- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'പൊതുസുരക്ഷക്ക് ഭീഷണി'; പരാതിയുമായി ബിജെപി; മുനവർ ഫാറൂഖിയെ ഗുഡ്ഗാവ് കോമഡി ഫെസ്റ്റിൽ നിന്ന് ഒഴിവാക്കി
ന്യൂഡൽഹി: ഗുഡ്ഗാവ് കോമഡി ഫെസ്റ്റിൽ നിന്ന് സ്റ്റാൻഡപ്പ് കൊമേഡിയൻ മുനവർ ഫാറൂഖിയെ ഒഴിവാക്കി. 'പൊതുസുരക്ഷ' പരിഗണിച്ചാണ് നടപടിയെന്ന് സംഘാടകർ അറിയിച്ചു. ഡിസംബർ 19ന് ഗുരുഗ്രാമിലെ സോഹ്ന റോഡിലുള്ള ആര്യ മാളിലാണ് പരിപാടി നടത്താൻ നിശ്ചയിച്ചിരുന്നത്. ഫാറൂഖിയെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നിരന്തരം ഫോൺ കോളുകളും സന്ദേശങ്ങളും ലഭിച്ചതായി സംഘാടകർ വ്യക്തമാക്കി. അതേ സമയം ബിജെപിയുടെ എതിർപ്പാണ് തീരുമാനത്തിന് പിന്നിലെന്നാണ് സൂചന.
പ്രൊമോഷണൽ പോസ്റ്ററുകളിൽ നിന്ന് ഫാറൂഖിയുടെ പേര് ഇതിനകം നീക്കം ചെയ്തിട്ടുണ്ട്. മുനവർ ഫാറൂഖിയുടെ ഷോ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച ഗുരുഗ്രാം പൊലീസിലാണ് പരാതി നൽകിയിരുന്നത്. ഫാറൂഖി പങ്കെടുക്കുന്നതിനെതിരെ ബിജെപി പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. തിങ്കളാഴ്ചയാണ് പരാതി ലഭിച്ചതെന്ന് അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ അമൻ യാദവ് പറഞ്ഞു.
മുനവർ ഫാറൂഖിയുടെ പരിപാടികൾ തുടർച്ചയായി റദ്ദാക്കപ്പെട്ട വിഷയത്തിൽ ശശി തരൂർ അടക്കമുള്ള കോൺഗ്രസ് നേതാക്കളും തൃണമൂൽ കോൺഗ്രസ് നേതാക്കളും പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്. സംഭവം ദൗർഭാഗ്യകരമാണെന്നായിരുന്നു ശശി തരൂർ പ്രതികരിച്ചത്. ആവിഷ്‌കാര സ്വാതന്ത്ര്യത്തെ പല രീതിയിലും തടയുന്നുണ്ട്. സ്റ്റാൻഡ് അപ് കൊമേഡിയന്റെ വേദി തടയുന്നത് അൽപത്തരവും ലജ്ജാകരവുമാണെന്നും തരൂർ പറഞ്ഞു.
2021 ജനുവരി മുതലായിരുന്നു മുനവർ ഫാറൂഖിക്ക് നേരെ സംഘപരിവാറിൽ നിന്നും പ്രത്യക്ഷമായ ആക്രമണങ്ങൾ വന്നുതുടങ്ങിയത്. ഹിന്ദു ദൈവങ്ങളേയും ബിജെപി നേതാവ് അമിത് ഷായേയും അപമാനിച്ച് സംസാരിച്ചു എന്ന പരാതിയിന്മേൽ ഫാറൂഖിയെ അറസ്റ്റ് ചെയ്തിരുന്നു.
പിന്നീട് ഇദ്ദേഹം തുടർച്ചയായി ബിജെപിയുടെ ജനവിരുദ്ധ നയങ്ങളെ തന്റെ കോമഡി ഷോകളിലൂടെ ചോദ്യം ചെയ്തത് കാരണം സംഘപരിപരിവാറിൽ നിന്നും ആക്രമണങ്ങളുണ്ടാകുകയും തന്റെ പരിപാടികൾ റദ്ദാക്കപ്പെടുകയും ചെയ്തതിന് പിന്നാലെയാണ് കരിയർ അവസാനിപ്പിക്കുന്നതായി ഫാറൂഖി പ്രഖ്യാപിച്ചത്.
രണ്ട് മാസത്തിനിടെ ഫാറൂഖിയുടെ 12 ഷോകളാണ് ഇത്തരത്തിൽ റദ്ദാക്കപ്പെട്ടത്. തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ് വഴിയായിരുന്നു ഫാറൂഖി കലാജീവിതം അവസാനിപ്പിച്ച കാര്യം അറിയിച്ചത്. എന്നാൽ ഫാറൂഖിക്ക് പിന്തുണ പ്രഖ്യാപിച്ച് കൊണ്ട് നിരവധി പേരാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിക്കുന്നത്.




