- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുംബൈയിൽ കോവിഡ് നിയന്ത്രിക്കാൻ കർശന നിലപാടുമായി സർക്കാർ; മുംബൈയിൽ മാസ്ക് ധരിക്കാത്തവരെ തിരഞ്ഞുപിടിച്ചു പിഴ ഈടാക്കി തുടങ്ങി; ചൊവ്വാഴ്ച്ച മാത്രം ലഭിച്ചത് 29 ലക്ഷം രൂപ; ഇതുവരെ ആകെ ഈടാക്കിയത് 30.5 കോടി; പിഴയിട്ടത് 15 ലക്ഷം പേർക്ക്
മുംബൈ: കോവിഡ് രോഗികളുടെ കണക്ക് വർധിക്കുന്ന ഘട്ടത്തിൽ മഹാരാഷ്ട്രയിൽ നിയന്ത്രണങ്ങൾ കർക്കശമാക്കി. പൊതുനിരത്തിൽ മാസ്ക്ക് ധരിക്കാത്തവർക്കെതിരെ പിഴ ഈടാക്കുന്ന കാര്യം കടുപ്പിച്ചു കൊണ്ടാണ് രംഗത്തുള്ളത്. നിയന്ത്രണങ്ങൾ പാലിക്കണമെന്ന സംസ്ഥാന സർക്കാർ കർശന നിർദ്ദേശം നിലവിലിരിക്കുന്ന സാഹചര്യത്തിൽ പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കാത്തവരിൽ നിന്ന് ബ്രിഹന്മുംബൈ മുൻസിപ്പൽ കോർപറേഷൻ ചൊവ്വാഴ്ച പിഴയിനത്തിൽ ഈടാക്കിയത് 29 ലക്ഷം രൂപയാണ്. 14,600 പേരിൽ നിന്നാണ് ഈ തുക ഈടാക്കിയത്. 2020 മാർച്ച് മുതൽ 15 ലക്ഷം പേരിൽ നിന്ന് 30.5 കോടിയോളം രൂപ പിഴയായി കോർപറേഷൻ ഈടാക്കിയതായാണ് കണക്ക്.
മാസ്ക് ധരിക്കാത്ത 22,976 പേരിൽ നിന്ന് 45.95 ലക്ഷം രൂപ ഫെബ്രുവരി 23 ന് അധികൃതർ ഈടാക്കി. 60 ലക്ഷത്തോളം രൂപയാണ് കഴിഞ്ഞ ആഴ്ച അവസാനം മാസ്ക് ലംഘനത്തിന് പിഴ ചുമത്തിയത്. ലോക്കൽ ട്രെയിനുകൾ കൂടി സർവീസ് പുനരാരംഭിച്ച സാഹചര്യത്തിൽ അടുത്ത 15 ദിവസങ്ങൾ നിർണായകമാണെന്ന് മുൻസിപ്പൽ കമ്മിഷണർ ഐ എസ് ചഹൽ ചൊവ്വാഴ്ച മുന്നറിയിപ്പ് നൽകിയിരുന്നു. കൂടാതെ കോവിഡ് വ്യാപനം നിയന്ത്രിക്കാൻ കൂടുതൽ കർശനനിയന്ത്രണങ്ങൾ നടപ്പാക്കാൻ നേരത്തെ തന്നെ അദ്ദേഹം നിർദ്ദേശം നൽകിയിരുന്നു.
പുതിയ മാനദണ്ഡങ്ങളനുസരിച്ച് പൊതു സ്ഥലങ്ങളിൽ മാസ്ക് നിർബന്ധമാക്കി. മാസ്ക് ധരിക്കാത്തവർക്ക് 200 രൂപയാണ് പിഴ. നിയമം ലംഘിക്കുന്നവരെ കണ്ടെത്താൻ കൂടുതൽ ഉദ്യോഗസ്ഥരെ മുൻസിപ്പൽ കമ്മിഷണർ നിയമിക്കുകയും ചെയ്തു. ഇതിനെ തുടർന്ന് ദിവസേന 25,000 ത്തോളം പേർക്കാണ് മാസ്ക് ധരിക്കാത്തതിന് പിഴ ലഭിച്ചത്.
മുംബൈ പൊലീസിൽ നിന്നും സെൻട്രൽ ആൻഡ് വെസ്റ്റേൺ റെയിൽവേയിൽ നിന്നുള്ള പിഴ കണക്കുകൾ ശേഖരിച്ച് ചൊവ്വാഴ്ച മുതൽ മുൻസിപ്പൽ കോർപറേഷൻ പ്രസിദ്ധീകരിക്കാനും ആരംഭിച്ചു. റെയിൽവെ ഇതു വരെ 91,800 രൂപ പിഴത്തുക ഈടാക്കിക്കഴിഞ്ഞു. പിഴ അടക്കാൻ പണമില്ലാത്തവർക്ക് തെരുവുകൾ ശുചിയാക്കുന്നതുൾപ്പെടെയുള്ള സാമൂഹികസേവനപരിപാടികൾ ചെറിയ ശിക്ഷയായി നൽകുകയും ചെയ്യുന്നുണ്ട്.
രോഗവ്യാപനനിരക്ക് വീണ്ടുമുയർന്നതോടെ മഹാരാഷ്ട്രയിൽ കൂടുതൽ കടുത്ത നിയന്ത്രണങ്ങൾക്ക് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ നിർദ്ദേശം നൽകി. അടുത്ത എട്ട് ദിവസത്തെ സാഹചര്യം നിരീക്ഷിച്ച ശേഷം ലോക്ഡൗൺ ഏർപ്പെടുത്തുന്ന കാര്യം പരിഗണിക്കുമെന്നും താക്കറെ വ്യക്തമാക്കി.
മറുനാടന് ഡെസ്ക്