- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വൈദ്യൂതിയില്ലാത്ത ഊരിൽ സോളാർ പാനൽ ഉപയോഗിച്ച് വൈദ്യുതി; മൊബൈൽ റേഞ്ചില്ലാത്ത വനത്തിനകത്ത് ഓൺലൈൻ ക്ലാസ് ലൈവാക്കി; നിശ്ചയാദാർഡ്യത്തിന് മുന്നിൽ സലാം പറഞ്ഞ് കാട്ടാനയും വഴിമാറി; അദ്ധ്യാപനത്തിന്റെ പുത്തൻ പാഠം തീർത്ത് മുണ്ടേരി വനമേഖല; വിദ്യാർത്ഥികൾക്കായി കാട് കയറിയ അദ്ധ്യാപകരുടെ കഥ
മലപ്പുറം: കഷ്ടപ്പെട്ട് നാട്ടിലെത്തിയും മറ്റും പഠനം പൂർത്തീകരിച്ചിരുന്ന ആദിവാസി ഊരിലെ വിദ്യാർത്ഥികൾക്ക് തങ്ങളുടെ വിദ്യാഭ്യാസ മോഹത്തിന് മേൽ കിട്ടിയ തിരിച്ചടിയായിരുന്നു കോവിഡിനെത്തുടർന്നുള്ള ഓൺലൈൻ പഠനം. മൊബൈൽ റേഞ്ച് എത്തി നോക്കുക പോലും ചെയ്യാത്ത ചിലയിടങ്ങളിൽ മാത്രം തെളിയുന്ന വൈദ്യുതികൾ ഉള്ള ഇത്തരം മേഖലകൾക്ക് ഓൺലൈൻ പഠനം സ്വപനമാകുമെന്നായിരുന്നു കണക്കൂകൂട്ടൽ. എന്നാൽ അത്തരം ചിന്തകളെയൊക്കെ അസ്ഥാനത്താക്കി അദ്ധ്യാപനത്തിന്റെ പുത്തൻ പാഠം തീർക്കുകയായിരുന്നു മലപ്പുറം ജില്ലയിൽ വനത്തിനോടു ചേർന്നുകിടക്കുന്ന മുണ്ടേരി ഗവ. ഹൈസ്‌കൂളിലെ അദ്ധ്യാപകർ. വനത്തോട് ചേർന്ന് കിടക്കുന്ന പ്രദേശമായതിനാൽ തന്നെ ഓൺലൈൻ പഠനത്തിന്റെ ഒരു സാധ്യതയും പ്രദേശത്ത് ഉണ്ടായിരുന്നില്ല.അങ്ങിനെ തോൽക്കാൻ മനസ്സില്ലെന്ന വാശിയോടെ വിദ്യാർത്ഥികൾക്കായി അദ്ധ്യാപകർ കാട് കയറി.
പാലമില്ലാത്ത പുഴയും കാട്ടുവഴികളും അവർക്കു തടസ്സമായില്ല. പലപ്പോഴും ഭീഷണിയാകാറുള്ള ആനക്കൂട്ടം അദ്ധ്യാപകരുടെ ഇച്ഛാശക്തിക്കു മുന്നിൽ സലാം പറഞ്ഞ് വഴിമാറി. വൈദ്യുതി പോലുമില്ലാത്ത കോളനികളിലും മൊബൈൽ റേഞ്ചെന്ന വാക്കുപോലും ഹാജരാവാത്ത വനത്തിനകത്തും ഓൺലൈൻ ക്ലാസുകൾ ലൈവാക്കി. ഒന്നും രണ്ടുമല്ല, 8 ഓൺലൈൻ പഠനകേന്ദ്രങ്ങളാണു മുണ്ടേരി സ്‌കൂളിലെ അദ്ധ്യാപകരും പിടിഎയും ചേർന്നൊരുക്കിയത്. ഇതറിയുമ്പോഴാണ് വിദ്യാഭ്യാസത്തിന്റെ മുണ്ടേരി പാഠത്തിന്റെ ആഴവും പരപ്പും നമുക്ക് വ്യക്തമാകുക.കണക്കെടുത്തപ്പോൾ ഓൺലൈൻ പഠനത്തിന് ഒട്ടും സാഹചര്യമില്ലാത്ത 168 പേരുണ്ട്. ഇവരിലധികവും വനത്തിനകത്തെ കോളനികളിൽനിന്നു തന്നെ.
അങ്ങിനെയാണ്് കാട് കയറാൻ അദ്ധ്യാപകർ തീരുമാനിച്ചത്.പോത്തുകല്ല് പഞ്ചായത്തിലാണു 11 ആദിവാസി കോളനികളിലെ കുട്ടികളുടെ പ്രധാന ആശ്രയകേന്ദ്രമായ മുണ്ടേരി ഗ വ. ഹൈസ്‌കൂൾ. റിമോട്ടിലൊന്നു തൊട്ടാൽ തെളിയുന്ന വിദ്യാഭ്യാസചിത്രം ഈ കുട്ടികൾക്കു പ്രാപ്യവുമല്ല.സർക്കാർ സഹായത്തിനു കാത്തുനിൽക്കാതെ ഈ കോളനികളിൽ ഓൺലൈൻ പഠനകേന്ദ്രങ്ങൾ തുടങ്ങാനായിരുന്നു തീരുമാനം. ഏതൊക്കെ കോളനികളിലാണു പഠനകേന്ദ്രങ്ങൾ വേണ്ടതെന്നു കാണിച്ചു സ്ഥലം എംഎൽഎയ്ക്കും സന്നദ്ധ, യുവജന സംഘടനകൾക്കും കത്തെഴുതിയതോടെ സഹായം പ്രവഹിച്ചു.അങ്ങിനെ നാരങ്ങാപ്പൊയിൽ, അപ്പൻകാപ്പ്, തണ്ടൻകല്ല്, ഇരുട്ടുകുത്തി, വാണിയംപുഴ, തരിപ്പപ്പൊട്ടി, വെളുമ്പിയംപാടം എന്നിവിടങ്ങളിലായി 8 പഠനകേന്ദ്രങ്ങളും സ്‌കൂളിൽ മറ്റൊരു പഠനകേന്ദ്രവും തുടങ്ങി.
