ഒറ്റപ്പാലം: മുകേഷിന്റെ ഫോൺ വിളിയിലെ ഗൂഢാലോചന വാദം പൊളിഞ്ഞു. :മുകേഷ് എംഎൽഎയെ വിളിച്ച ഒറ്റപ്പാലം സ്വദേശിയായ വിദ്യാർത്ഥിയെ കണ്ടെത്തിയതോടെയാണ് ഇത്. മീറ്റ്ന സ്വദേശിയാണ് കുട്ടി. കൂട്ടുകാരന് വേണ്ടിയാണ് മുകേഷ് എം എൽ എയെ വിളിച്ചത്. വിളിച്ചത് സിപിഎം കുടുംബത്തിലെ അംഗമാണ്. ഫോൺ വിളിയിൽ മറ്റ് രാഷ്ട്രീയ പാർട്ടികളുടെ ഗൂഢാലോചനയെന്ന മുകേഷിന്റെ വാദമാ് ഇതോടെ പൊളിഞ്ഞത്.

പുതിയ ഫോണിന് വേണ്ടിയാണ് വിളിച്ചത്. സിനിമ നടൻ ആയതിനാൽ ഫോൺ റെക്കോർഡ് ചെയ്തു. കുട്ടി ബാലസംഘം നേതാവ് ആണെന്നും വ്യക്തമായി. സിപിഎം നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കുട്ടികളുടെ കൂട്ടായ്മയാണ് ബാലസംഘം. കുട്ടിയുടെ അച്ഛൻ സിഐടിയു പ്രവർത്തകനാണ് .പ്രശ്‌നം പരിഹരിച്ചതായി ഒറ്റപ്പാലം മുൻ എംഎൽഎ എം ഹംസ പറഞ്ഞു. ഇതോടെ മുകേഷിന്റെ ചതി വാദം പൊളിഞ്ഞു.

തന്നെ കുടുക്കാൻ മറ്റു രാഷ്ട്രീയക്കാർ നടത്തിയ ഗൂഢാലോചനയാണ് ഫോൺ വിളി എന്നായിരുന്നു മുകേഷ് വിശദീകരിക്കാൻ ശ്രമിച്ചത്. പൊലീസിൽ പരാതി കൊടുക്കുമെന്നും അറിയിച്ചിരുന്നു. ഇതിനിടെയാണ് കുട്ടിയെ കണ്ടെത്തിയത്. നടനായ മുകേഷിനെ എനിക്ക് ഇഷ്ടമായിരുന്നു അതുകൊണ്ടാണ് വിളിച്ചതെന്ന് വിദ്യാർത്ഥി പറയുന്നു. ഇനി വിവാദത്തിനൊന്നും കുട്ടിയും കുടുംബവും ഉണ്ടാകില്ല. എല്ലാ പ്രശ്‌നവും പാർട്ടിക്കുള്ളിൽ പറഞ്ഞു തീർത്തു.

തനിക്കൊപ്പം ട്യൂഷൻ പിഠിക്കുന്ന കുട്ടിക്ക് ഫോൺ നമ്പർ ഇല്ലായിരുന്നു. അപ്പോഴാണ് മുകേഷ് എംഎൽഎയുടെ നമ്പർ കിട്ടിയത്. അപ്പോൾ ഇഷ്ടമുള്ള നടനായതു കൊണ്ട് വിളിച്ചു. അത് വൈറലായി എന്നും കുട്ടി പറയുന്നു. സിനിമാ നടനെ വിളിക്കുമ്പോൾ കാര്യം നടക്കുമെന്ന് കരുതി. അപ്പോൾ ജീവിത കാലം മുഴുവൻ ആ ശബ്ദം സൂക്ഷിച്ചു വയ്ക്കാമെന്ന് കരുതി-വിദ്യാർത്ഥി പറയുന്നു.

