- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുല്ലപ്പെരിയാർ വിഷയത്തിൽ ഇടക്കാല ഉത്തരവ് ആവശ്യമില്ലെന്ന് കേരളം; ജലനിരപ്പ് 142 അടിയാക്കി ഉയർത്താൻ തമിഴ്നാടിന് അവസരം; എല്ലാ ഹർജികളും ഒരുമിച്ച് പരിഗണിച്ച് തർക്കം അവസാനിപ്പിക്കണമെന്ന നിലപാടിൽ കേരളം; കേസ് പരിഗണിക്കുന്നതിന് ഡിസംബർ പത്തിലേക്ക് മാറ്റി
ന്യൂഡൽഹി: മുല്ലപ്പെരിയാർ വിഷയത്തിൽ ഇടക്കാല ഉത്തരവ് ആവശ്യമില്ലെന്ന് കേരളം സുപ്രീം കോടതിയെ അറിയിച്ചു. ഇതോടെ നിലവിലെ റൂൾകർവ് തുടരാൻ തമിഴ്നാടിന് അവസരമായി. റൂൾകർവ് പ്രകാരം ഈ മാസം 30 മുതൽ ജലനിരപ്പ് 142 അടിയായി ഉയർത്താൻ തമിഴ്നാടിന് സാധിക്കും. അനന്തമായി നീട്ടിക്കൊണ്ടുപോകാതെ എല്ലാ ഹർജികളും ഒരുമിച്ച് പരിഗണിച്ച് തർക്കം അവസാനിപ്പിക്കാനാണ് കേരളത്തിന്റെ നീക്കം. ഇതോടെ കേസ് വിശദമായി പരിഗണിക്കുന്നതിന് ഡിസംബർ പത്തിലേക്ക് മാറ്റി.
അണക്കെട്ടിനു വിള്ളലും ബലക്ഷയവും ഇല്ലെന്ന തമിഴ്നാടിന്റെ വാദം തെറ്റാണെന്നു തെളിവുകളിലൂടെ കോടതിയെ ബോധ്യപ്പെടുത്തുകയും ഇപ്പോഴത്തെ സാഹചര്യത്തിൽ അവിടെ പുതിയ അണക്കെട്ട് അനിവാര്യമാണെന്ന് ബോധ്യപ്പെടുത്തുകയുമാണ് കേരളത്തിന്റെ ഉദ്ദേശ്യം. മുല്ലപ്പെരിയാർ അണക്കെട്ടിൽ അസാധാരണ സ്ഥിതിവിശേഷമാണെന്നു ചൂണ്ടിക്കാട്ടി, സുരക്ഷ ഉറപ്പാക്കാനുള്ള തീരുമാനം വേണമെന്നാണ് കേരളത്തിന്റെ ആവശ്യം. തുടർച്ചയായ മഴയിൽ ജലനിരപ്പുയരുന്നതും സ്പിൽവേ ഷട്ടറുകൾ ഉയർത്തേണ്ടി വരുന്നതും കേരളം ചൂണ്ടിക്കാട്ടിയിരുന്നു.
അതേസമയം, മഴ ശമിച്ചതോടെ മുല്ലപ്പെരിയാർ, ഇടുക്കി ഡാമുകളിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞുവരികയാണ്. ഇപ്പോൾ മുല്ലപ്പെരിയാർ ജലനിരപ്പ് 141 അടിയായി കുറഞ്ഞിട്ടുണ്ട്. നീരൊഴുക്ക് കുറഞ്ഞതോടെ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സ്പിൽവേയിലെ എല്ലാ ഷട്ടറുകളും തമിഴ്നാട് അടച്ചു.
മുല്ലപ്പെരിയാർ അണക്കെട്ടുകളിലെ മൂന്നാമത്തെ ഷട്ടർ 10 സെന്റിമീറ്ററാണ് ഉയർത്തിയിരുന്നത്. പുതിയ റൂൾ കർവ് നിലവിൽ വന്നതോടെ പരമാവധി സംഭരണ ശേഷിയായ 2403 അടിവരെ വെള്ളം ഇടുക്കിയിലും 142 അടി വരെ മുല്ലപ്പെരിയാറിലും സംഭരിക്കാം. അതിനാൽ തമിഴ്നാട് കൊണ്ടു പോകുന്ന വെള്ളത്തിന്റെ അളവിൽ കുറവ് വരുത്തിയേക്കും. ഇപ്പോൾ സെക്കന്റിൽ 2000 ഘനയടി വെള്ളമാണ് കൊണ്ട് പോകുന്നത്.
