- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അസദുദ്ദീൻ ഉവൈസി എന്ന ഒറ്റയാന്റെ കുടുംബപാർട്ടി ഇന്ന് ഉത്തരേന്ത്യയിൽ പല ഭാഗങ്ങളിലും സാന്നിധ്യമറിയിച്ചു കൊണ്ടിരിക്കുന്നു; മതേതരസഖ്യങ്ങൾ ഉണ്ടാകുമ്പോൾ അതിൽ മുസ്‌ലിം രാഷ്ട്രീയ ശക്തികൾ ഉണ്ടാവേണ്ടത് അത്യാവശ്യമാണ്; മുസ്ലിം ലീഗ് ദേശീയ നേതൃത്വത്തെ വിമർശിച്ച് മലപ്പുറം ജില്ലാ സെക്രട്ടറി നൗഷാദ് മണ്ണിശ്ശേരി; സുപ്രഭാതം ദിനപത്രത്തിലെഴുതിയ ലേഖനം വിരൽചൂണ്ടുന്നത് മുസ്ലിം രാഷ്ട്രീയത്തിന്റെ സാധ്യതകളിലേക്കും
മുസ്ലിം ലീഗ് ദേശീയ നേതൃത്വത്തെ വിമർശിച്ച് മലപ്പുറം ജില്ലാ സെക്രട്ടറി നൗഷാദ് മണ്ണിശ്ശേരി. ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ അസദുദ്ദീൻ ഉവൈസിയുടെ മുന്നേറ്റത്തിന്റെ പശ്ചാത്തലത്തിലാണ് നൗഷാദ് ദേശീയ നേതൃത്വത്തെ പരസ്യമായി വിമർശിക്കുന്നത്. സുപ്രഭാതം ദിനപത്രത്തിൽ എഴുതിയ ലേഖനത്തിലാണ് നൗഷാദ് മണ്ണിശ്ശേരി ദേശീയ നേതൃത്വത്തിനെതിരെ വിമർശനം ഉയർത്തുന്നത്. സുപ്രഭാതം ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച ലേഖനം ഫേസ്‌ബുക്കിലൂടെ നൗഷാദ് പങ്കുവച്ചിട്ടുണ്ട്.
ഫാസിസ്റ്റുകൾക്കെതിരെ മതേതരസഖ്യങ്ങൾ ഉണ്ടാകുമ്പോൾ അതിൽ മുസ്‌ലിം രാഷ്ട്രീയ ശക്തികൾ ഉണ്ടാവേണ്ടത് അത്യാവശ്യമാണെന്ന് നൗഷാദ് പറയുന്നു. അസദുദ്ദീൻ ഉവൈസി എന്ന ഒറ്റയാൻ ഇന്ത്യൻ ഭരണഘടനാ അസംബ്ലിയിൽ ഒരു സമുദായത്തെ പ്രതിനിധീകരിച്ച് അവകാശങ്ങൾ നേടിയെടുക്കുമ്പോൾ മുസ്‍ലിം ലീഗ് പ്രസ്ഥാനത്തിന് നോക്കിനിൽക്കേണ്ടി വന്നുവെന്നും കേരളത്തിലെ മലബാറിനേക്കാൾ മുസ്‌ലിം ജനസംഖ്യയുള്ള ബീഹാറിലെ കിഷൻഗഞ്ച് പോലൊരു പ്രദേശത്ത് മുസ്‍ലിം ലീഗ് മൽസരിക്കേണ്ടിയിരുന്നല്ലേ എന്നും നൗഷാദ് മണ്ണിശ്ശേരി ചോദിക്കുന്നു.
