മുംബൈ: വയോധികയെ ഭർത്താവ് ക്രൂരമായി മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ വൈറലാക്കി കൊച്ചുമകൻ. ദൃശ്യങ്ങൾ ചൂടപ്പം പോലെ സമൂഹമാധ്യമങ്ങളിൽ കൈമാറുമ്പോഴും ഇതേപ്പറ്റി ചോദിക്കാൻ ചെന്നവരോട് തന്നെ ഭർത്താവ് മർദ്ദിച്ചിട്ടില്ല എന്നാണ് ഇവർ പറയുന്നത്. ഒരു സിനിമാ സംഭാഷണത്തെ അനുസ്മരിപ്പിക്കും വിധം ഉള്ള മറുപടി. ഈ ദൃശ്യത്തിലെ വയോധിക നിങ്ങൾ അല്ലെ അത് ഞാൻ തന്നെയെന്നും ഈ ചെയ്യുന്നതൊക്കെ നിങ്ങളുടെ ഭർത്താവ് അല്ലെ എന്ന ചോദ്യത്തിന് അതേ എന്നും ഉത്തരം നൽകുമ്പോഴും തന്നെ മർദ്ദിച്ചിട്ടില്ലെന്നുമാണ് ഇവർ പറയുന്നത്.

മുംബൈ കല്ല്യാണിൽ നടന്ന ക്രൂരമർദനത്തിന്റെ ദൃശ്യങ്ങളാണ് സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. വയോധികയുടെ കൊച്ചുമകനാണ് മൊബൈൽ ഫോണിൽ വീഡിയോ ചിത്രീകരിച്ചത്. ഇത് പിന്നീട് സ്‌കൂൾ വാട്സാപ്പ് ഗ്രൂപ്പിൽ പങ്കുവെച്ചതോടെ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയായിരുന്നു.വെള്ളം സൂക്ഷിക്കുന്ന വീപ്പയിൽനിന്നും വെള്ളത്തിന്റെ പൈപ്പ് എടുത്ത് മാറ്റിയതിനാണ് 75-കാരിയെ ഭർത്താവ് മർദിച്ചത്. കസേരയിലിരിക്കുന്ന വയോധികയെ ബക്കറ്റ് കൊണ്ട് അടിക്കുന്നതും പിന്നീട് കസേരയിൽനിന്ന് പിടിച്ചുമാറ്റി മുഖത്തടിക്കുന്നതും ചവിട്ടുന്നതും ദൃശ്യങ്ങളിലുണ്ട്. മർദനത്തിനിടെ തല്ലരുതെന്ന് വയോധിക പലതവണ കരഞ്ഞുപറഞ്ഞിട്ടും ഭർത്താവ് കേട്ടില്ല. സംഭവസമയം വീട്ടിലുണ്ടായിരുന്ന മറ്റുള്ളവരും ഇത് തടയാൻ ശ്രമിക്കുന്നുമില്ല.

വിവരമറിഞ്ഞ് പ്രാദേശിക ശിവസേന നേതാക്കളും 75-കാരിയുടെ വീട്ടിലെത്തി. ഇത്രയും ക്രൂരമായ മർദനം നടന്നിട്ടും അത് തടയാൻ ശ്രമിക്കാതിരുന്ന മരുമകളെ ഇവർ ചോദ്യംചെയ്തു. വീഡിയോ പുറത്തായിട്ടും ആരും തന്നെ മർദിച്ചിട്ടില്ലെന്നാണ് വയോധിക പറഞ്ഞതെന്നും ശിവസേന നേതാക്കൾ പറഞ്ഞു. കുടുംബാംഗങ്ങൾ തന്നെ സംരക്ഷിക്കുന്നുണ്ടെന്നും അവർ പറഞ്ഞിരുന്നു. എന്നാൽ അവരുടെ അവസ്ഥ കണ്ടിട്ട് തങ്ങൾക്ക് കണ്ണീർ നിയന്ത്രിക്കാനായില്ലെന്നും ശിവസേന നേതാവ് ആശ റസൽ പ്രതികരിച്ചു.

അതേസമയം വീഡിയോ ശ്രദ്ധയിൽപ്പെട്ടതോടെ പൊലീസും അന്വേഷണം നടത്തി. എന്നാൽ സംഭവത്തിൽ പരാതി നൽകാൻ വയോധിക തയ്യാറായില്ലെന്നാണ് പൊലീസും പറഞ്ഞത്. തുടർന്ന് വീഡിയോ പ്രചരിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. അതേസമയം, പ്രതിയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നാണ് റിപ്പോർട്ട്.