അടൂർ: അടൂർ യുവതയെന്ന സന്നദ്ധ സംഘടനയുടെ സജീവ പ്രവർത്തകനായ വടക്കടത്തുകാവ് കിണറുവിളയിൽ ബിജോയ് തോമസ് (38)നെ വാഹനമിടിച്ച് കൊല്ലാൻ ശ്രമിച്ച സിപിഎം-ഡിവൈഎഫ്ഐ നേതാക്കളായ മണ്ണു മാഫിയ തലവന്മാർ. സംഭവം നിസാരവൽക്കരിച്ച് പ്രതികളെ രക്ഷപ്പെടുത്താനുള്ള നീക്കം പൊലീസും സിപിഎമ്മും നടത്തുകയാണ്.

ബിജോയിയുടെ സുഹൃത്ത് സുബിന്റെ കാർ പറക്കോട് വച്ച് ഒരു ഓട്ടോറിക്ഷയിൽ തട്ടിയിരുന്നുവെന്നും അതേ തുടർന്നുള്ള സംഘർഷത്തിന്റെ ബാക്കി പത്രമായി നടന്ന ക്വട്ടേഷൻ ആക്രമണമാണ് ഇതെന്നുമാണ് പൊലീസ് മാധ്യമങ്ങളോട് പറഞ്ഞത്. മറ്റു മാധ്യമങ്ങൾ ഈ വിവരം തൊള്ള തൊടാതെ വിഴുങ്ങിയപ്പോൾ ആക്രമണം നടത്തിയ സിപിഎം-ഡിവൈഎഫ്ഐ നേതാക്കളായ മണ്ണു മാഫിയയാണെന്ന് മറുനാടൻ വാർത്ത പ്രസിദ്ധീകരിച്ചു.

കേസിൽ ഒരു പ്രതിയെ അറസ്റ്റ് ചെയ്തതോടെ മറുനാടൻ വാർത്ത സത്യമാണെന്ന് തെളിഞ്ഞു. പൊലീസ് പക്ഷേ, പച്ചക്കള്ളം ആവർത്തിച്ചു കൊണ്ടിരിക്കുന്നു. പറക്കോട് കൊച്ചു കുറ്റിതെക്കേതിൽ നിർമ്മൽ ജനാർദ്ദനൻ (കണ്ണപ്പൻ -31 ) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മറ്റൊരു പ്രതിയായ ജിനു ഒളിവിലാണ്. പൊലീസുമായുണ്ടാക്കിയ രഹസ്യ ധാരണ പ്രകാരം കണ്ണപ്പനെ ഏനാത്ത് കുളക്കടയിൽ എത്തിക്കുകയും അവിടെ വച്ച് സിപിഎം നേതാക്കളുടെ സാന്നിധ്യത്തിൽ കൈമാറുകയുമായിരുന്നു. കണ്ണപ്പൻ പന്തളം, കൊടുമൺ, അടൂർ, പത്തനംതിട്ട സ്റ്റേഷനുകളിലെ നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.


കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 11.15 ന് ആണ് ബിജോയിക്ക് നേരെ ആക്രമണം ഉണ്ടായത്. രാത്രി 10.30 ന് ഹൈസ്‌കൂൾ ജങ്ഷനിൽ ഡിവൈഡറിൽ ഇടിച്ച് ഓട്ടോറിക്ഷ മറിഞ്ഞ് പരുക്കേറ്റയാളെ ജനറൽ ആശുപത്രിയിൽ എത്തിച്ച ശേഷം റോഡരുകിൽ നിൽക്കവെയാണ് കാർ പാഞ്ഞെത്തി ബിജോയ് തോമസിനെ ഇടിച്ച് തെറുപ്പിച്ചത്. ഇടിയേറ്റ് വീണ ബിജോയിയെ വീണ്ടും ആക്രമിക്കുന്നതിനായി കാർ ചീറിപ്പാഞ്ഞു വന്നു. കൂടി നിന്നവർ കല്ലെറിഞ്ഞതോടെയാണ് ക്വട്ടേഷൻ സംഘം പിന്തിരിഞ്ഞത്.

ജനറൽ ആശുപത്രിയിൽ തന്നെ പ്രാഥമിക ചികിൽസ നൽകിയ ശേഷം ബിജോയിയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി ഒരു താർ ജീപ്പിൽ ആംബുലൻസിനെ പിന്തുടർന്നു. ഏനാത്ത് വച്ച് ആംബുലൻസ് തടഞ്ഞ് ക്വട്ടേഷൻ സംഘം കൊലവിളി നടത്തുകയും ചെയ്തു.

കെഎൽ 26 ജെ 500 നമ്പർ മാരുതി ബ്രസ കാറിൽ വന്നവരാണ് തന്നെ ഇടിച്ചു വീഴ്‌ത്തിയതെന്നും അതിന്റെ മുൻ സീറ്റിൽ ജിനു ഉണ്ടായിരുന്നുവെന്നും ബിജോയി തോമസ് മൊഴി നൽകിയിരുന്നു. മുൻപ് സിപിഎം പ്രവർത്തകനായിരുന്നു ബിജോയ്. ഏരിയാ നേതാവിന്റെ വഴി വിട്ട പ്രവർത്തനങ്ങളോട് യോജിക്കാൻ കഴിയാതെയാണ് ബിജോയിയും മറ്റ് നിരവധി ചെറുപ്പക്കാരും പാർട്ടി വിട്ടത്. ഇവർ സിപിഐയിൽ ചേരാൻ തയ്യാറെടുത്തു വരികയാണ്.