ഒറ്റപ്പാലം എംഎൽഎയുടെ ഫോൺ നമ്പർ തന്റെ കൈയിൽ ഇല്ലായിരുന്നു. അതുകൊണ്ടാണ് മുകേഷിന്റെ നമ്പർ കിട്ടിയപ്പോൾ വിളിച്ചത്. അതിന് പിന്നിൽ ഗൂഢാലോചനയില്ലെന്നും കുട്ടി വിശദീകരിച്ചു. പത്താം ക്ലാസ് വിദ്യാർത്ഥിയായ കുട്ടി സുഹൃത്തിന്റെ ഓൺലൈൻ പഠനത്തിന് സഹായം തേടിയാണ് മുകേഷിനെ വിളിച്ചതെന്നാണ് ബന്ധുക്കൾ പറയുന്നത്. ഇതിനിടെ വി.കെ.ശ്രീകണ്ഠൻ എംപി സന്ദർശിച്ചതിന് പിന്നാലെ കുട്ടിയെ സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസിലേക്ക് മാറ്റുകയും ചെയ്തു. .

പാറപ്പുറം സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസിലേക്കാണ് മാറ്റിയത്. വിഷയം കോൺഗ്രസ് രാഷ്ട്രീയമായി ഏറ്റെടുത്തതിന് പിന്നാലെയാണ് സിപിഎമ്മിന്റെ ഈ നീക്കം. അതേ സമയം തനിക്ക് വന്ന ഫോൺവിളിയിൽ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച് മുകേഷ് പൊലീസിൽ പരാതി നൽകുമെന്ന് അറിയിച്ചിരുന്നു. ഇനി പരാതി നൽകില്ല. പാലക്കാട് സ്വദേശിയെന്നു പരിചയപ്പെടുത്തിയ വിദ്യാർത്ഥിയുമായി നടത്തിയ ഫോൺ സംഭാഷണമാണ് കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹികമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചത്. കുട്ടിക്ക് ഫോൺ നമ്പർ കൊടുത്ത കൂട്ടുകാരന്റെ ചെവിക്കുറ്റിക്ക് അടിക്കണമെന്നും മുകേഷ് പറയുന്നുണ്ട്. ആസൂത്രിത രാഷ്ട്രീയ നീക്കമാണിതിനു പിന്നിലെന്നും ഇതേപ്പറ്റി പൊലീസിൽ പരാതി നൽകുമെന്നുമാണ് മുകേഷ് പ്രതികരിച്ചത്.

അത്യാവശ്യകാര്യം പറയാനാണെന്നു വിദ്യാർത്ഥി പറയുമ്പോൾ യോഗത്തിലാണെന്നും എന്തിനാണ് തുടർച്ചയായി വിളിക്കുന്നതെന്നും ചോദിച്ചതിനുപിന്നാലെയാണ് മുകേഷ് പൊട്ടിത്തെറിച്ചത്. തന്നെ വിളിച്ചയാൾ നിഷ്‌കളങ്കനാണെങ്കിൽ എന്തിന് കോൾ റെക്കോഡ് ചെയ്യണം? ആറുതവണ എന്തിനു വിളിച്ചു. അതിനുമുൻപ് സംസാരിച്ചത് എന്തുകൊണ്ടാണ് പുറത്തുവിടാത്തത്? മുൻപും കുട്ടികളെക്കൊണ്ട് ഇതുപോലെ ഫോൺ വിളിപ്പിച്ചിട്ടുണ്ട്. ഇതെല്ലാം ആസൂത്രിതമാണ്. പ്രകോപിപ്പിക്കാനാണ് ശ്രമമെന്നുമാണ് മുകേഷ് കഴിഞ്ഞ ദിവസം പറഞ്ഞത്. എനിക്കും മക്കളുണ്ട്. ചൂരൽവെച്ച് അടിക്കണമെന്നു പറഞ്ഞത് സ്നേഹശാസനയായാണ്. ഇതിനു പിന്നിൽ പ്രവർത്തിക്കുന്നത് ആരാണെങ്കിലും നിയമത്തിനുമുന്നിൽ കൊണ്ടുവരും. കുട്ടിക്ക് വിഷമമായിട്ടുണ്ടെങ്കിൽ തനിക്ക് അതിലും വിഷമമുണ്ടെന്നും മുകേഷ് പറഞ്ഞു.