കൊച്ചി: പട്ടയഭൂമികളിൽ നിന്ന് ചന്ദനം ഒഴികെയുള്ള മരങ്ങൾ വെട്ടാം എന്നു വ്യാഖ്യാനിക്കാവുന്ന വിധത്തിൽ റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ഇറക്കിയ വിവാദ ഉത്തരവിന്റെ മറവിൽ സ്വന്തം ഭൂമിയിലെയും മുട്ടിൽ സൗത്ത് വില്ലേജിലെ മറ്റു പട്ടയഭൂമികളിലെയും സർക്കാരിലേക്ക് നിക്ഷിപ്തമാക്കിയ ഈട്ടിത്തടികൾ മുറിച്ചു കടത്തിയ വില്ലനന്മാരാണ് അഗസ്റ്റിൻ സഹോദരങ്ങൾ. ഒടുവിൽ ഹൈക്കോടതി വടിയെടുക്കുമെന്ന തിരിച്ചറവിൽ വിവാദമായ വയനാട് മുട്ടിൽ മരംമുറിക്കേസിലെ 6 പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളത്തായിരുന്ന ഇവർ അമ്മയുടെ മരണത്തെത്തുടർന്ന് വയനാട്ടിലേക്കു പോകുകയായിരുന്നു. അതായത് ഹൈക്കോടതി ഇടപടെലിനൊപ്പം അമ്മയുടെ മരണവും അറസ്റ്റിന് കാരണമായി.

ഭൂവുടമകളിൽ നിന്ന് വ്യാപകമായി മരം വാങ്ങി മുറിച്ചു കടത്തിയ വയനാട് വാഴവറ്റ മൂങ്ങനാനിയിൽ റോജി അഗസ്റ്റിൻ (47), സഹോദരന്മാരായ ആന്റോ അഗസ്റ്റിൻ (33), ജോസുകുട്ടി അഗസ്റ്റിൻ (40), ഇവരുടെ ഡ്രൈവർ വിനീഷ് (30) എന്നിവരെ കൊച്ചിയിൽ നിന്നു വയനാട്ടിലേക്കുള്ള യാത്രയ്ക്കിടെ ഉച്ചയ്ക്ക് ഒന്നരയോടെ കുറ്റിപ്പുറം പാലത്തിനു മുകളിൽ വഴിയിൽ വാഹനമിട്ടു തടഞ്ഞാണ് തിരൂർ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. 100 മരങ്ങൾ കടത്തിയ 42 കേസുകളിൽ പ്രതികളാണ് അഗസ്റ്റിൻ സഹോദരങ്ങൾ. ഇതിനു മുമ്പും പലവട്ടം അറസ്റ്റ ്‌ചെയ്തപ്പെട്ട ക്രിമിനലുകളാണ് ഈ സഹോദരങ്ങൾ.

തടിക്കച്ചവടക്കാരായ കുട്ടമംഗലം നീലിക്കണ്ടി എടത്തറ അബ്ദുൽ നാസർ (61), അമ്പലവയൽ എടക്കൽ ചൊവ്വത്താൻ അബൂബക്കർ(38) എന്നിവരെ ബത്തേരി ഡിവൈ എസ്‌പിയുടെ നേതൃത്വത്തിൽ രാവിലെ അറസ്റ്റ് ചെയ്തിരുന്നു. മുട്ടിൽ സൗത്ത് വില്ലേജിലെ 5 പേരുടെ പട്ടയഭൂമിയിൽനിന്ന് 6 ഈട്ടിമരങ്ങൾ വാങ്ങി മുറിച്ചുവെന്നാണ് അറസ്റ്റിലായ തടിക്കച്ചവടക്കാർക്കെതിരെയുള്ള കേസ്. അഗസ്റ്റിൻ സഹോദരങ്ങളുടെ സ്ഥിരം ഡ്രൈവറായ വിനീഷ് ഫെബ്രുവരി 3ന് ഈട്ടിമരം എറണാകുളത്തേക്ക് കടത്തിക്കൊണ്ടു പോയ വനം കേസിലെ മൂന്നാം പ്രതിയാണ്.

