മലപ്പുറം: എന്തിനും ഏതിനും ഉത്തരേന്ത്യയെ കുറ്റപ്പെടുത്തുന്ന സാംസ്‌കാരിക കേരളം. എന്നാൽ സാക്ഷര കേരളത്തിന് അപമാനമാണ് ചുറ്റും നടക്കുന്ന സംഭവങ്ങൾ. രാഷ്ട്രീയ കൊലകൾ അരങ്ങു തകർക്കുന്നു. കുട്ടികൾക്ക് പോലും അക്രമം നേരിടേണ്ടി വരുന്നു. ഇങ്ങനെ പലതും ദിവസവും വാർത്തകളാകുന്നുണ്ട്. അപ്പോഴും മൗനത്തിലാണ് മലയാളികളായ സാംസ്‌കാരിക നായകർ. കേരളത്തിലെ ഇടതു സർക്കാർ പിണങ്ങുമോ എന്ന ഭയമാണ് ഇതിന് കാരണം. ഇതോടെ കാട്ടാള സ്വഭാവമുള്ളവർക്ക് എന്തും ഏതും ചെയ്യാം. ഇതിന് തെളിവാണ് അരീക്കോട്ടെ ഈ പീഡനവും.

അരീക്കോട് കാവനൂരിൽ തളർന്നുകിടക്കുന്ന അമ്മയുടെ മുന്നിൽ പീഡനത്തിന് ഇരയായ മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിക്ക് ജീവന് പോലും ഭീഷണിയുടെ. ഈ പെൺകുട്ടിക്ക് സമാനതകളില്ലാത്ത പീഡനത്തിനൊപ്പം നേരിടേണ്ടിവന്നതു വധഭീഷണിയുമാണ്. നിലവിൽ പൊലീസ് അറസ്റ്റു ചെയ്ത പ്രതി മുട്ടാളൻ ഷിഹാബ് എന്നറിയപ്പെടുന്ന ടി.വി.ഷിഹാബ് ജയിലിൽനിന്ന് ജാമ്യം നേടി പുറത്തിറങ്ങുമോ എന്ന ഭീതി ഈ പെൺകുട്ടിക്കുണ്ട്.

ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾ ബാധിച്ച് തളർന്നു കിടക്കുന്ന അമ്മയുടെ ഏക ആശ്രയം ഈ മകളാണ്. പ്രാഥമിക കൃത്യങ്ങൾക്കു പോലും കട്ടിലിൽനിന്ന് ഇറങ്ങാൻ കഴിയാത്ത അമ്മയെ പരിചരിക്കുന്ന മാനസിക, ശാരീരിക വെല്ലുവിളികൾ നേരിടുന്ന മകളെ കഴിഞ്ഞ ദിവസം അർധരാത്രിയാണ് പ്രതി ക്രൂരമായ പീഡനത്തിന് ഇരയാക്കിയത്. വാടക ക്വാർട്ടേഴ്‌സിന്റെ കതക് ചവിട്ടി തുറന്നായിരുന്നു അക്രമം. കൊടു ക്രിമിനലുകളെ തുറന്നു വിടുന്ന സർക്കാർ നയമാണ് ഇതിന് കാരണം.

തൊട്ടടുത്തു മകളെ പീഡിപ്പിക്കുന്നത് അറിഞ്ഞിട്ടും അമ്മയ്ക്ക് നിസ്സഹായയായി ഇരിക്കാനേ കഴിയുമായിരുന്നുള്ളൂ. പുറത്തു പറഞ്ഞാൽ യുവതിയെ കൊന്നുകളയുമെന്ന് പ്രതി ഭീഷണിപ്പെടുത്തി. അയൽക്കാർ അറിയിച്ചതിനെ തുടർന്നാണ് പൊലീസെത്തി ഇയാളെ അറസ്റ്റ് ചെയ്തത്. ഇതേ യുവതിയെ മൂന്നു മാസം മുൻപും പീഡനത്തിന് ഇരയാക്കിയെങ്കിലും ഭയംമൂലം പുറത്തു പറഞ്ഞിരുന്നില്ല. പ്രതി ഷിഹാബിനെതിരെ ഒട്ടേറെ കേസുകൾ വേറെയുമുണ്ട്.

