- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
പുറംനാടുകളിലെ പോലെ എന്നാണ് നമ്മുടെ സിവിൽ സർവീസിന്റെ ഉന്നതങ്ങളിൽ പുറമെ നിന്നുള്ള ആളുകൾ പത്രപരസ്യം വഴി എത്താൻ പോകുന്നത് ? എന്നാണ് പ്രായവും ഉത്തരവാദിത്തങ്ങളും തമ്മിലുള്ള ബന്ധം നമ്മൾ വിച്ഛേദിച്ചു കളയുന്നത് ?അതൊക്കെ ഞാൻ സ്വപ്നം കാണുന്ന കിനാശ്ശേരിയുടെ ഭാഗമാണ് : മുരളി തുമ്മാരുകുടി എഴുതുന്നു
സിവിൽ സർവ്വീസ് തലപ്പത്തെ ജോലി..
നോർത്തേൺ അയർലാൻഡിലെ സിവിൽ സർവീസിന്റെ തലൈവി/തലവനെ അന്വേഷിച്ചുകൊണ്ട് എക്കോണമിസ്റ്റ് മാസികയിൽ വന്ന പരസ്യമാണ്.അയർലണ്ടിലെ ഇരുപത്തിമൂവായിരത്തോളം വരുന്ന സർക്കാർ ഉദ്യോഗസ്ഥരുടെ തലപ്പത്തായിരിക്കും ഈ ജോലി കിട്ടുന്ന ആൾ. ഈ ജോലിയാണ് അയർലണ്ടിൽ പത്രപ്പരസ്യം വഴി ആളുകളെ തിരഞ്ഞെടുക്കാൻ നോക്കുന്നത്.
അത് മാത്രമല്ല മുപ്പത്തി അഞ്ചു വയസ്സിൽ താഴെയുള്ളവർ ഇപ്പോൾ സിവിൽ സർവീസിലെ സീനിയർ ജോലികളിൽ അധികം ഇല്ലാത്തതിനാൽ അവരോട് പ്രത്യേകം സ്വാഗതം പറഞ്ഞിട്ടുണ്ട്. വളരെ ചെറുപ്പകാലത്ത് തന്നെ മിടുക്കന്മാരായ ആളുകളെ സിവിൽ സർവീസിൽ എടുത്ത് അവർക്ക് നല്ല അടിസ്ഥാനപരിശീലനം നൽകി ഉത്തരവാദമുള്ള ജോലികൾ നൽകി പടിപടിയായി ഉയർത്തിക്കൊണ്ട് വരുന്ന ഒരു സിവിൽ സർവീസ് സംവിധാനമാണ് സ്വതന്ത്ര ഇന്ത്യയിൽ ഉള്ളത്. അത് കഴിഞ്ഞ കഴിഞ്ഞ നൂറ്റാണ്ടിൽ തുടങ്ങിയ സംവിധാനം ആണ്.
അത് നമുക്ക് ബ്രിട്ടീഷ് ഇന്ത്യയിൽ നിന്നും കിട്ടിയതാണ്. പത്തൊമ്പതാം നൂറ്റാണ്ടിൽ അവർ തുടങ്ങിയ ഒരു സംവിധാനമായിരുന്നു അത്. ബ്രിട്ടീഷുകാർക്ക് അത് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയിൽ നിന്നും കിട്ടിയതാണ്. ആയിരത്തി എണ്ണൂറ്റി ആറിലാണ് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി അവരുടെ ഉദ്യോഗസ്ഥരെ പരിശീലിപ്പിക്കാൻ ഒരു സ്ഥാപനം തുടങ്ങുന്നത്. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് ആ ആശയം കിട്ടുന്നത് ചൈനയിൽ ജോലി ചെയ്തിരുന്ന അവരുടെ ഉദ്യോഗസ്ഥരിൽ നിന്നാണ്.
ചൈനയിൽ പരീക്ഷയെഴുതി സർക്കാർ ജോലിക്ക് ആളുകളെ വക്കുന്ന പരിപാടി തുടങ്ങിയത് ഏഴാം നൂറ്റാണ്ടിലാണ്. അത് തന്നെ പരീക്ഷ പാസ്സാവുന്നവർക്ക് സർക്കാർ ജോലിയിൽ മുൻഗണന നൽകണമെന്ന ബി സി രണ്ടാം നൂറ്റാണ്ട് മുതലുള്ള ചില മാർഗ്ഗ നിർദ്ദേശങ്ങളുടെ ചുവടുപിടിച്ചാണ്. അതായത് ഇന്ത്യയിലെ സിവിൽ സർവീസിന് വലിയ ഒരു പാരമ്പര്യം ഉണ്ട്.
