- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മുല്ലപ്പെരിയാറിന്റെ പേരിൽ കേരള വിരുദ്ധ പ്രചാരണം: പീരുമേട്, ദേവികുളം, ഉടുമ്പൻ ചോല താലൂക്കുകൾ തമിഴനാട്ടിൽ ചേർക്കാൻ ഒപ്പു ശേഖരം; തമിഴ്‌നാട്ടിലെ നേതാവ് എസ്ആർ കേരളാ വിരുദ്ധ സമരം ആസുത്രണം ചെയ്യുന്നത് കേരളത്തിലിരുന്ന്; തെന്മലയിലെ എസ്ആർ പാലസ് ഗൂഢാലോചനാ കേന്ദ്രമോ? ഒന്നുമറിയാതെ കേരളത്തിലെ രഹസ്യാന്വേഷണ വിഭാഗങ്ങൾ
കൊല്ലം: മുല്ലപ്പെരിയാറിന്റെ ചുവടുപിടിച്ച് വർഷങ്ങളായി കേരള വിരുദ്ധ സമരങ്ങൾക്ക് നേതൃത്വം നല്കുന്ന അഞ്ച് ജില്ലാ കർഷക അസോസിയേഷൻ നേതാവിന് കൊല്ലം ജില്ലയിലെ തെന്മലയിൽ ഏക്കറുകണക്കിന് ഭൂമിയും റിസോർട്ടും. മധുര കാരക്കുടി സ്വദേശിയും അഞ്ച് ജില്ലാ കർഷക അസോസിയേഷൻ നേതാവുമായ എസ്.രാജശേഖരൻ എന്ന എസ്.ആർ തേവർക്കാണ് കൊല്ലം ജില്ലയിൽ ഭാര്യയുടെ പേരിൽ ഭൂമിയും റിസോർട്ടുമുള്ളത്. മിക്ക കേരള വിരുദ്ധ സമരങ്ങളും ഇവിടെ വച്ച് ആസൂത്രണം ചെയ്യപ്പെടുന്നുവെന്നാണ് സൂചന. പക്ഷേ, കേരളത്തിലെ രഹസ്യാന്വേഷണ വിഭാഗങ്ങൾ ഈ വിവരം അറിഞ്ഞിട്ടില്ലത്രേ.
പുനലൂർ താലൂക്കിലെ തെന്മല വില്ലേജ് പരിധിയിലാണ് എസ്.ആർ തേവർ ഭാര്യയുടെ പേരിൽ വിവിധ ഘട്ടങ്ങളായി ഭൂമി വാങ്ങി കൂട്ടിയത്. തെന്മല വില്ലേജിലെ 889/11,872/1/29/3/2, 872/1/29/2 എന്നീ സർവേ നമ്പറുകളിലായാണ് മൂന്ന് ഏക്കറോളം സ്ഥലം ഇയാൾ സ്വന്തമാക്കിയത്.
ഭൂമിയിൽ എസ്.ആർ പാലസ് എന്ന പേരിൽ റിസോർട്ടും പ്രവർത്തിക്കുന്നുണ്ട്.
കൊല്ലം തെന്മല റോഡിലാണ് 19 മുറികളുള്ള ആഡംബര റിസോർട്ട്. ഇയാളുടെ ഭാര്യ തെന്മല സ്വദേശിയും ജനപ്രതിനിധിയുമാണ്. കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ചയാളാണ് എസ്.ആർ തേവരുടെ ഭാര്യ. തമിഴ്‌നാട്ടിൽ മുല്ലപ്പെരിയാറിന്റെ പേരിൽ കേരള വിരുദ്ധ സമരങ്ങൾക്ക് നേതൃത്വം നല്കുന്ന എസ്.ആർ തേവരാണ് രാജശേഖരൻ എന്ന പേരിൽ തെന്മലയിൽ എത്തുന്നതെന്ന് ആർക്കും അറിയില്ലായിരുന്നു.തെന്മലയിലെ റിസോർട്ട് കേന്ദ്രമാക്കിയാണ് ഇയാൾ കേരള വിരുദ്ധ സമരങ്ങൾ ആസൂത്രണം ചെയ്യുന്നതെന്നാണ് വിവരം.
2011 ൽ മുല്ലപ്പെരിയാർ പ്രശ്നങ്ങളുടെ പേരിൽ തമിഴ്‌നാട്ടിൽ മലയാളികൾക്ക് നേരെ വ്യാപക ആക്രമണം അഴിച്ചുവിട്ടതും എസ്.ആർ തേവരുടെ നേതൃത്വത്തിലുള്ള സംഘടനയായിരുന്നു.തേനി, മധുര, രാമനാഥപുരം, ശിവഗംഗ,ദിണ്ടിഗൽ ജില്ലകളിലായിരുന്നു മലയാളികൾക്ക് നേരെ ഏറ്റുവും അധികം ആക്രമണമുണ്ടായത്.
ഉടുമ്പൻചോല,പീരുമേട്, ദേവികുളം താലൂക്കുകൾ തമിഴ്‌നാടിന് വിട്ടു നൽകണമെന്ന് ആവശ്യപ്പെട്ട് ഒപ്പ് ശേഖരണത്തിന് നേതൃത്വം നല്കിയതും തേവരായിരുന്നു.മുല്ലപ്പെരിയാറിൽ റൂൾ കർവ് കേരളം തുടർച്ചയായി ലംഘിക്കുകയാണെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസവും തമിഴ്‌നാട്ടിലെ കമ്പത്ത് എസ്.ആർ തേവരുടെ നേതൃത്വത്തിൽ കേരളത്തിനെതിരെ സമരം നടന്നിരുന്നു.
വേണ്ടി വന്നാൽ അതിർത്തി അടയ്ക്കുമെന്നുവരെ പ്രഖ്യാപനവും നടത്തി.ഈ കാര്യം ചൂണ്ടിക്കാട്ടി തമിഴ്‌നാട് കേരള മുഖ്യമന്ത്രിമാർക്ക് കത്തും അയച്ചിരുന്നു.നിരവധി കേസുകളിൽ രാജശേഖരൻ പ്രതിയാണെന്നും പറയപ്പെടുന്നു. വഞ്ചന, വധശ്രമ കേസുകളിലാണ് ഇയാൾ പ്രതിയായിരുന്നത്.വഞ്ചനാ കേസിൽ കഴിഞ്ഞ വർഷം തെലുങ്കാന പൊലീസ് തേവരെ അറസ്റ്റ് ചെയ്തിരുന്നു.തമിഴ്‌നാടിന് പുറമെ മറ്റു സംസ്ഥാനങ്ങളിലും ഇയാൾക്കെതിരെ കേസുകളുണ്ടെന്ന് പറയപ്പെടുന്നു.