ഹൈദരാബാദിൽ മാത്രം ഒതുങ്ങിനിന്നിരുന്ന അസദുദ്ദീൻ ഉവൈസി എന്ന ഒറ്റയാന്റെ കുടുംബപാർട്ടി ഇന്ന് ഉത്തരേന്ത്യയിൽ പല ഭാഗങ്ങളിലും സാന്നിധ്യമറിയിച്ചു കൊണ്ടിരിക്കുകയാണ്. അദ്ദേഹത്തിന്റെ പാർട്ടിയുടെ സ്ഥാനാർത്ഥിത്വം പലപ്പോഴും ഫാസിസ്റ്റുകൾക്ക് വിജയിക്കാനുള്ള പഴുതുകൾ ഉണ്ടാവുന്നുണ്ട് എന്നത് കാണാതിരുന്നുകൂട. പക്ഷേ അതുകൊണ്ട് മാത്രം അദ്ദേഹം സ്വീകരിച്ചുവരുന്ന രാഷ്ട്രീയ നിലപാട് തെറ്റാണെന്ന് പറയാൻ കഴിയില്ലെന്നും നൗഷാദ് പറയുന്നു.
'അസദുദ്ദീൻ ഉവൈസി ഫാസിസ്റ്റ് വിരുദ്ധ മുന്നണിയെ വഞ്ചിച്ചു എന്ന് എന്തർത്ഥത്തിലാണ് നാം പറയുന്നതെന്നും സ്വപ്രയത്നത്താൽ അഞ്ച് സീറ്റ് നേടിയ ഉവൈസിയുടെ സ്വാധീനം മനസ്സിലാക്കി കോൺഗ്രസും ആർ.ജെ.ഡിയും നേതൃത്വം നൽകുന്ന മുന്നണിയിൽ അവരെ കൂടി ഉൾപ്പെടുത്താൻ കഴിയാത്തതിന് ഉത്തരവാദി ആരാണ്. നൗഷാദ് ആരോപിക്കുന്നു'.
നൗഷാദിന്റെ ലേഖനത്തിന്റെ പൂർണരൂപം:
*ന്യൂനപക്ഷ രാഷ്ട്രീയം പുതുവഴികൾ തേടുമ്പോൾ*
നൗഷാദ് മണ്ണിശ്ശേരി.
ബിഹാറിൽ മതേതര വിശ്വാസികളുടെ പ്രതീക്ഷകളുടെ നിറം കെടുത്തി ഫാസിസ്റ്റ് കൂട്ടുകെട്ട് സർക്കാർ വീണ്ടും അധികാരത്തിലേറാൻ പോവുകയാണ്. അതിനിടയിലാണ് തെരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് പല കൃത്രിമവും കൈകടത്തലും നടന്നിട്ടുണ്ട് എന്നാണ് ആരോപണം പുറത്തുവരുന്നത്. മഹാസഖ്യത്തിന്റെ പരാജയ കാരണങ്ങൾ എന്താണെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അസദുദ്ദീൻ ഉവൈസിയുടെ സാന്നിധ്യത്തെ പഴിചാരാനുള്ള വ്യഗ്രതയാണ് പല കോണുകളിൽനിന്നും കണ്ടുവരുന്നത്.
എന്നാൽ ഈ തെരഞ്ഞെടുപ്പിൽ ശ്രദ്ധേയമായ മുന്നേറ്റമാണ് എം.ഐ.എം അവിടെ കാഴ്ചവച്ചത്. ഹൈദരാബാദിൽ മാത്രം ഒതുങ്ങിനിന്നിരുന്ന അസദുദ്ദീൻ ഉവൈസി എന്ന ഒറ്റയാന്റെ കുടുംബപാർട്ടി ഇന്ന് ഉത്തരേന്ത്യയിൽ പല ഭാഗങ്ങളിലും സാന്നിധ്യമറിയിച്ചു കൊണ്ടിരിക്കുകയാണ്. അദ്ദേഹത്തിന്റെ പാർട്ടിയുടെ സ്ഥാനാർത്ഥിത്വം പലപ്പോഴും ഫാസിസ്റ്റുകൾക്ക് വിജയിക്കാനുള്ള പഴുതുകൾ ഉണ്ടാവുന്നുണ്ട് എന്നത് കാണാതിരുന്നുകൂട. പക്ഷേ അതുകൊണ്ട് മാത്രം അദ്ദേഹം സ്വീകരിച്ചുവരുന്ന രാഷ്ട്രീയ നിലപാട് തെറ്റാണെന്ന് പറയാൻ കഴിയില്ല. കാരണം ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിൽ, ഫാസിസ്റ്റുകൾക്കെതിരെ മതേതരസഖ്യങ്ങൾ ഉണ്ടാകുമ്പോൾ അതിൽ മുസ്‌ലിം രാഷ്ട്രീയ ശക്തികൾ ഉണ്ടാവേണ്ടത് അത്യാവശ്യമാണ്.
