കോഴിക്കോട്: ആർ എം പി ഐ പ്രവർത്തകനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതായി പരാതി. വടകര കല്ലാമല സ്വദേശി അമിത് ചന്ദ്രനാണ് ഗുരുതരമായി പരിക്കറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലുള്ളത്. സി പി എം പ്രവർത്തകർ കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് പരാതി. ശനിയാഴ്ച രാത്രി പത്തരയ്ക്ക് അമിത് ഓടിച്ചിരുന്ന ബൈക്ക് കാറുപയോഗിച്ച് ഇടിച്ചിട്ട ശേഷം ശരീരത്തിലൂടെ കയറ്റിയെന്നാണ് പരാതി. മാഹി റെയിൽവേ സ്റ്റേഷൻ റോഡിലായിരുന്നു സംഭവം. അമിത്തിന്റെ പിതാവിന്റെ പരാതി ആർ എം പി നേതാക്കളാണ് വടകര എസ് പി ക്ക് കൈമാറിയത്. അമിത് അത്യാഹിത വിഭാഗത്തിൽ കഴിയുന്നതിനാൽ മൊഴിയെടുക്കാൻ കഴിഞ്ഞില്ലെന്ന് ചോമ്പാല പൊലീസ് പറഞ്ഞു.

അഴിയൂർ കല്ലാമലയിൽ ആർ എം പി ഐ പ്രവർത്തകൻ അമിത് ചന്ദ്രനെ കാറുകയറ്റി കൊല്ലാൻ ശ്രമിച്ച സി. പി. എം ക്രിമിനലുകളെ ഉടൻ അറസ്റ്റ് ചെയ്യാൻ പൊലീസ് അധികാരികൾ തയ്യാറാകണമെന്ന് ആർ എം പി ഐ സംസ്ഥാന സെക്രട്ടറി എൻ വേണു പ്രസ്താവനയിൽ പറഞ്ഞു. ഇതിനു പിന്നിൽ സി പി എം നേതൃത്വത്തിന്റെ ആസൂത്രണ ഗൂഡാലോനയുണ്ട്. കഴിഞ്ഞ കുറച്ചു ദിവസമായി തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകളിൽ പരാജയം മുന്നിൽ കണ്ട് ആർ എം പി ഐ പ്രവർത്തകനായ അമിത് ചന്ദ്രനും സഹപ്രവർത്തകർക്കും സി പി എമ്മിൽ നിന്നും വധഭീഷണിയുണ്ടായിരുന്നു.

പാർലമെന്റ് തിരഞ്ഞെടുപ്പിൽ വടകരയിൽ പി. ജയരാജന്റെ കനത്ത തോൽവിക്ക് ശേഷം അക്രമണത്തിൽ നിന്നും പുറകോട്ടു പോയ ക്രിമിനൽ സംഘത്തെ പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ ഭാഗമായി വീണ്ടും ആയുധവൽകരിച്ചതിന്റെ ഭാഗമാണ് ഈ അക്രമം ചന്ദ്രശേഖരൻ വധത്തിന്റെ അക്രമണ രീതിയാണ് അവർ സ്വീകരിച്ചത്. ഒളിപ്പിച്ചു വെച്ച കാർ മൂന്ന് ദിവസം കഴിഞ്ഞാണ് കണ്ടെത്താൻ കഴിഞ്ഞത്. കൊലയാളി പാർട്ടിയായ സി പി എം ബഹുജന അടിത്തറ തകർന്നിട്ടും ഊരിയ കൊല വാളുകൾ താഴ്‌ത്തില്ലന്നതിന്റെ തെളിവുകൂടിയാണ് ഈ അക്രമം അക്രമകാരികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ പൊലീസധികാരികൾ തയ്യാറാകണമെന്നും പൊതു സമൂഹം അക്രമികളെ ഒറ്റപെടുത്തണമെന്നും വേണു പറഞ്ഞു