പി.വി.അൻവർ എംഎൽഎയും വിവിധ സന്നദ്ധ സംഘടനകളും ചേർന്നു ടിവികൾ സംഭാവനയായി നൽകിയെങ്കിലും അതു വയ്ക്കാനൊരു കെട്ടിടമോ പ്രവർത്തിപ്പിക്കാൻ വൈദ്യുതിയോ മിക്ക കോളനികളിലും ഇല്ലായിരുന്നു.താൽക്കാലിക ഷെഡുകൾ ഒരുക്കിയപ്പോൾ വൈദ്യുതിയായിരുന്നു വെല്ലുവിളി.സോളാർ പ്ലാന്റ് സ്ഥാപിച്ച് അതിനും പരിഹാരം കണ്ടു. ഇവിടങ്ങളിലേക്ക് ആവശ്യമായ ഡിടിഎച്ച് കണക്ഷൻ ഐടിഡിപിയും (ഇന്റഗ്രേറ്റഡ് ട്രൈബൽ ഡവലപ്മെന്റ് പ്രോഗ്രാം) സന്നദ്ധ സംഘടനകളും നൽകി. റീചാർജ് പിടിഎയും അദ്ധ്യാപകരും പിരിവിട്ടാണു നടത്തുന്നത്.
സംവിധാനമായെങ്കിലും പഠനം കൃത്യമായ രീതിയിൽ നടക്കുന്നുണ്ടോ എന്നറിയാൻ മാർഗമില്ലാത്തതായിരുന്നു അടുത്ത പ്രശ്‌നം. പല കോളനികളിലേക്കും വഴികളില്ല. ചാലിയാർ പുഴ കടന്നും ആനശല്യം രൂക്ഷമായ കാട്ടിലൂടെ നടന്നും വേണം കോളനികളിലെത്താൻ. ആകെ 22 സ്ഥിരം അദ്ധ്യാപകരും 10 താൽക്കാലികക്കാരുമാണു സ്‌കൂളിലുള്ളത്. രണ്ട് അദ്ധ്യാപകരെ വീതം ഓരോ കോളനിയിലേക്കും ദിവസവും അയയ്ക്കും. കോളനികളിലെ മുതിർന്ന ആരെങ്കിലുമാണ് അദ്ധ്യാപകർക്കു കൂട്ടുപോവുക. ആനയിറങ്ങിയതോ പുഴയിൽ ഒഴുക്കുകൂടുതലുള്ളതോ ആയ ദിവസങ്ങളിൽ ഇവർ അദ്ധ്യാപകരെ വിളിച്ചുപറയും, 'ടീച്ചറേ ഇന്ന് വരണ്ടാട്ടോ.കാലാവധി അവസാനിച്ചതിനാൽ താൽക്കാലിക അദ്ധ്യാപകർക്കു ശമ്പളംപോലുമുണ്ടായിരുന്നില്ല. പിടിഎയുടെ നേതൃത്വത്തിൽ പിരിവിട്ടു മാസം 1000 രൂപ വീതം നൽകിയാണ് ഇവരുടെ സേവനം ഉറപ്പുവരുത്തിയത്.
തുടർച്ചയായ ഇടപെടലുകൾകൊണ്ടു പഠനമികവിന്റെ പാതയിൽ സഞ്ചരിക്കുകയാണു മുണ്ടേരി ഗവ. ഹൈസ്‌കൂൾ. കഴിഞ്ഞ 3 വർഷവും പത്താം ക്ലാസിൽ 100 ശതമാനമാണു വിജയം. ചേരുന്ന കുട്ടികളുടെ എണ്ണവും പുഷ്ടിപ്പെട്ടു. 2017ൽ 514 കുട്ടികളാണ് ഉണ്ടായിരുന്നതെങ്കിൽ കഴിഞ്ഞ വർഷം ഇത് 825ലേക്കെത്തി. ഇത്തവണ ആയിരത്തിനടുത്തെത്തുമെന്നാണ് അദ്ധ്യാപകർ പറയുന്നത്. അതേസമയം കോളനികളിലെ ഓൺലൈൻ പഠനം നിരീക്ഷിക്കുന്നതിനു പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്. കോളനികളിൽത്തന്നെയുള്ള മുതിർന്ന വിദ്യാർത്ഥികളെയോ ഐടിഡിപിയുടെ നേതൃത്വത്തിൽ മറ്റാരെയെങ്കിലുമോ പഠനം നിരീക്ഷിക്കാൻ നിയോഗിച്ചാൽ സഹായമായിരിക്കുമെന്ന് പ്രധാനദ്ധ്യാപിക പറയുന്നു.
എങ്കിലും പരിമിതികളെ അതിജീവിച്ച് പ്രധാനാധ്യാപിക ആന്റോ സുജയുടെയും പിടിഎ പ്രസിഡന്റ് കെ.എസ്.റഫീഖിന്റെയും നേതൃത്വത്തിൽ രചിച്ച പുതിയൊരു പാഠം വിദ്യാഭ്യാസ ചരിത്രത്തിലെ തന്നെ മാതൃകയായിരുക്കുമെന്നതിൽ തർക്കമില്ല.
മറുനാടന് മലയാളി ബ്യൂറോ