അതാണ് കെ.എം സീതി സാഹിബ് കാണിച്ചു തന്ന രാഷ്ട്രീയം. സീതി സാഹിബിനോട് ഒരിക്കൽ ചോദിച്ചു. മുസ്‌ലിംലീഗ് എന്ന് പറഞ്ഞ് ന്യൂനപക്ഷമായ നിങ്ങൾ രാഷ്ട്രീയമായി വേറിട്ട് സംഘടിച്ചാൽ എന്താണ് ചെയ്യാൻ കഴിയുക? ഞങ്ങൾക്ക് ഒരുമിച്ച് നിൽക്കാനും ഞങ്ങൾക്കുള്ള ശക്തി കാണിച്ചു കൊടുക്കാനും കഴിയും. ഇന്ത്യൻ രാഷ്ട്രീയം നെടുകയും കുറുകയും പിളരുമ്പോൾ മുന്നണി സംവിധാനങ്ങൾ നിർബന്ധമാകും. അന്ന് ഞങ്ങൾക്ക് ആയിരം വോട്ട് ഉള്ളിടത്തും ഞങ്ങളെ കൂട്ടിയാൽ ആ ആയിരം കൂടി വന്നാൽ അതൊരു ശക്തിയാകുമെന്ന് കാണുമ്പോൾ മറ്റ് കക്ഷികൾ ഞങ്ങളോടൊപ്പം വരും. അങ്ങനെ ഈ രാജ്യത്തെ മുസ്‌ലിം സമുദായം മറ്റ് സമൂഹങ്ങളുമായി ഇഴചേർന്ന് നിന്ന് ജനാധിപത്യ പോരാട്ടം നടത്തുമ്പോൾ ഞങ്ങളെ വർഗീയവാദികൾ എന്നുവിളിക്കാൻ ആർക്കും കഴിയില്ല. ഞങ്ങളെ മാറ്റി നിർത്താനും കഴിയില്ല. രാഷ്ട്ര പുനർനിർമ്മാണത്തിൽ ഞങ്ങൾക്ക് കൂടി പങ്കാളിത്തം വഹിക്കാൻ കഴിയും. അതും ഞങ്ങളുടെ സ്വത്വം ഉയർത്തിപ്പിടിച്ചുകൊണ്ട് തന്നെ. ഇതാണ് സീതിസാഹിബ് പറഞ്ഞ മറുപടി.
2004-ലെ യു.പി.എ ഗവൺമെന്റ് അധികാരത്തിലേറിയപ്പോൾ ഇടതുപക്ഷത്തിന്റെ 60 എംപിമാരുടെ പിന്തുണയോടൊപ്പം കോൺഗ്രസ് നേതൃത്വം മുസ്‌ലിംലീഗിന്റെ ഏകാംഗത്തിനെ കൂടി അതിൽ ഉൾപ്പെടുത്തി. ഇന്ത്യയിൽ ഫാസിസത്തിനെതിരെ വിശാലമായ ഒരു മതേതര ചേരി രൂപപ്പെടുമ്പോൾ മുസ്‌ലിംലീഗ് കൂടി ഉണ്ടെങ്കിലേ യഥാർത്ഥ മതേതര കൂട്ടായ്മയുടെ പ്രതീകമായി യു.പി.എ മുന്നണിയെ വിശേഷിപ്പിക്കാൻ കഴിയൂ എന്നുള്ള ബോധ്യം കൊണ്ടായിരുന്നു അത്. മുസ്‌ലിംലീഗിന്റെ ഒരംഗം ഇല്ലെങ്കിൽ അതല്ലെങ്കിൽ ഇ.അഹമ്മദ് പിന്തുണച്ചില്ല എന്നതുകൊണ്ട് യു.പി.എ മന്ത്രിസഭക്ക് ഒരു ഭീഷണിയും ഇല്ലായിരുന്നു.
