പത്തനംതിട്ട: നൂറു കണക്കിനാൾക്കാർ ഉപയോഗിക്കുന്ന പൊതുവഴി മുത്തൂറ്റ് മെഡിക്കൽ സെന്റർ കൈയേറി സ്വകാര്യവൽക്കരിച്ചുവെന്ന പരാതിയുമായി വിവരാവകാശ പ്രവർത്തകൻ. സർവേ നടത്തി കൈയേറ്റം ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ പരാതിയിൽ ഈ റോഡുള്ള സ്ഥലത്ത് മാറ്റം റീസർവേ നിർത്തി വച്ചിരിക്കുകയാണെന്ന വിചിത്രമായ മറുപടിയാണ് ലഭിച്ചിരിക്കുന്നത്.

വിവരാവകാശ പ്രവർത്തകനായ കല്ലറക്കടവ് കാർത്തികയിൽ വി. മനോജ് ആണ് പരാതിക്കാരൻ. പത്തനംതിട്ട മുനിസിപ്പാലിറ്റി 25-ാംം വാർഡ് എ1- എ1 റിങ് റോഡും കല്ലറക്കടവ് അമൃത സ്‌കൂൾ റോഡും തമ്മിൽ ബന്ധിപ്പിക്കുന്ന പൊതുവഴിയാണ് ആശുപത്രി അധികൃതർ കൈയേറി തങ്ങളുടെ സ്വന്തമാക്കിയിരിക്കുന്നത്. റോഡിന്റെ തുടക്കത്തിലും ഒടുക്കത്തിലും ഗേറ്റും കവാടവും സ്ഥാപിച്ചു. ഈ വഴി യാത്രക്കാർ പോകുന്നത് വിലക്കിയിട്ടുമുണ്ട്. ആശുപത്രിയിലേക്ക് അല്ലാതെ വരുന്ന വാഹനങ്ങൾ ഇതു വഴി കടന്നു പോകുന്നത് തടയാൻ സെക്യൂരിറ്റി ജീവനക്കാരെയും നിയോഗിച്ചിട്ടുണ്ട്.

ഈ സാഹചര്യത്തിൽ വഴി പത്തനംതിട്ട വില്ലേജിൽ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന റീസർവ്വേയിൽ ഉൾപ്പെടുത്തണം എന്ന് കാണിച്ച് മനോജ് റീസർവേ ഓഫീസിൽ രേഖാമൂലം പരാതി നൽകി. ഇത് പൊതു വഴിയാണ് എന്ന് തെളിയിക്കുന്നതിനുള്ള എല്ലാ രേഖകളും ഉൾക്കൊള്ളിച്ചു കൊണ്ടുള്ളതായിരുന്നു പരാതി. എന്നാൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പത്തനംതിട്ട വില്ലേജിലെ റീസർവേ നിർത്തി വച്ചിരിക്കുകയാണ് എന്ന വിചിത്രമായ മറുപടിയാണ് റീസർവേ നമ്പർ ഒന്ന് സർവേ സൂപ്രണ്ടിന്റെ ഓഫീസിൽ നിന്ന് ലഭിച്ചത്.

പരാതിയിൽ പറയുന്ന സ്ഥലം നമ്പർ രണ്ട് റീസർവേ സൂപ്രണ്ട് ഓഫീസിന്റെ പരിധിയിൽ വരുന്നതാണെന്നും പാലം ഉൾപ്പെടുന്ന ഭാഗം ആണ് നമ്പർ ഒന്ന് റീസർവേ സൂപ്രണ്ടിന്റെ ഓഫീസ് പരിധിയൽ വരുന്നതെന്നും മറുപടിയിൽ പറയുന്നു. നിലവിലെ റെക്കോഡുകൾ പരിശോധിച്ചതിൻ പ്രകാരം ഈ സ്ഥലം പത്തനംതിട്ട വില്ലേജിൽ വാർഡ് 30 ലാണ് ഉൾപ്പെടുന്നത്.

ഡിജിറ്റൽ സർവേയുമായി ബന്ധപ്പെട്ട ജോലികൾ നടക്കുന്നതിനാലും പത്തനംതിട്ട വില്ലേജിന്റെ റീസർവേ ജോലികൾ താൽക്കാലികമായി നിർത്തി വച്ചിരിക്കുന്നതിനാലും ഇപ്പോൾ നടപടി എടുക്കാൻ കഴിയില്ല. സർവേ ജോലികൾ പുനരാരംഭിക്കുന്ന സമയത്ത് വാർഡ് 30 ചെയ്യുമ്പോൾ താങ്കളെ അറിയിക്കാമെന്നും സർവേ സൂപ്രണ്ട് പറയുന്നു.

അതേ സമയം മുത്തൂറ്റ് ആശുപത്രിക്ക് വേണ്ടി ഉദ്യോഗസ്ഥർ വിടുപണി ചെയ്യുകയാണെന്ന് മനോജ് ആരോപിച്ചു. നാളുകളായി പൊതുവഴി വിട്ടു കിട്ടാൻ വേണ്ടി മനോജ് പരാതികളുമായി മുന്നിട്ടു നിൽക്കുകയാണ്. എന്നാൽ സർവേ വകുപ്പിന്റെ ഭാഗത്ത് നിന്നും ഒരു നടപടിയും ഉണ്ടാകുന്നില്ല.