- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഹിന്ദുത്വ സംഘടനകളുടെ ഭീഷണി: സ്റ്റാൻഡ് അപ് കൊമേഡിയൻ മുനവർ ഫാറൂഖിയുടെ ബംഗളുരുവിലെ ഷോയും റദ്ദാക്കി; വിദ്വേഷം ജയിച്ചു, കലാകാരൻ തോറ്റുവെന്ന് മുനവർ ഫാറൂഖി
മുംബൈ: ഹിന്ദുത്വ സംഘടനകളുടെ ഭീഷണിയെ തുടർന്ന് സ്റ്റാൻഡ് അപ് കൊമേഡിയൻ മുനവർ ഫാറൂഖിയുടെ ബംഗളൂരുവിലെ ഷോയും റദ്ദാക്കി. നവംബർ 28ന് ബംഗളൂരുവിലെ ഗുഡ് ഷെപ്പേർഡ് ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചിരുന്നത്. രണ്ടു മാസത്തിനിടെ 12ാമത്തെ ഷോയാണ് റദ്ദാക്കുന്നത്. ഇതോടെ ഷോ അവസാനിപ്പിക്കുകയാണെന്നും മുനവർ ഫാറൂഖി പറയുന്നു.
ശനിയാഴ്ച ബംഗളൂരു പൊലീസ് പരിപാടിയുടെ സംഘാടകരോട് ഷോ റദ്ദാക്കാൻ ആവശ്യപ്പെട്ടിരുന്നു. നിരവധി സംഘടനകൾ ഈ സ്റ്റാൻഡ് അപ്പ് കോമഡി ഷോയെ എതിർക്കുന്നു. ഇത് ക്രമസമാധാന പ്രശ്‌നങ്ങൾക്ക് കാരണമാകുമെന്നും പൊതുജന സമാധാനവും സൗഹാർദവും തകർക്കുമെന്നും വിശ്വസനീയ വിവരമുണ്ടെന്നും സംഘാടകരെ പൊലീസ് അറിയിച്ചിരുന്നു. കൂടാതെ മറ്റ് മതങ്ങളിലെ ദൈവങ്ങളെക്കുറിച്ച് വിവാദ പ്രസ്താവനകൾ നടത്തിയ മുനവർ ഫാറൂഖി വിവാദ നായകനാണെന്നാണ് വിവരമെന്നും പൊലീസ് പറഞ്ഞു. ഇതോടെയാണ് ഞായറാഴ്ച രാവിലെ പരിപാടി റദ്ദാക്കിയതായി അറിയിച്ചത്.
ഷോ റദ്ദാക്കിയതുമായി ബന്ധപ്പെട്ട പ്രതികരണം ഫാറൂഖി ട്വിറ്ററിൽ പങ്കുവെച്ചു. 'വിദ്വേഷം ജയിച്ചു, കലാകാരൻ തോറ്റു. ഇത് പൂർത്തിയായി. ഗുഡ്‌ബൈഡ്. അനീതി' -എന്നായിരുന്നു ഫാറൂഖിയുടെ ട്വീറ്റ്. 600ൽ അധികം ടിക്കറ്റുകൾ വിറ്റഴിച്ച തന്റെ ഞായറാഴ്ചത്തെ ഷോയുടെ വേദി നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി അദ്ദേഹം പ്രസ്താവനയിൽ അറിയിച്ചു. തനിക്ക് സെൻസർ സർട്ടിഫിക്കറ്റ് ഉണ്ടെന്നും എന്നാൽ, ഭീഷണിയെത്തുടർന്ന് രണ്ടു മാസത്തിനിടെ 12 ഷോകൾ റദ്ദാക്കിയെന്നും അദ്ദേഹം പറഞ്ഞു.
നേരത്തേ, ഹാസ്യ പരിപാടിക്കിടെ ഹിന്ദുദൈവങ്ങളെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങൾ നടത്തിയെന്നും മതവികാരം വ്രണപ്പെടുത്തിയെന്നും ആരോപിച്ച് ജനുവരി ഒന്നിന് ഇൻഡോർ പൊലീസ് മുനവർ ഫാറൂഖിയെ അറസ്റ്റ് ചെയ്തിരുന്നു.
മറുനാടന് മലയാളി ബ്യൂറോ