ഇന്ത്യയിൽ മാത്രമല്ല ബ്രിട്ടീഷുകാർ ഭരിച്ചിരുന്ന പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക, നൈജീരിയ ഇവിടങ്ങളിൽ ഒക്കെ നമ്മുടെ പോലുള്ള സിവിൽ സർവീസ് സംവിധാനം ഉണ്ട്. പക്ഷെ ഗ്രേറ്റ് ബ്രിട്ടനിൽ സിവിൽ സർവീസിന് ഏറെ മാറ്റങ്ങൾ ഉണ്ടായി. മാർഗരറ്റ് താച്ചർ പ്രധാനമന്ത്രി ആയതോടെ സിവിൽ സർവീസിന്റെ വലുപ്പം കുറക്കാനുള്ള ശ്രമങ്ങൾ തുടങ്ങി, സിവിൽ സർവീസ് ഡിപ്പാർട്ടമെന്റ് തന്നെ വേണ്ടെന്ന് വച്ചു. ഒരു പതിറ്റാണ്ടിനകം ഭരണ നിർവ്വഹണത്തിനുള്ള ഏറെ സിവിൽ സർവീസ് സംവിധാനങ്ങൾ എക്‌സിക്യൂട്ടീവ് ഏജൻസി ആയി മാറി, പഴയ സിവിൽ സർവ്വീസിന്റെ വലുപ്പം പകുതിയായി.
മാറ്റങ്ങൾ പിന്നെയും ഉണ്ടായി. ടോണി ബ്ലയെർ പ്രധാനമന്ത്രി ആയതോടെ പ്രധാനമന്ത്രി ഉൾപ്പടെയുള്ള മന്ത്രിമാർക്ക് 'പ്രത്യേക ഉപദേശകർ' ഉണ്ടായി. നയരൂപീകരണത്തിന്റെ കാര്യത്തിൽ മന്ത്രിമാർ അവരുടെ ഉപദേശകരെ സിവിൽ സർവീസിൽ ഉള്ളവരേക്കാൾ കൂടുതൽ ആശ്രയിക്കാൻ തുടങ്ങി. സർക്കാരിന്റെ ഉയർന്ന തലങ്ങളിൽ അങ്ങനെ സിവിൽ സർവീസ് സംവിധാനത്തിന് പുറമെ നിന്നുള്ളവർ എത്തുന്ന സാഹചര്യം ഉണ്ടായി.ഇതൊക്കെ കാലം വരുത്തുന്ന മാറ്റങ്ങൾ ആണ്,കാലം ആവശ്യപ്പെടുന്നതും ആണ്.ഇതിന്റെ ഒരു പ്രതിഫലനമാണ് സിവിൽ സർവീസ് തലവനെ തന്നെ പുറമെ നിന്നും അന്വേഷിക്കുന്ന അയർലണ്ടിലെ പത്രപ്പരസ്യം.
എന്നാണ് നമ്മുടെ സിവിൽ സർവീസിൽ ഇത്തരം മാറ്റങ്ങൾ ഉണ്ടാകുന്നത് ? എന്നാണ് നമ്മുടെ സിവിൽ സർവീസിന്റെ ഉന്നതങ്ങളിൽ പുറമെ നിന്നുള്ള ആളുകൾ എത്താൻ പോകുന്നത് ? എന്നാണ് നമ്മുടെ വകുപ്പ് സെക്രട്ടറിമാരുടെ ജോലിയൊക്കെ പത്രപ്പരസ്യം വഴി അപേക്ഷ ക്ഷണിക്കുന്ന കാലം വരുന്നത് ?, എന്നാണ് പ്രായവും ഉത്തരവാദിത്തങ്ങളും തമ്മിലുള്ള ബന്ധം നമ്മൾ വിച്ഛേദിച്ചു കളയുന്നത് ?
അതൊക്കെ ഞാൻ സ്വപ്നം കാണുന്ന കിനാശ്ശേരിയുടെ ഭാഗമാണ്
അന്താരാഷ്ട്രതലത്തിൽ ഏറ്റവും അറിയപ്പെടുന്ന ദുരന്ത നിവാരണ വിദഗ്ധനാണ് മുരളീ തുമ്മാരുകുടി. ഐക്യരാഷ്ട്ര പരിസ്ഥിതി സംഘടനയുടെ ദുരന്ത ലഘൂകരണ വിഭാഗം തലവനാണ് മലയാളിയായ മുരളീ തുമ്മാരുകുടി.