പൊലീസ് കസ്റ്റഡിയിൽ എടുത്തതിനു പിന്നാലെ പരാതി അറിയിച്ച അയൽക്കാരിയുടെ ഭർത്താവിനെ ഫോണിൽ വിളിച്ച്, സാക്ഷി പറഞ്ഞാൽ കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തി. ഇതാണ് കേരളത്തിലെ ഗുണ്ടാരാജിന്റെ അവസ്ഥ. അവർക്ക് ആരേയും എന്തും ചെയ്യാം. പൊലീസ് കസ്റ്റഡിയിൽ പോലും പ്രതികൾ ഫോൺ ചെയ്യുന്നു. നിലവിൽ പൊലീസ് അറസ്റ്റു ചെയ്ത പ്രതി മുട്ടാളൻ ഷിഹാബ് എന്ന ടി.വി. ഷിഹാബ് ജാമ്യം ലഭിച്ചു പുറത്തിറങ്ങിയാൽ ജീവനു ഭീഷണിയാണെന്ന ആശങ്കയിലാണു കേസിലെ സാക്ഷികൾ.

' രാത്രി 2 മണിക്ക് കതകു ചവിട്ടിത്തുറന്നാണു പ്രതി അകത്തു കടന്നത്. രൂപം കണ്ടപ്പോൾ പേടിയും വിറയലും തോന്നി. അമ്മേ എന്നു നിലവിളിച്ചു കൊണ്ട് എഴുന്നേറ്റു. അപ്പോൾ ഷിഹാബ് വായും മൂക്കും പൊത്തിപ്പിടിച്ചു. ശ്വാസം കിട്ടാതെ ജീവനായി ഞാൻ പിടഞ്ഞു. മരിച്ചു പോയെന്നു ഉറപ്പിച്ചതാണ്. ഒരു വിധം കുതറിയോടി-ഇതാണ് ആ ദിവസത്തെ കുറിച്ച് പെൺകുട്ടിക്ക് പറയാനുള്ളത്.

പുറകെയെത്തിയ അയാൾ തന്നെ ഉപദ്രവിച്ചു. ശരീരം മുഴുവൻ മുറിവേറ്റു. കാലിൽ പിടിച്ചു അപേക്ഷിച്ചു, ജീവിതം തകർക്കരുതെന്ന്. എന്നിട്ടും അയാൾ കരുണ കാട്ടിയില്ല. പുറത്താരോടെങ്കിലും പറഞ്ഞാൽ കൊല്ലുമെന്നു ഭീഷണിപ്പെടുത്തി. ഇപ്പോഴും പേടി മാറിയിട്ടില്ല. വാതിലുകൾ താക്കോലുപയോഗിച്ച് പൂട്ടിയിട്ടാണു കിടക്കാറ്. ആ രൂപം മനസിൽ നിന്നും മായുന്നില്ലെന്നും പെൺകുട്ടി പറയുന്നു.

മൂന്നുമാസം മുമ്പാണ് പീഡനത്തിന് ഇരയായ ഇരുപത്തിയാറുകാരിയുടെ സ്ഥലം കച്ചവടവുമായി ബന്ധപ്പെട്ട് പ്രതി യുവതിയുമായി ബന്ധം സ്ഥാപിച്ചത്. തുടർന്നാണ് പ്രതി യുവതിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നു. എന്നാൽ പീഡന വിവരം ബന്ധുക്കളോ മറ്റോ ആരും തന്നെ അറിഞ്ഞിരുന്നില്ല. പ്രതി ലഹരിക്ക് അടിമയാണെന്നും പൊലീസിന്റെ അനേഷണത്തിൽ കണ്ടത്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ് എന്ന് അരീക്കോട് എസ്.എച്ച്.ഒ സി.വി ലൈജു മോൻ പറഞ്ഞു.