മുസ്‌ലിംലീഗിന് രാഷ്ട്രീയ അടിത്തറയുള്ള ഭൂമികയാണ് ബീഹാർ. പാർട്ടിക്ക് നല്ല വേരോട്ടമുള്ള, താഴെത്തട്ടിൽ യൂണിറ്റുകൾ പ്രവർത്തിക്കുന്ന മത്സരിക്കാൻ പ്രാപ്തരായ നേതാക്കളുള്ള ഒരു സംസ്ഥാനം. അവിടെയടക്കം ഇന്ത്യാരാജ്യത്ത് ഏതൊരു സംസ്ഥാനത്തും ഫാസിസ്റ്റ് വിരുദ്ധ മുന്നണി രൂപീകരിക്കുമ്പോൾ മുസ്‌ലിം സ്വത്വരാഷ്ട്രീയത്തിന്റെ വക്താക്കൾ കൂടി അതിൽ വേണം. ഇത് ഉറക്കെ പറയുന്നതിനും സാധ്യമാകുന്ന ഇടങ്ങളിൽ സഖ്യത്തിൽ കൂട്ടാൻ ആവശ്യപ്പെടുന്നതിലും നമുക്കാെരിക്കലും അപകർഷതാബോധം ഉണ്ടാവേണ്ട കാര്യമില്ല. ഇന്ത്യ വെട്ടിമുറിച്ചവരാണ് മുസ്‌ലിംകൾ എന്ന് മുസ്‌ലിംലീഗിനു നേരെ നാനാഭാഗത്തുനിന്നും ആരോപണശരങ്ങൾ ഒന്നൊന്നായി എയ്ത സമയത്താണ് മുസ്‌ലിം എന്ന പേരിൽ തന്നെ ഈ പാർട്ടിയെ ഖാഇദെമില്ലത്ത് പുനഃസംഘടിപ്പിച്ചത്.
മുസ്‌ലിംകളുടെ രാജ്യം ഇനിമുതൽ പാക്കിസ്ഥാനാണ്. മുസ്‌ലിംകൾക്ക് പൊലീസിൽ അടക്കം ഒരു ജോലിയിലും ഇവിടെ ഇടമുണ്ടാവില്ല. ഒരു മുസ്‌ലിമിനെയും ബിസിനസ് പങ്കാളിയാക്കാൻ പാടില്ല. എന്നൊക്കെ തിട്ടൂരമിറക്കിയ കാലത്താണ് മുസ്‌ലിം എന്ന പേരിൽ തന്നെ ഇവിടെ രാഷ്ട്രീയ പാർട്ടി ഉണ്ടായത്. അത് നമുക്ക് അപകർഷതാബോധം ഉണ്ടാവാതിരിക്കാനും അഭിമാനകരമായ അസ്തിത്വത്തോടെ ജീവിക്കാനും വേണ്ടിയാണ്. അസദുദ്ദീൻ ഉവൈസി ഫാസിസ്റ്റ് വിരുദ്ധ മുന്നണിയെ വഞ്ചിച്ചു എന്ന് എന്തർത്ഥത്തിലാണ് നാം പറയുന്നത് . സ്വപ്രയത്നത്താൽ അഞ്ച് സീറ്റ് നേടിയ ഉവൈസിയുടെ സ്വാധീനം മനസ്സിലാക്കി കോൺഗ്രസും ആർ.ജെ.ഡിയും നേതൃത്വം നൽകുന്ന മുന്നണിയിൽ അവരെ കൂടി ഉൾപ്പെടുത്തി ഉവൈസിയുടെ അധ്വാനം മഹാസഖ്യത്തിന് കരുത്തുപകരുന്ന തരത്തിലേക്ക് വഴിതിരിച്ചു വിടാത്തതിന്റെ ഉത്തരവാദികൾ ആരാണ്.