അതേ സമയം ഇടുക്കി അണക്കെട്ടിൽ ചെറുതോണി ഷട്ടറിന് സമീപത്തേക്ക് ശനിയാഴ്ച രാത്രി ഒഴുകി എത്തിയത് വന്മരമായിരുന്നു. അതിവേഗത്തിൽ കെഎസ്ഇബി ഇടപെട്ട് ഷട്ടർ അടച്ചതിനാൽ വലിയ അപകടമാണ് ഒഴിവായത്. കെഎസ്ഇബിക്ക് ഉണ്ടാകേണ്ടിയിരുന്ന നഷ്ടവും ഇതിനു വഴി ഒഴിവാക്കാൻ സാധിച്ചു.
ശനിയാഴ്ച രാത്രി ഒൻപതരയോടെയാണ് സംഭവം. അണക്കെട്ടിന്റെ സുരക്ഷ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരിലൊരാൾ വെള്ളത്തിലൂടെ എന്തോ ഒഴുകി വരുന്നത് കണ്ടു. ആന നീന്തുന്നതാണെന്നാണ് ആദ്യം കരുതിയത്. കൂടുതൽ പരിശോധിച്ചപ്പോൾ വലിയ മരമാണെന്ന് മനസ്സിലായി. ഉടൻ തന്നെ അണക്കെട്ടിലുണ്ടായിരുന്ന കെഎസ്ഇബി അസ്സിസ്റ്റന്റ് എൻജിനീയർ എം പി സാജുവിനെ അറിയിച്ചു. ഷട്ടർ തുറന്നിരിക്കുന്നതിനാൽ ഇതിനിടയിൽ മരം കുടങ്ങാനുള്ള സാധ്യത ഏറെയായിരുന്നു.
അതിനാൽ ഇദ്ദേഹം വേഗം ഡാം സേഫ്റ്റി ചീഫ് എഞ്ചിനീയറെ വിളിച്ചു. ഉടൻ ഷട്ടറടയ്ക്കാൻ ചീഫ് എൻജിനീയർ നിർദ്ദേശം നൽകിയെങ്കിലും ജില്ലാ കളക്ടറുടെ അനുമതി ഇല്ലാതെ അടക്കാനാകില്ല. തുടർന്ന് ചെയർമാൻ ഉൾപ്പെടെ ഇടപെട്ട് കളക്ടറെ കാര്യം പറഞ്ഞ് ബോധ്യപ്പെടുത്തി അരമണിക്കൂറിനുള്ളിൽ ഷട്ടറടച്ചു. ഈ സമയം മരം ഏതാണ്ട് ഷട്ടറിനടുത്ത് വരെ എത്തിയിരുന്നു. തുടർന്ന് അഗ്നി രക്ഷാ സേനയുടെ സഹായത്തോടെ ബോട്ടിലെത്തി മരം കെട്ടി വലിച്ച് കരക്കടുപ്പിച്ചു. മരത്തിന്റെ വേര് ഭാഗത്തിന് 1.5 മീറ്ററോളം വീതിയുണ്ട്.
തടിക്ക് എട്ടടിയിലധികം നീളവുമുണ്ട്. ഈ മരം കുടുങ്ങിയിരുന്നെങ്കിൽ ഷട്ടർ പിന്നീട് 4 മീറ്ററോളം ഉയർത്തേണ്ടി വന്നേനെ. മരം ഷട്ടറിൽ ഉടക്കിയാൽ ജലനിരപ്പ് 2373 ന് താഴെ എത്തിച്ചാലേ പുറത്തെടുക്കാൻ കഴിയൂ. ഇത് വൻ നഷ്ടത്തിനും പ്രളയത്തിനും കാരണമായേനെ. മഹാപ്രളയ കാലത്ത് പെരിങ്ങൽ കുത്ത് അണക്കെട്ടിൽ ഇത്തരത്തിൽ മരങ്ങൾ ഷട്ടറിൽ കുടുങ്ങിയിരുന്നു. അണക്കെട്ടിലെ വെള്ളം മുഴുവൻ വറ്റിച്ചാണ് അന്ന് പുറത്തെടുത്തത്.
മറുനാടന് മലയാളി ബ്യൂറോ