അറസ്റ്റിനു ശേഷം ചോദ്യംചെയ്യാനായി ക്രൈംബ്രാഞ്ച് സംഘം ആലുവ പൊലീസ് ക്ലബിലേക്കു കൊണ്ടുപോയി. അമ്മ മരിച്ചതിനാൽ മരണാനന്തര ചടങ്ങ് പൂർത്തിയാകുന്നതുവരെ അറസ്റ്റ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു റോജി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ എന്നിവർ ഹൈക്കോടതിയിൽ അപേക്ഷ നൽകിയിരുന്നു. അപേക്ഷ പരിഗണിക്കവെ അറസ്റ്റ് വിവരം സർക്കാർ കോടതിയെ അറിയിച്ചു. മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ സൗകര്യം ഒരുക്കുമെന്നു സർക്കാർ അറിയിച്ചതു രേഖപ്പെടുത്തിയ കോടതി അപേക്ഷ തീർപ്പാക്കുകയായിരുന്നു

മരംമുറിയിൽ നടന്നത് വമ്പൻ അട്ടിമറി

വയനാട് അടക്കം വിവിധ ഭാഗങ്ങളിൽനിന്നു സർക്കാരിൽ നിക്ഷിപ്തമായ കോടികൾ വിലമതിക്കുന്ന വൃക്ഷങ്ങൾ വെട്ടിവീഴ്‌ത്തിയതിനു പിന്നിൽ ഉന്നതതല ഗൂഢാലോചനയെന്നു സംശയം ഉണ്ട്. കർഷക താൽപര്യം മറയാക്കി നടത്തിയ മരംമുറിക്ക് അനുമതി നൽകി റവന്യൂ വകുപ്പ് ഉത്തരവു പുറപ്പെടുവിച്ചതിനു പിന്നിൽ ഉന്നത വനം- റവന്യൂ ഉദ്യോഗസ്ഥരും മരലോബിയും തമ്മിലുള്ള ഒത്തുകളിയെന്ന് ആരോപണം. അതുകൊണ്ട് തന്നെ അഗസ്റ്റിൻ സഹോദങ്ങളുടെ മൊഴി ഈ കേസിൽ നിർണ്ണായകമാണ്. സർക്കാർ ഉത്തരവിന് പിന്നിലെ ഒത്തുകളി പുറത്തു വരുമോ എന്നതാണ് ഏറെ നിർണ്ണായകം.

റവന്യു വകുപ്പ് 2020 ഒക്ടോബർ 24ന് ഇറക്കിയ ഉത്തരവിന്റെ ബലത്തിലാണ് വയനാട്ടിൽ വ്യാപകമായി ഈട്ടി എന്ന 'രാജകീയ മരം' വെട്ടിയതെന്നും മൂന്നു മാസം മാത്രം പ്രാബല്യത്തിലുണ്ടായിരുന്ന ഈ ഉത്തരവിനെ കുറിച്ചാണ് പ്രാഥമികമായി അന്വേഷിക്കേണ്ടതെന്നും നിയമവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. 2000 മാർച്ചിലാണ് മരംമുറിക്കാനുള്ള ആദ്യ ഉത്തരവ് ഇറങ്ങിയത്. 1964 ലെ ഭൂപതിവു ചട്ടം പ്രകാരം സർക്കാർ പതിച്ചുനൽകിയ ഭൂമിയിൽ നിന്ന്, സർക്കാരിൽ നിക്ഷിപ്തമായ 10 ഇനം മരങ്ങളിൽ ചന്ദനം ഒഴികെയുള്ള മരങ്ങൾ മുറിക്കാൻ അനുമതി നൽകുന്നതായിരുന്നു റവന്യൂ സെക്രട്ടറി ഇറക്കിയ ഉത്തരവ്. ഇതിനെതിരേ തൃശൂരിലെ പരിസ്ഥിതി സംഘടന നൽകിയ ഹർജിയിൽ ഉത്തരവ് ഹൈക്കോടതി സിംഗിൾ ബെഞ്ച് റദ്ദാക്കി. വയനാട് സ്വദേശിയുടെ അപ്പീലിൽ ഈ ഉത്തരവ് ഡിവിഷൻ ബെഞ്ച് ഭാഗികമായി റദ്ദാക്കി.

