തിരുവനന്തപുരം: ലക്ഷദ്വീപ് നിവാസികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ഇന്ത്യയിലെ ഏറ്റവും സമാധാനവാദികളായ ജനങ്ങളാണ് ലക്ഷദ്വീപുകാരെന്നും അവരുടെ പ്രതിഷേധങ്ങൾക്കൊപ്പം ചേരുന്നെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

ലക്ഷദ്വീപിലെ മുഴുവൻ ജനങ്ങൾക്കു വേണ്ടി കേരള പ്രദേശ് കോൺഗ്രസ് ഐക്യധാർഡ്യം പ്രഖ്യാപിക്കുന്നു. അവരോടൊപ്പം അവസാന നിമിഷം വരെ കേരളത്തിലെ മുഴുവൻ കോൺഗ്രസ് പ്രവർത്തകരുമുണ്ടാവും. ലക്ഷദ്വീപിലെ ജനങ്ങൾ ഇന്ത്യാ രാജ്യത്തെ ഏറ്റവും സമാധാന വാദികളായ ജനങ്ങളാണ്. അവർ കുറ്റകൃത്യങ്ങൾ ചെയ്യാറില്ല. ഞാൻ കേന്ദ്രഭരണ പ്രദേശങ്ങളുടെയും പൂർണമായ ചുമതലയുള്ള ആഭ്യന്തര സഹമന്ത്രിയായിട്ട് അഞ്ച് വർഷക്കാലം എനിക്ക് പ്രവർത്തിക്കാൻ സാധിച്ചിട്ടുണ്ട്.

ഇന്ത്യാ രാജ്യത്ത് മാത്രമല്ല ലോകത്തിൽത്തന്നെ ഏറ്റവുമധികം കുറ്റകൃത്യങ്ങൾ കുറഞ്ഞ ഒരു പ്രദേശമേതാണ് എന്ന് നമ്മൾ ഒരു ഗവേഷണം നടത്തിയാൽ അതിൽ ലക്ഷദ്വീപുണ്ടാവുംമെന്നും മുല്ലപ്പള്ളി പറഞ്ഞു. ഇന്ത്യ ഭരിക്കുന്ന ഫാസിസ്റ്റ് പ്രധാനമന്ത്രിയുടെ ഏറ്റവും വിശ്വസ്തനായ വ്യക്തിയാണ് ലക്ഷദ്വീപിലെ അഡ്‌മിനിസ്ട്രേറ്ററെന്നും മുല്ലപ്പള്ളി പറഞ്ഞു.