- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കരാട്ട് റസാഖിനെ പിടിച്ചു കെട്ടി കോട്ട വീണ്ടെടുക്കാൻ മുനീർ; കോഴിക്കോട് സൗത്തിൽ യുവതുർക്കി ഫിറോസും പരിഗണനയിൽ; മഞ്ചേശ്വരത്ത് കമറുദ്ദീനും കളമശ്ശേരിയിൽ വികെ ഇബ്രാഹിംകുഞ്ഞിനും പകരക്കാർ വന്നേക്കും; കുഞ്ഞാലിക്കുട്ടിയുടെ കാര്യത്തിലും അവ്യക്തത; മുസ്ലിം ലീഗ് ലക്ഷ്യം 30 സീറ്റുകൾ വാങ്ങി 25ലെ ജയം
കോഴിക്കോട്: മുസ്ലിം ലീഗിൽ സിറ്റിങ് എംഎൽഎമാർക്കെല്ലാം സീറ്റ് ലഭിക്കാനാണ് സാധ്യത. കുഞ്ഞാലിക്കുട്ടി മത്സരരംഗത്ത് എത്തുന്ന സാഹചര്യത്തിലാണ് ഇത്. പരമാവധി സീറ്റിൽ ജയിക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി നിയമസഭാ കക്ഷി നേതാവ് ഡോ. എം.കെ. മുനീറിനെ ഇത്തവണ കൊടുവള്ളി മണ്ഡലത്തിൽ മത്സരിപ്പിക്കാൻ ലീഗ് ആലോചിക്കുന്നു. മഞ്ചേശ്വരം എംഎൽഎ കമറൂദ്ദീന് സീറ്റ് നൽകാനിടയില്ല. കേസിൽ കുടുങ്ങിയ സാഹചര്യത്തിലാണ് ഇത്. കളമശേരിയിൽ വികെ ഇബ്രാഹിംകുഞ്ഞിന് സീറ്റ് കിട്ടാനും സാധ്യത കുറവാണ്. അസുഖവും വിജിലൻസ് കേസും പരിഗണിച്ചാണ് ഇത്.
ഇതിലൂടെ കൊടുവള്ളി പിടിച്ചെടുക്കാനാണ് തീരുമാനം. കൊടുവള്ളിയിൽ ലീഗിന് ഉറച്ച കോട്ടകളുണ്ട്. കഴിഞ്ഞ തവണ ഈ കോട്ടകളിൽ വിള്ളലുണ്ടാക്കിയാണ് കരാട്ട് റസാഖ് കൊടുവള്ളിയിലെ എംഎൽഎയായത്. ഈ സാഹചര്യത്തിലാണ് മുനീറിനെ കോട്ട തിരിച്ചു പിടിക്കാൻ നിയോഗിക്കുന്നത്. ഇതിന്റെ ഗുണം തൊട്ടടുത്ത സീറ്റിലും കിട്ടുമെന്ന് ലീഗ് വിലയിരുത്തുന്നു. മുനീർ കഴിഞ്ഞ വട്ടം ജയിച്ച കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസിന്റെ പേരാണ് പരിഗണനയിലുള്ളത്. 30 സീറ്റിൽ മത്സരിക്കാനാണ് ലീഗ് താൽപ്പര്യം. ഇതിൽ 25 ഇടത്ത് ജയിക്കലാണ് ലക്ഷ്യം.
തിരഞ്ഞെടുപ്പിൽ സംസ്ഥാനം മുഴുവൻ പ്രചാരണത്തിനു മുൻനിരയിലുണ്ടാകേണ്ട മുനീറിന് ഒരു മണ്ഡലത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനാകില്ല എന്നതും കൂടുതൽ സുരക്ഷിതമായ കൊടുവള്ളിയിലേക്കു മാറാനുള്ള ആലോചനയ്ക്കു പിന്നിലുണ്ട്. കൊടുവള്ളിയിൽ വെല്ലുവിളി ഉണ്ടെങ്കിലും അത് മുനീറിന് മറികടക്കാനാകുമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ലീഗ് വിമതനായി രംഗത്തെത്തിയ കാരാട്ട് റസാഖ് എൽഡിഎഫ് പിന്തുണയോടെ വിജയിച്ചെങ്കിലും കൊടുവള്ളിയെ ഇപ്പോഴും സുരക്ഷിത മണ്ഡലമായാണു ലീഗ് കണക്കാക്കുന്നത്. മണ്ഡലം രൂപീകരിച്ചതിനു ശേഷം 2 വട്ടം മാത്രമാണ് എൽഡിഎഫ് സ്ഥാനാർത്ഥികൾ വിജയിച്ചത്. 2006 ൽ പിടിഎ റഹീമും 2016 ൽ കാരാട്ട് റസാഖും. മുസ്ലിം ലീഗ് പ്രാദേശിക നേതാക്കളായിരുന്ന ഇരുവരുടെയും വിജയത്തിനു പിന്നിൽ ലീഗിലെ പ്രാദേശിക ഭിന്നതകളായിരുന്നു.