തുടർന്ന് 2020 ഒക്ടോബറിൽ റവന്യു വകുപ്പ് രണ്ടാമതൊരു ഉത്തരവിറക്കി. ഇതു ദുർവ്യാഖ്യാനം ചെയ്താണ് വയനാട്, ഇടുക്കി, തൃശൂർ ജില്ലകളിൽ കോടികളുടെ മരം മുറിച്ചത് സർക്കാർ പതിച്ചു നൽകിയശേഷം ഭൂമിയിൽ സ്വയം കിളിർത്തതും ഭൂമിയുടെ ഉടമസ്ഥർ നട്ടുപിടിപ്പിച്ചതുമായ മരങ്ങൾ മാത്രംമുറിക്കാൻ അനുമതി നൽകുന്നതായിരുന്നു രണ്ടാമത്തെ സർക്കാർ ഉത്തരവ്. മരംമുറി തടസപ്പെടുത്തുന്ന ഉദ്യോഗസ്ഥർക്കെതിരേ ശിക്ഷാനടപടി സ്വീകരിക്കുമെന്നും ഈ ഉത്തരവിൽ പറഞ്ഞിരുന്നതാണ് ഗൂഢാലോചനാ സംശയം ബലപ്പെടുത്തുന്നത്. ഉത്തരവിന്റെ സാധുതയെയും ദോഷത്തെയും കുറിച്ച് ജില്ലാ കലക്ടർമാർ അറിയിച്ചിട്ടും 3 മാസത്തിനു ശേഷമാണ് അതു റദ്ദാക്കിയത്.

ഒക്ടോബർ 24നു പുറപ്പെടുവിച്ച ഉത്തരവിൽ 'ഭൂമി പതിച്ചുനൽകുന്ന സമയത്ത് വൃക്ഷ വില അടച്ച് റിസർവ് ചെയ്ത ചന്ദനം ഒഴികെയുള്ള എല്ലാ മരങ്ങളും' വെട്ടാൻ കർഷകന് അവകാശം നൽകുന്നു എന്നൊരു വാക്കുണ്ട്. ഈ ഉത്തരവിലെ 'ചന്ദനം ഒഴികെയുള്ള മരങ്ങൾ' എന്ന പ്രയോഗമാണ് പ്രശ്നം. കൈവശഭൂമിക്ക് പട്ടയം നൽകുമ്പോൾ സർക്കാരിലേക്ക് റിസർവ് ചെയ്യുന്നത് ചന്ദനം, തേക്ക്, ഈട്ടി, ഇരുൾ, തേമ്പാവ്, ചെമ്പകം, ചടച്ചി, കമ്പകം, ചന്ദനവേമ്പ്, ചീനി, വെള്ളകിൽ, എബണി തുടങ്ങി 12 ഇനം മരങ്ങളാണ്.

ഈ ഇനം മരങ്ങൾ, പട്ടയ ഉടമയ്ക്ക് പണം അടച്ച് സ്വന്തമാക്കാനോ, മുറിക്കാനോ സാധിക്കില്ല. ജന്മം ഭൂമിയിലാണെങ്കിൽ ഈ ഇനങ്ങളിൽ ചന്ദനം ഒഴികെയുള്ളത് അനുമതിയോടെ മുറിക്കുകയും ചെയ്യാം. അതായത് പട്ടയം നൽകിയ ശേഷം വളർന്നതാണെങ്കിൽ വെട്ടാം. ഒക്ടോബറിലെ റവന്യു ഉത്തരവിൽ 'വൃക്ഷവില അടച്ചതിൽ ചന്ദനം ഒഴികെയുള്ളത് വെട്ടാം' എന്ന് എഴുതിച്ചേർത്തതോടെ, പട്ടയഭൂമിയിലെ ഈട്ടിയും തേക്കുമെല്ലാം വെട്ടാമെന്ന വിലയിരുത്തൽ എത്തി. ഇതു കാണിച്ചാണ് വയനാട്ടിലെ സംഘം വിവിധ പട്ടയ ഉടമകൾക്ക് ചെറിയ തുക അഡ്വാൻസ് നൽകി മരങ്ങൾ വാങ്ങിക്കൂട്ടിയത്.

വനംവകുപ്പിന്റെ പരിശോധനയിൽ ഈ മരങ്ങളൊന്നും വെട്ടാൻ പറ്റുന്ന ഗണത്തിൽ പെടുന്നവയല്ല എന്നു ബോധ്യപ്പെട്ടിട്ടുണ്ട്. ഒക്ടോബറിലെ ഉത്തരവ് പിൻവലിച്ചു കൊണ്ട് റവന്യു വകുപ്പിൽ നിന്ന് ജനുവരി അവസാനം ഇറക്കിയ ഉത്തരവിൽ 'ഷെഡ്യൂൾ ചെയ്ത മരങ്ങൾ വ്യാപകമായി വെട്ടിയെടുത്തത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന്' എന്നാണ് കാരണം പറഞ്ഞിരിക്കുന്നത്. ഉത്തരവ് നിയമവിരുദ്ധമെന്ന് ഇതിൽ നിന്നു വ്യക്തം.

