കോഴിക്കോട്: റമദാൻ വ്രതം, രണ്ട് പെരുന്നാളുകൾ തുടങ്ങി ഇസ്ലാമിക വിശ്വാസവുമായി ബന്ധപ്പെട്ട പ്രത്യേക ദിനങ്ങൾ പ്രഖ്യാപിക്കുന്നതിന് കഴിഞ്ഞ കുറെ വർഷങ്ങളായി കേരളത്തിലെ മുസ്ലിം സംഘടനകൾക്കിടയിൽ ഒരു പൊതുധാരണയുണ്ടായിരുന്നു. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ അദ്ധ്യക്ഷനായിട്ടുള്ള മുസ്ലിം സൗഹൃദ വേദിയുടെ ആഭിമുഖ്യത്തിൽ ഒരുമിച്ചായിരുന്നു കഴിഞ്ഞ കുറെ നാളുകളായി കേരളത്തിൽ പെരുന്നാൾ പ്രഖ്യാപിച്ചിരുന്നത്.

എന്നാൽ ഈ വർഷം ഈ ഐക്യത്തിൽ വിള്ളലുണ്ടാക്കിയിരിക്കുകയാണ് കേരളത്തിലെ വിവിധ മുജാഹിദ് സംഘടനകൾ. ഈ സൗഹൃദവേദിയിലെ ധാരണ ലംഘിച്ചാണ് വിവിധ മുജാഹിദ് സംഘടനകൾ ഈ വർഷം പെരുന്നാൾ പ്രഖ്യാപിച്ചിരിക്കുന്നത്. കെഎൻഎം മർകസുദഅവ വിഭാഗം, കെഎൻഎം സിഡി ടവർ വിഭാഗം, വിസ്ഡം മുജാഹിദ് എന്നീ സംഘടനകളാണ് ഐക്യ പ്രഖ്യാപനത്തിന് കാത്തുനിൽക്കാതെ നേരത്ത തന്നെ പെരുന്നാൾ പ്രഖ്യാപിച്ചത്. ഇത് സൗഹൃദവേദിയുടെ ഐക്യത്തെയും കെട്ടുറപ്പിനെയും തകർക്കുന്നതാണെന്ന വിമർശനം വിവിധ മുസ്ലിം മതപണ്ഡിതന്മാർക്കിയിൽ നിന്നുണ്ടാവുകയും ചെയ്തിരിക്കുന്നു.

ഈദുൽ ഫിത്വർ അഥവാ ചെറിയ പെരുന്നാൾ വ്യാഴായ്ചയായിരിക്കുമെന്ന് ഞായറാഴ്ച തന്നെ പ്രഖ്യാപിച്ചുകൊണ്ടാണ് കെഎൻഎം മർകസുദഅവ വിഭാഗം രംഗത്തുവന്നത്. എന്നാൽ എന്നാൽ കെഎൻഎം സിഡി ടവർ വിഭാഗം ഇന്നലെയാണ് പെരുന്നാൾ വ്യാഴാഴ്ചയാണെന്ന് പ്രഖ്യാപിച്ചത്. വിസ്ഡം മുജാഹിദ് വിഭാഗവും നേരത്തെ തന്നെ പെരുന്നാൾ പ്രഖ്യാപനം നടത്തിയിരുന്നു. ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി ഹിജ്റ കമ്മറ്റി പെരുന്നാൾ ബുധനാഴ്ചയാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഇത്തരത്തിൽ പല സമയത്ത് പല ധാരണകളുടെ അടിസ്ഥാനത്തിലാണ് മുജാഹിദ് സംഘടനകൾ ഈ വർഷം പെരുന്നാൾ പ്രഖ്യാപിച്ചത്.

ഭിന്ന അഭിപ്രായങ്ങളും ആശയങ്ങളുമുള്ള കേരളത്തിലെ മുസ്ലിം സംഘടനകളെ ഒരുമിച്ച നിർത്തുന്ന ഏക പ്ലാറ്റ്ഫോമാണ് ഹൈദരലി ശിഹാബ് തങ്ങൽ അദ്ധ്യക്ഷനായിട്ടുള്ള മുസ്ലിസം സൗഹൃദവേദി. ഈ ഐക്യത്തെ തകർക്കുന്ന നിലപാടാണ് വിവിധ മുജാഹിദ് സംഘടനകൾ ഈ വർഷത്തെ പെരുന്നാൾ പ്രഖ്യാപനത്തിലൂടെ എടുത്തിരിക്കുന്നത്. കഴിഞ്ഞ വർഷവും ചില മുജാഹിദ് സംഘടനകളിൽ നിന്ന് ഈ നിലപാടുണ്ടായിരുന്നു. ഇത്തരം വിശേഷ ദിവസങ്ങൽ ഉറപ്പിക്കാൻ വിവിധ സംഘടനകൾക്ക് വിവിധ മാനദണ്ഡങ്ങൾ ഉണ്ടെങ്കിലും സൗഹൃദവേദിയുടെ ധാരണ എല്ലാവരും പാലിക്കാറുണ്ടായിരുന്നു.

അതാണ് ഈ വർഷം മുജാഹിദ് സംഘടനകൾ ലംഘിച്ചിരിക്കുന്നത്. പാണക്കാട് തങ്ങളുമായും വിവിധ മഹല്ലുകളുടെ കാർമ്മികത്വം വഹിക്കുന്നവരുമായും കൂടിയാലോചിച്ച ശേഷം ഒരുമിച്ച് പ്രഖ്യാപനം നടത്താറായിരുന്നു കഴിഞ്ഞ ഏതാനും വർഷങ്ങളായിട്ടുള്ളത് പതിവ്. അത് മുസ്ലിം സംഘടനകൾക്കിടയിലെ ഐക്യം ഊട്ടിയുറപ്പിക്കുന്ന നിലപാടായിരുന്നു.

മുജാഹിദ് സംഘടനകളുടെ ഇപ്പോഴത്തെ നിലപാട് മുസ്ലിം സൗഹൃവേദിയെ ദുർബലപ്പെടുത്താൻ കാരണമാകുമെന്നാണ് വിവിധ മുസ്ലിം സംഘടനകകൾക്കിടയിൽ നിന്ന് ഉയർന്നിട്ടുള്ള വിമർശനം. അതേ സമയം വിവിധ സുന്നീ സംഘടനകൾ ഐക്യത്തോടെയാണ് ഈ വർഷവും പെരുന്നാൾ പ്രഖ്യാപിച്ചിരിക്കുന്നത്.