- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദുരഭിമാന കൊലപാതകശ്രമം വെള്ളിമാടുകുന്നിലും; സിപിഐ ബ്രാഞ്ച് അംഗം റിനീഷ് കയ്യാലത്തോടിയെ ക്വട്ടേഷൻ സംഘം ക്രൂരമായി അക്രമിച്ചു; കത്തി പിടിപ്പിച്ച ഇരുമ്പു ദണ്ഡുകൊണ്ട് തലയ്ക്ക് അടിച്ചു; ഗുരുതരമായി പരിക്കേറ്റ റിനീഷ് ചികിത്സയിൽ; അക്രമിച്ചത് ഭാര്യാ സഹോദരന്റെ പ്രണയ വിവാഹത്തിന് പിന്തുണ നൽകിയതിന്
കോഴിക്കോട്: ഭാര്യാ സഹോദരന്റെ പ്രണയ വിവാഹത്തിന് പിന്തുണ നൽകിയതിന്റെ പേരിൽ യുവാവിന് നേരെ വധശ്രമം. സിപിഐ വെള്ളിമാടുകുന്നു ബ്രാഞ്ച് അംഗവും കോഴിക്കോട്ടെ സാംസ്കാരിക- ജീവകാരുണ്യ സംഘടനയായ റെഡ് യംഗ്‌സ് വെള്ളിമാടുകുന്നിന്റെ അഡൈ്വസറി ബോർഡ് അംഗവുമായ റിനീഷ് കയ്യാലത്തോടിക്കു നേരെയാണ് അക്രമമുണ്ടായത്. ഇന്നലെ രാത്രി 8.45 ഓടെയാണ് സംഭവം.
കോവൂരിലെ ടെക്‌സ്‌റ്റൈൽ സ്ഥാപനം അടച്ചു സ്‌കൂട്ടറിൽ വീട്ടിലേക്ക് വരുമ്പോൾ വീടിന് മുൻവശത്തുവച്ചായിരുന്നു അക്രമം. വീടിന് മുമ്പിൽ അപരിചതരായ രണ്ടുപേർ നിൽക്കുന്നത് കണ്ട് ആരാണ് എന്ന് ചോദിച്ചപ്പോൾ നിങ്ങൾ റിനീഷ് അല്ലേ, വീടെവിടെ ആണ് എന്നു അപരിചിതർ അന്വേഷിക്കുകയാണ്. അതെയെന്ന് മറുപടി പറഞ്ഞപ്പോൾ ഹെൽമറ്റ് അഴിക്കുമോ എന്ന് ചോദിച്ചു. തനിക്ക് പരിചയമുള്ള ആരെങ്കിലും ആവുമെന്ന് കരുതി ഹെൽമെറ്റ് അഴിച്ചപ്പോൾ ഇത് പാലോറ അനിരുദ്ധനും ഭാര്യ അജിതയും തന്ന ക്വട്ടേഷൻ ആണെന്നും പറഞ്ഞു കത്തി പിടിപ്പിച്ച ഇരുമ്പു ദണ്ഡുകൊണ്ട് തലയ്ക്കു അടിക്കുകയായിരുന്നുവെന്ന് റിനീഷ് പറയുന്നു.
അക്രമം ചെറുക്കാൻ ശ്രമിച്ചപ്പോൾ കൈക്കും മർദ്ദനമേറ്റു. ഗുരുതരമായി പരിക്കേറ്റ റിനീഷ് രക്തത്തിൽ കുളിച്ച് നിലത്ത് വീണുപോവുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന സഹോദരി ഭർത്താവ് ജയപ്രകാശ് ഓടി വരുമ്പോഴേക്കും അക്രമികൾ ഓടി രക്ഷപെട്ടു. റിനീഷ് കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. തലയിൽ 14 തുന്നികെട്ടലുകൾ ഉണ്ട്. റിനീഷിന്റെ ഭാര്യ സഹോദരൻ സ്വരൂപ് ക്വട്ടേഷൻ നൽകിയെന്ന് അക്രമികൾ പറഞ്ഞ ദമ്പതികളുടെ മകളുമായി പ്രണയത്തിലായിരുന്നു. ഇവരിപ്പോൾ വിവാഹിതരായി വിദേശത്തു താമസിച്ചുവരികയാണ്. ഈ പ്രണയ വിവാഹത്തിന് പിന്തുണ നൽകി എന്നാരോപിച്ച് നിരവധി തവണ റിനീഷിന് ഭീഷണി ഉണ്ടായിരുന്നു.
സിപിഐ യുടെ സജീവ പ്രവർത്തകനും, റെഡ് യംഗ്‌സ് വെള്ളിമാടുകുന്നിന്റെ പ്രധാനിയുമായ ഒരാൾക്ക് നേരെ ഉണ്ടായ കൊലപാതക ശ്രമത്തിൽ സിപിഐ ചേവായൂർ ലോക്കൽ കമ്മറ്റിയും, സിപി നോർത്ത് മണ്ഡലം കമ്മറ്റിയും പ്രതിഷേധിച്ചു. അക്രമികൾക്കും അതിനു പ്രേരിപ്പിച്ചവർക്കുമെതിരെ കൊലപാതക ശ്രമ കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്ത് പ്രതികളെ നിയമത്തിന് മുമ്പിൽ കൊണ്ടുവരണമെന്ന് സിപിഐ കമ്മിറ്റികൾ സംയുക്ത പ്രസ്താവനയിൽ ചേവായൂർ പൊലീസിനോട് ആവശ്യപ്പെട്ടു. നടപടി ഉണ്ടാവാത്ത പക്ഷം പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് റെഡ് യംഗ്‌സ് വെള്ളിമാടുകുന്ന് ഭാരവാഹികൾ വ്യക്തമാക്കി.
കെ വി നിരഞ്ജന് മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്.