വെട്ടിയത് നൂറിലേറെ വർഷം പഴക്കമുള്ള ഈട്ടിമരം

വയനാട് മുട്ടിൽ സൗത്ത് വില്ലേജിൽ പട്ടയ ഭൂമിയിൽ വളരുന്ന നൂറിലേറെ വർഷം പഴക്കമുള്ള ഈട്ടിമരങ്ങളാണ് വെട്ടിയത്. റവന്യു വകുപ്പ് 2020 ഒക്ടോബർ 24ന് ഇറക്കിയ ഉത്തരവിനെ തുടർന്നാണ് മരംമുറി വ്യാപകമായത്. എറണാകുളത്തേക്കു കടത്തിയ ഈട്ടിത്തടിയെക്കുറിച്ച് മില്ലുടമ വിവരം നൽകിയതിനെ തുടർന്ന് വയനാട്ടിൽ നിന്നെത്തിയ വനപാലകർ ഇതു പിടികൂടുകയായിരുന്നു. കടത്തു സംഘത്തിനെതിരെ കേസെടുത്ത ഉദ്യോഗസ്ഥരെ മറ്റൊരു കേസിൽ കുടുക്കാൻ ഉന്നത ഉദ്യോഗസ്ഥൻ തന്നെ പിന്നീട് രംഗത്തിറങ്ങി. ഇതാണ് മരം കടത്തിയവരുടെ സ്വാധീനം.

1964 ലെ ചട്ടപ്രകാരം കേരളത്തിൽ 15 ലക്ഷത്തോളം ഏക്കർ ഭൂമി പതിച്ചു നൽകിയിട്ടുണ്ടെന്നാണ് കണക്ക്. നാമാത്ര തുകയ്ക്ക് കച്ചവടക്കാർക്കു മരം വിറ്റ ആദിവാസികൾ അടക്കമുള്ളവർ നിയമനടപടികളിൽ കുരുങ്ങിയപ്പോൾ വഴിവിട്ട നീക്കത്തിനു ചുക്കാൻ പിടിച്ച ഉന്നതർ ഇപ്പോഴും കാണാമറയത്താണ്. മേപ്പാടി റേഞ്ച് ഓഫീസർ സമീറിന്റെ ഇടപെടലിൽ മുറിച്ചമരം കണ്ടുകെട്ടിയതോടെ ഈ ഉദ്യോഗസ്ഥനെ തുരത്താനായിരുന്നു മരംലോബിയുടെ ശ്രമം. മേപ്പാടി റേഞ്ചിനു കീഴിലുള്ള മണിക്കുന്ന് മലയിൽ നടന്ന വീട്ടി മരംമുറിയിൽ വനപാലകർക്ക് പങ്കുണ്ടെന്ന, മുട്ടിൽ മരംമുറികേസ് പ്രതികളിൽ ചിലരുടെ ആരോപണത്തെ തുടർന്ന് കോഴിക്കോടുനിന്ന് ഡി.എഫ്.ഒ. തസ്തികയിലുള്ള ഉദ്യോഗസ്ഥൻ വയനാട്ടിലേക്ക് അന്വേഷണത്തിനെത്തിയത് പ്രതികൾ വിട്ടുനൽകിയ സ്വകാര്യ വാഹനത്തിലായിരുന്നു.

ഈ ഉദ്യോഗസ്ഥന്റെ റിപ്പോർട്ടിൽ, വനംവകുപ്പ് അനുമതി നൽകിയതിലും കൂടുതൽ കുറ്റി മരങ്ങൾ മുറിച്ചുവെന്നാണ് കണ്ടെത്തിയത്. സൗത്ത് വയനാട് ഡി.എഫ്.ഒ. അടക്കമുള്ളവരുടെ പേര് മണിക്കുന്നുമല മരംമുറിയുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥൻ പരാമർശിച്ചിരുന്നു. റേഞ്ച് ഓഫീസർ സമീറിനെയാണ് ഈ അന്വേഷണത്തിലൂടെ മരംലോബി ലക്ഷ്യമാക്കിയത്. മരംമുറിക്കേസ് വഴിതിരിച്ചുവിടാനും പുകമറ സൃഷ്ടിക്കാനും ചില മാധ്യമ പ്രവർത്തകരെ മുന്നിൽ നിർത്തി മരം ലോബി നീക്കങ്ങൾ നടത്തിയെന്നും ആരോപണമുണ്ട്.