കേരളത്തിൽ ചന്ദ്രിക പോലെ തമിഴ്‌നാട്ടിൽ മണിചൂഡൻ പോലെ ബീഹാറിൽ ഗംഗ എന്ന ദിനപത്രം ബിഹാർ സ്റ്റേറ്റ് മുസ്‌ലിംലീഗ് കമ്മിറ്റി പുറത്തിറക്കുന്നുണ്ട്. നമ്മുടെ ശക്തിയാണത് കാണിക്കുന്നത്.
തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ബോധപൂർവ്വമായ ഇടപെടൽ നടത്തുമ്പോഴാണ് മറ്റുള്ളവർ നമ്മെ വേണ്ടവിധത്തിൽ പരിഗണിക്കുക. കരക്കു കയറി നിന്ന് ന്യായം പറഞ്ഞിട്ടോ മാറിനിൽക്കുന്നതിനെ മഹത്വവൽക്കരിച്ചിട്ടൊ കാര്യമില്ല. അസദുദ്ദീൻ ഉവൈസി എന്ന ഒറ്റയാന് ഇത്രത്തോളം എത്താൻ കഴിയുന്നിടത്ത് ഇന്ത്യൻ ഭരണഘടനാ അസംബ്ലിയിൽ ഒരു സമുദായത്തെ പ്രതിനിധീകരിച്ച് അവകാശങ്ങൾ നേടിയെടുത്ത ഖാഇദെമില്ലത്തിന്റെ പ്രസ്ഥാനം നോക്കിനിൽക്കേണ്ടി വരുക എന്നത് തീർച്ചയായും ചർച്ച ചെയ്യപ്പെടേണ്ടതാണ്.
കേരളത്തിലെ മലബാറിനേക്കാൾ മുസ്‌ലിം ജനസംഖ്യയുള്ള പ്രദേശമാണ് ബീഹാറിലെ കിഷൻഗഞ്ച്. 90 ശതമാനത്തിലേറെ മുസ്‌ലിംകളുള്ള ജില്ല അവിടെയുണ്ട്. അവിടെ മുസ്‌ലിംലീഗ് മത്സരിക്കേണ്ടതായിരുന്നില്ലേ. ഇതിനു തൊട്ടടുത്ത പ്രദേശമാണ് പശ്ചിമ ബംഗാളിലെ മുർഷിദാബാദ് എന്ന മുസ്‌ലിം രാഷ്ട്രീയ പാരമ്പര്യം പേറുന്ന മണ്ണ്. ഇവിടെയൊന്നും മുസ്‌ലിംലീഗ് അഡ്രസ്സ് ചെയ്യുന്നില്ല എന്ന് വരുന്നത് തന്നെ മഹാപാതകമാണ്.
കേരളത്തിലേക്കാൾ ഇരട്ടി മുസ്‌ലിംകളുള്ള ഒരു സംസ്ഥാനമാണ് ബീഹാർ. 1989-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ രാജ്മഹൽ മണ്ഡലത്തിൽ 99000 വോട്ടുനേടിയ മുസ്‌ലിംലീഗ് രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. ജാർഖണ്ഡ് മുക്തി മോർച്ചക്കായിരുന്നു അന്ന് വിജയം. കോൺഗ്രസായിരുന്നു മൂന്നാം സ്ഥാനത്ത്. സംസ്ഥാന മുസ്‌ലിംലീഗ് അധ്യക്ഷൻ ജ.സയ്യിദ് മുദൻ സാഹിബിനെക്കണ്ട് പിന്തുണ അഭ്യർത്ഥിക്കാൻ ബീഹാർ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവ്, മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ജഗന്നാഥ് മിശ്ര തുടങ്ങിയ മുതിർന്ന നേതാക്കൾ വരെ എത്തുമായിരുന്നു.