മുനീർ മത്സരിക്കാനെത്തുന്നതോടെ ഇത്തരം ഭിന്നതകൾ അപ്രസ്‌കതമാകുമെന്നു പാർട്ടി കരുതുന്നു. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് മൽസരിച്ചത് 24 സീറ്റുകളിലാണ്. 18 സീറ്റിൽ വിജയിച്ച് കരുത്ത് തെളിയിക്കുകയും ചെയ്തു. എന്നാൽ ഇത്തവണ മുന്നണിയിലെ ചില കക്ഷികൾ കൊഴിഞ്ഞുപോയ ഒഴിവിൽ കൂടുതൽ സീറ്റുകൾ ചോദിച്ചുവാങ്ങാൻ മുസ്ലിം ലീഗ് തീരുമാനിച്ചിട്ടുണ്ട്. കൂടുതൽ സീറ്റും മലബാറിൽ തന്നെയാകും. തെക്കൻ കേരളത്തിൽ മുമ്പ് മൽസരിച്ച സീറ്റുകളിലും മുസ്ലിം ലീഗിന് കണ്ണുണ്ട്.
ലീഗിന് കുഞ്ഞാലിക്കുട്ടിക്കും സീറ്റ് കണ്ടെത്തണം. വേങ്ങര എംഎൽഎ സ്ഥാനം രാജിവച്ചായിരുന്നു ലോക്‌സഭ തിരഞ്ഞെടുപ്പിൽ 2019 ൽ പികെ കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് നിന്നും മത്സരിച്ച് വിജയിച്ചത്.എന്നാൽ ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസിന്റെ തകർച്ചയും നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സംസ്ഥാനത്തേക്ക് മടങ്ങിയാലുണ്ടാകുന്ന അനുകൂല ഘടകങ്ങളും കണക്ക്കൂട്ടിയായിരുന്നു എംപി സ്ഥാനം രാജിവെച്ച് കുഞ്ഞാലിക്കുട്ടിയെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങൾ മുസ്ലിം ലീഗ് നേതൃത്വം തുടങ്ങിയത്. പഴയ മണ്ഡലമായ വേങ്ങരയിലോ മലപ്പുറത്തോ കുഞ്ഞാലിക്കുട്ടിയെ മത്സരിപ്പിക്കാനായിരുന്നു ലീഗീന്റെ തിരുമാനം.എന്നാൽ കടുത്ത എതിർപ്പായിരുന്നു നീക്കത്തെതിരെ പാർട്ടിയിൽ നിന്നും ഉയർന്നത്. ഈ സാഹചര്യത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ല.
യുവാക്കൾക്ക് കൂടുതൽ പ്രാതിനിധ്യം നൽകാൻ മുസ്ലിം ലീഗ് ആലോചിക്കുന്നുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിൽ 70 ശതമാനം യുവാക്കളെയാണ് മുസ്ലിം ലീഗ് മൽസരിപ്പിച്ചത്. കാലത്തിന്റെ ആവശ്യം മനസിലാക്കിയാണ് മുസ്ലിം ലീഗ് നേതൃത്വം ഓരോ തീരുമാനങ്ങളും എടുത്തത് എന്ന് ജില്ലാ നേതാവ് പ്രതികരിച്ചു. ഉചിതമായ തീരുമാനം പാണക്കാട് ഹൈദരലി തങ്ങൾ എടുക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
മുസ്ലിം ലീഗും സമസ്തയും തമ്മിൽ അഭിപ്രായവ്യത്യാസങ്ങളില്ലെന്നും ഒറ്റക്കെട്ടാണെന്നും സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ പ്രഖ്യാപിച്ചതും പ്രതീക്ഷയോടെയാണ് ലീഗ് കാണുന്നത്. ഇരുസംഘടനകളും തമ്മിൽ ഒരുകാലത്തും ഭിന്നതയുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു പ്രതികരണം.
മുഖ്യമന്ത്രിയുടെ കേരള പര്യടനത്തിന്റെ മലപ്പുറത്തെ പരിപാടിയിൽ നിന്ന് സമസ്ത ജനറൽ സെക്രട്ടറി കെ.ആലിക്കുട്ടി മുസല്യാർ വിട്ടുനിന്നത് ലീഗിന്റെ സമ്മർദം മൂലമാണെന്ന ആരോപണം അദ്ദേഹം നിഷേധിച്ചു. ദേഹാസ്വാസ്ഥ്യം കാരണമാണ് വിട്ടുനിന്നതെന്നു നേരത്തേ പറഞ്ഞതാണെന്നും അറിയിച്ചു. സമസ്തയുമായി എന്നും നല്ല ബന്ധമാണെന്ന് ഹൈദരലി തങ്ങളും പ്രതികരിച്ചു.
മറുനാടന് മലയാളി ബ്യൂറോ