പാർട്ടി വിട്ട ശേഷം സന്നദ്ധ പ്രവർത്തനത്തിനായി രൂപീകരിച്ച സംഘടനയാണ് യുവത. ചുരുങ്ങിയ കാലം കൊണ്ട് യുവത നാട്ടുകാർക്കിടയിൽ പരിചിതമായി. ഇവർക്ക് ജനപിന്തുണയേറുകയും ചെയ്തു. ഊർജസ്വലരായ ഒരു പറ്റം യുവാക്കളാണ് യുവതയുടെ കരുത്ത്. ഇവർ കൂട്ടത്തോടെ സിപിഐയിൽ ചേരുന്നത് സിപിഎമ്മിന്റെ ഏരിയാ നേതാക്കൾക്ക് തിരിച്ചടിയാകുമെന്നതും ക്വട്ടേഷൻ ആക്രമണത്തിന് കാരണമായെന്ന് കരുതാം.
വധശ്രമക്കേസിൽ കണ്ണപ്പൻ അറസ്റ്റിലായപ്പോഴാണ് ഇതിന്റെ കാരണം തേടി പാർട്ടി നേതൃത്വം ഇറങ്ങിയത്.

അടൂർ ഡിവൈഎസ്‌പിയുടെ സ്‌ക്വാഡ് ജിനു-കണ്ണപ്പൻ ലോബിയുടെ മണ്ണു കടത്ത് വാഹനം പിടികൂടിയിരുന്നുവെന്നും അത് ഒറ്റിയത് ബിജോയ് ആണെന്നും കരുതിയാണ് കൊല്ലാൻ ശ്രമിച്ചത്. എന്നാൽ, ബിജോയിക്ക് ഇതിൽ ഒരു മനസറിവുമില്ലെന്നും ഡിവൈഎസ്‌പി നിയോഗിച്ച സ്‌ക്വാഡാണ് മണ്ണു ലോറി പിടിച്ചതെന്നും മനസിലായി. തെറ്റിദ്ധാരണയുടെ പുറത്ത് നടന്ന ക്വട്ടേഷന ആക്രമണം ഒത്തു തീർപ്പാക്കാൻ ജനപ്രതിനിധിയായ സിപിഎം നേതാവിന്റെ സാന്നിധ്യത്തിൽ ചർച്ച ആരംഭിച്ചു. കണ്ണപ്പൻ അറസ്റ്റിലായ സ്ഥിതിക്ക് ഇനി ജിനുവിന്റെ അറസ്റ്റ് ഒഴിവാക്കാനാണ് ശ്രമം.

പ്രശ്നം രമ്യമായി പരിഹരിക്കാൻ സമീപിച്ചെങ്കിലും ബിജോയി സമ്മതിച്ചില്ല. ഇതോടെയാണ് ജിനുവിന് മുൻകൂർ ജാമ്യം നേടിയെടുക്കാനുള്ള ശ്രമം ആരംഭിച്ചത്. ഇതിനായി സഹായം വാഗ്ദാനം ചെയ്തിട്ടുള്ളത് ഉന്നത പൊലീസ് ഉദ്യോഗസ്ഥനാണ്. ജാമ്യാപേക്ഷയിൽ തീർപ്പാകുന്നതു വരെ ഞങ്ങൾ തൊടില്ലെന്ന ഉറപ്പാണ് ഈ ഉദ്യോഗസ്ഥൻ നൽകിയിരിക്കുന്നത്. ഇതേ നിലപാട് തന്നെയാണ് 40 ലക്ഷത്തിന്റെ ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് കേബിൾ മോഷ്ടിച്ച അജി ഫിലിപ്പിന്റെ കാര്യത്തിലും അടൂർ പൊലീസ് സ്വീകരിച്ചിരിക്കുന്നത്. അയാളുടെ ജാമ്യഹർജി തള്ളിയെങ്കിലും അറസ്റ്റ് ചെയ്യാൻ പൊലീസ് തയാറല്ല.

അജി അന്വേഷണ ഉദ്യോഗസ്ഥന്റെ മുമ്പാകെ ഹാജരാകുമെന്നാണ് അഭിഭാഷകൻ കോടതിയിൽ പറഞ്ഞത്. കോടതി ഇതു സമ്മതിക്കുകയും ചെയ്തു. അജി വന്ന് ഹാജരാകട്ടെ അപ്പോൾ അറസ്റ്റ് ചെയ്യാമെന്നാണ് പൊലീസിന്റെ നിലപാട്. കീഴടങ്ങാൻ വന്നാൽ റിമാൻഡിൽ പോകുമെന്നതിനാൽ അതിന് അജി തയാറല്ല. മുൻകൂർ ജാമ്യത്തിനായി സുപ്രീം കോടതിയെ സമിപിക്കാനാണ് നീക്കം. ഇനി ആ ഹർജി കൂടി തീർപ്പായിട്ടാകാം അറസ്റ്റ് എന്നാണ് പൊലീസിന്റെ ഇപ്പോഴത്തെ തീരുമാനം.

ഇതേ പോലെ ജിനുവിന്റെ അറസ്റ്റും വൈകിപ്പിക്കും. അടൂർ ഡിവൈഎസ്‌പിക്ക് മുന്നിലൂടെ നെഞ്ചും വിരിച്ച് ജിനു നടക്കുന്നുണ്ട്. പൊലീസ് തൊടുന്നില്ല. തൊടില്ലെന്ന് ശക്തമായ ഉറപ്പ് പൊലീസ് ഉന്നതൻ നൽകിയിട്ടുണ്ട്. ജിനുവിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ബിജോയി തോമസും കക്ഷി ചേരും