപതുശതമാനം വരെ ഇടംകൈയന്മാർക്കും ബ്രയിനിന്റെ ഇടംഭാഗത്താവും ശബ്ദശേഷി. ഈ പ്രശ്നത്തെ മറികടക്കാൻ സാധാരണ ട്യൂമർ നീക്കുമ്പോൾ സർജന്മാർ ചെയ്യുന്ന രീതി ആളെ ഉണർവ്വിൽ നിർത്തി അവരോട് ഇടയ്ക്ക് സംസാരിച്ച് ശസ്ത്രക്രിയ നടത്തുകയാണ്. കത്തിവയ്ക്കുമ്പോൾ ഉണർന്നിരിക്കാൻ ഭയമാണെന്ന് പേഷ്യന്റ് തീർത്തുപറഞ്ഞതോടെ ആ പ്രതീക്ഷയുംപോയി.
പേടിക്കേണ്ട എനിക്ക് ഡോക്ടറെ പൂർണ വിശ്വാസമാണ്. മുഴുവൻ ഉത്തരവാദിത്തവും ഡോക്ടറെ ഏൽപ്പിച്ച് രോഗി കൈകഴുകി. വിചാരിച്ചപോലെ ട്യൂമർനീക്കി. പക്ഷേ പാട്ടുകാരന്റെ ശബ്ദം എന്തായെന്നറിയാൻ പിറ്റേന്ന് മയക്കംവിട്ട് വെന്റിലേറ്ററിൽനിന്നും ഇറങ്ങണം. മെഡിക്കൽ ടീമിന്റെ പരിചരണത്തിൽ രോഗിമയങ്ങുമ്പോൾ ഉത്തരവാദിത്തം കൈയേറ്റ സർജന് ഒരു ഉറക്കമില്ലാത്ത രാത്രികൂടി.
നെഞ്ചിടിപ്പോടെ സർജൻപിറ്റേന്ന് രോഗിയെ സമീപിക്കുകയാണ്. ട്യൂമറിനൊപ്പം അയാളിൽനിന്നും ജീവനായ സ്വരം, അയാളുടെ സമ്പാദ്യം എന്നിവ താൻ നീക്കം ചെയ്തിട്ടുണ്ടോ മിടിക്കുന്ന ഹൃദയത്തോടെ സർജൻ കിടക്കക്കരികിലെത്തുമ്പോൾ റോക്ക്സറ്റാർ ഡോക്ടറെ തന്റെ മധുരമായ സ്വരത്തിൽതന്നെ അഭിവാദ്യം ചെയ്തു. മാത്രമല്ല അദ്ദേഹം അമ്മയെകൊണ്ട് മുറിയിൽനിന്നും എടുപ്പിച്ച ഗിത്താർ ചൂണ്ടിക്കാട്ടി ഡോക്ടർക്കുവേണ്ടി താനൊന്നുപാടിക്കോട്ടെ എന്നുചോദിച്ചു. പിന്നീട് നിറകണ്ണുകളോടെ അയാൾ പാടി ന്യൂറോ സർജനും സംഘത്തിനുമായി അയാളുടെ ഗിത്താറിന്റെ തന്ത്രികൾ പിടഞ്ഞുണർന്നു,.
ഡോ.നടാഷ ഫേസ്‌ബുക്കിൽ പങ്കുവച്ചതാണ് അനുഭവ കഥയും ആശുപത്രികട്ടിലിലിരുന്ന് പാടുന്ന ദൃശ്യവും. ഒന്നിലേറെ റോക്ക്സ്റ്റാറുകളെ അവിടെ താൻ കണ്ടു എന്നു പറഞ്ഞാണ് നടാഷ കുറിപ്പു ചുരുക്കുന്നത്. ചികിൽസകഴിഞ്ഞ് താൻവിചാരിച്ചപോലെ ട്യൂമർ ഉപേക്ഷിച്ച് ഗാനവുമായി മുഹമ്മദ് അഫാക് മാലിയിലേക്കുപറന്നു കഴി്ഞ്ഞു. ന്യൂറോ സർജറി വിഭാഗത്തിലെ ഡോ. അരുൺ ഉമ്മൻ, ഡോ. അജയകുമാർ, ഡോ. സി. അനിൽ, അനസ്തീസിയ വിഭാഗത്തിലെ ഡോ. ഫ്രാൻസിസ് മണവാളൻ എന്നിവർരാണ് ശസ്ത്രക്രിയയുടെ ഭാഗമായത്.
മറുനാടന് മലയാളി ബ്യൂറോ