ഇപ്പോൾ അവിടെ മുസ്‌ലിംകൾക്കിടയിൽ നല്ല വേരോട്ടമുള്ളവരാണ് അഞ്ചുമൻ എന്ന നവജാഗരണ പ്രസ്ഥാനം. പക്ഷേ അവർക്ക് രാഷ്ട്രീയമില്ല. നല്ല വിദ്യാഭ്യാസവും കാഴ്ചപ്പാടുമുള്ളവരും രാഷ്ട്രീയം ഒരു മോശം പ്രവർത്തിയാണെന്ന് കരുതുന്നവരാണ് അവർ. അവർക്കിടയിലേക്ക് മുസ്‌ലിംലീഗ് രാഷ്ട്രീയം കുത്തിവെക്കാൻ കഴിഞ്ഞാൽ ലീഗിന് ഉത്തരേന്ത്യയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയും എന്ന കാര്യം തീർച്ചയാണ്.
ഡൽഹി മെട്രോപൊളിറ്റിൻ ആയിരുന്ന കാലത്ത് ഒന്നും രണ്ടും കൗൺസിലർമാരെ വരെ ജയിപ്പിക്കാൻ മുസ്‌ലിംലീഗിന് കഴിഞ്ഞിരുന്നു. അന്നത്തെ കൗൺസിലും ഇന്നത്തെ നിയമസഭ മണ്ഡലവും ഒന്നുതന്നെയാണ്. അഥവാ 70 കൗൺസിലുകൾ ഉണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് 70 നിയമസഭാമണ്ഡലങ്ങൾ ആയി എന്നർത്ഥം. ചരൺസിംഗിന്റെ പാർട്ടിയുമായി സഖ്യം ചേർന്ന് ഡൽഹിയിൽ പാർലിമെന്റിലേക്കും ലീഗ് മത്സരിച്ചിരുന്നു. നിയമസഭയിലേക്ക് മത്സരിച്ചപ്പോൾ 15000 വോട്ട് നേടിയ മണ്ഡലത്തിൽ 15 വർഷങ്ങൾക്ക് ശേഷം വീണ്ടും മത്സരിച്ചപ്പോൾ നൂറോളം വോട്ട് മാത്രമാണ് നേടിയത്. മുസ്‌ലിംലീഗ് രാഷ്ട്രീയം കൈകാര്യം ചെയ്യാതിരുന്നാൽ ജനങ്ങൾ പാർട്ടിയെ മറക്കുമെന്ന് ഈ സംഭവം നമ്മെ ഓർമിപ്പിക്കുന്നു. രാഷ്ട്രീയ പാർട്ടിയുടെ ഏറ്റവും വലിയ രാഷ്ട്രീയ പ്രവർത്തനം തെരഞ്ഞെടുപ്പിൽ മത്സരിക്കുക എന്നത് തന്നെയാണ്.
1974 ലെ യു.പി നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റക്ക് 51 സീറ്റുകളിലേക്ക് മത്സരിച്ച മുസ്‌ലിംലീഗ് ഫിറോസാബാദ് മണ്ഡലത്തിൽ വിജയിച്ച് ആദ്യമായി യു.പി നിയമസഭയിലെത്തി. പത്തോളം സീറ്റുകളിൽ തുച്ചമായ വോട്ടുകൾക്ക് രണ്ടാം സ്ഥാനത്തെത്തി. വെറും 85 വോട്ടുകൾക്കാണ് മുറാദാബാദ് സീറ്റ് ലീഗിന് നഷ്ടമായത്.
ഇന്ത്യയുടെ ഹൃദയഭൂമിയിൽ മേൽമണ്ണിനാൽ മൂടപ്പെട്ട് കിടക്കുകയാണ് മുസ്‌ലിംലീഗ്. അത് മാന്തി പുറത്തെടുത്ത് വിത്തിറക്കിയാൽ തീർച്ചയായും മുളച്ച് പൊന്തും. ഉവൈസിയേക്കാൾ എത്രയോ ഇരട്ടി ശക്തിയിൽ പാർട്ടിയുണ്ടാക്കാനുള്ള വിഭവങ്ങൾ നമുക്കവിടെയുണ്ട്. പക്ഷേ നമ്മുടെ അജണ്ട രാഷ്ട്രീയമായിരിക്കണം. അല്ലാതെ ജീവകാരുണ്യവും കോടതി വ്യവഹാരങ്ങളും മാത്രം കൈകാര്യം ചെയ്തതുകൊണ്ട് രാഷ്ട്രീയബോധം ഉണ്ടാക്കാൻ കഴിയില്ല. ഉത്തരേന്ത്യയിൽ നടക്കുന്ന രക്തച്ചൊരിച്ചിലുകളും വർഗീയധ്രുവീകരണങ്ങളും പൂർണ്ണമായി ഇല്ലാതാക്കാൻ ആർക്കും കഴിയില്ല. പകരം നമ്മുടെ പാരമ്പര്യവും രാഷ്ട്രീയ ശാക്തീകരണത്തിലൂടെ മുസ്‌ലിംലീഗ് കേരളത്തിൽ നേടിയെടുത്ത നേട്ടങ്ങളും ഉത്തരേന്ത്യയിലെ ജനങ്ങൾക്കിടയിൽ വലിയ സ്വാധീനമുള്ള നേതാക്കളെ വിളിച്ചിരുത്തി പറഞ്ഞു കൊടുക്കണം. മുസ്‌ലിംലീഗ് രാഷ്ട്രീയത്തെ കുറിച്ച് ചർച്ച ചെയ്യുകയും സ്വത്വരാഷ്ട്രീയത്തെ പറ്റി അവരെ ബോധ്യപ്പെടുത്തുകയും വേണം. ഖാഇദെമില്ലത്ത് അടക്കമുള്ള നേതാക്കന്മാരുടെ പരിശ്രമങ്ങളെ കുറിച്ച് അവരോട് പറയണം. നമ്മുടെ ചിന്ത ആ വഴിക്ക് നീങ്ങണം. അത്തരമൊരു ചിന്തയും വ്യക്തമായ ലക്ഷ്യവും ആത്മവിശ്വാസവും ഉണ്ടെങ്കിൽ ബാക്കിയൊക്കെ എളുപ്പമാകും.
മുസ്‌ലിം ഇന്ത്യയുടെ നേതൃത്വമായി ഈ രാജ്യം എക്കാലത്തും കണ്ടിരുന്നത് മുസ്‌ലിംലീഗിനെയായിരുന്നു. ഖാഇദെ മില്ലത്തിനെയും സേട്ട് സാഹിബിനെയും ബനാത്ത് വാല സാഹിബിനെയും മുസ്‌ലിം ഇന്ത്യയുടെ പ്രതീകമായി ഇന്ത്യൻ മുസ്‌ലിംകളും അല്ലാത്തവരും ലോകമെമ്പാടുമുള്ള മുസ്‌ലിം നേതൃത്വവും പരിഗണിച്ചിരുന്നു. റാബിത്വത്തുൽ ആലമിയ്യയിൽ മുസ്‌ലിംലീഗ് അഖിലേന്ത്യാ അധ്യക്ഷൻ അംഗമായിരുന്നു. ഇന്ത്യൻ പാർലമെന്റും പ്രധാനമന്ത്രിമാരും ഭരണകൂടവും മുസ്‌ലിം പ്രശ്നങ്ങളിലെ പ്രതികരണത്തിനും ചർച്ചക്കും എന്നും സാകൂതം ശ്രദ്ധിച്ചിരുന്നത് മുസ്‌ലിംലീഗ് ദേശീയ അധ്യക്ഷന്മാരെയായിരുന്നു. നിർഭാഗ്യവശാൽ ഇന്നത് അസദുദ്ദീൻ ഉവൈസിയിലേക്ക് നീങ്ങുന്നുണ്ട്. നൂറ്റാണ്ട് പഴക്കമുള്ള മുസ്‌ലിം രാഷ്ട്രീയത്തിന്റെ പാരമ്പര്യത്തിന്റെ ഗരിമയിൽ നമ്മളുണ്ടാക്കിയെടുത്ത സർവ്വാംഗീകാരം നഷ്ടപ്പെടാതിരിക്കാനുള്ള ജാഗ്രവത്തായ പ്രവർത്തനങ്ങൾ ഉണ്ടായേ തീരൂ.
മറുനാടന് ഡെസ്ക്