കോഴിക്കോട്: ഒന്നാം പിണറായി സർക്കാറിന്റെ കാലത്തു നടന്ന വമ്പൻ അഴിമതിയുടെ കൂടുതൽ വിവരങ്ങളാണ് ഓരോ ദിവസവും മുട്ടിൽ മരം കൊള്ളയിൽ പുറത്തുവരുന്നത്. ക്രമക്കേടുകളെ കുറിച്ചുള്ള വിവരങ്ങൾ ഓരോന്നായി പുറത്തുവരുമ്പോൾ കൈ കഴുകുകയാണ് മുൻ മന്ത്രിമാരും ഇപ്പോഴത്തെ മന്ത്രിമാരും. ഉദ്യോസ്ഥ തലത്തിൽ നടന്ന അഴിമതി വ്യക്തമായ കേസ് അട്ടിമറിക്കാൻ ശ്രമങ്ങൾ ശക്തമായിരിക്കയാണ്. ഇതിന്റെ ഭാഗമായി മരംകൊള്ളയിൽ ഉദ്യോസ്ഥ പങ്കു കണ്ടെത്തിയ ഉദ്യോഗസ്ഥനെ സ്ഥാനത്തു നിന്നും മാറ്റി.

മുട്ടിൽ മരംകൊള്ളയെക്കുറിച്ച് അന്വേഷിക്കുന്ന സംഘത്തിൽനിന്ന് കോഴിക്കോട് (ഫ്ളൈയിങ് സ്‌ക്വാഡ്) ഡിഎഫ്ഒ പി.ധനേഷ്‌കുമാറിനെയാണ് മാറ്റിയത്. പുനലൂർ ഡിഎഫ്ഒ ബൈജു കൃഷ്ണനാണ് പകരം ചുമതല. ഭരണപരമായ കാരണം കൊണ്ടെന്നാണ് വിശദീകരണം. വിവാദത്തെക്കുറിച്ച് വനം വകുപ്പ് വിജിലൻസ് അന്വേഷണം തുടങ്ങിയിരുന്നു. അന്വേഷണ റിപ്പോർട്ട് 10 ദിവസത്തിനുള്ളിൽ സമർപ്പിക്കാനാണു വനം വിജിലൻസ് ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഗംഗാ സിങിന്റെ നിർദ്ദേശം. 5 ഡിഎഫ്ഒമാർക്കാണ് അന്വേഷണ ചുമതല. മരം മുറിച്ചു കടത്തിയ വയനാട്, പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി ജില്ലകളിൽ റേഞ്ച് ഓഫിസർമാർ ഉൾപ്പെട്ട സംഘത്തെയാണ് അന്വേഷണത്തിനു നിയോഗിച്ചിരിക്കുന്നത്.

മരംകൊള്ള സംബന്ധിച്ച വിവരങ്ങൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ശേഖരിക്കുന്നതിനിടെയാണ് അന്വേഷണസംഘത്തിൽ മാറ്റം വരുത്തിയിരിക്കുന്നത്. തടിക്കടത്തു സംഘവും ഉദ്യോഗസ്ഥരുമായി വ്യാപകമായി കള്ളപ്പണ ഇടപാട് നടന്നുവെന്ന നിഗമനത്തെ തുടർന്നാണിത്. ആരോപണവിധേയരായ വനം, റവന്യു ഉദ്യോഗസ്ഥരുടെ മുൻകാല സാമ്പത്തിക ഇടപാടുകളും അന്വേഷിക്കും.

അതേസമയം മരംമുറിയിൽ വിശദീകരണവുമായി വനംമന്ത്രി എ കെ ശശീന്ദ്രനും രംഗത്തുവന്നു. ഉത്തരവിനെ ദുർവ്യാഖ്യാനം ചെയ്താണ് മരം മുറിച്ചത്. ഇതിൽ വനം വകുപ്പിന് ഒരു പങ്കുമില്ല. ഉത്തരവിറങ്ങിയതും റദ്ദാക്കിയതും റവന്യു വകുപ്പാണാണെന്ന് മന്ത്രി വിശദീകരിച്ചു. വനഭൂമിയിൽ നിന്നല്ല, പട്ടയ ഭൂമിയിൽ നിന്നാണ് മരം മുറിച്ചതെന്നും എ കെ ശശീന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.

ധനേഷ് കുമാറിനെ മാറ്റിയത് താൻ അറിഞ്ഞില്ലെന്നും അന്വേഷിക്കാമെന്ന് ശശീന്ദ്രൻ പറഞ്ഞു. ഉദ്യോഗസ്ഥർക്ക് പണം നൽകിയെന്ന കാര്യം വനം വനം വകുപ്പിന് അധികാരമില്ല. അധികാരമുണ്ടെങ്കിൽ അന്വേഷിക്കും. മരം കടത്താൻ ഉദ്യോഗസ്ഥർ കൂട്ടുനിന്നിട്ടുണ്ടോയെന്നാണ് ഇപ്പോൾ പരിശോധിക്കുന്നതെന്ന് പറഞ്ഞ മന്ത്രി, കേന്ദ്ര സർക്കാർ വിശദീകരണം ചോദിച്ചിട്ടില്ലെന്നും കൂട്ടിച്ചേർത്തു.

അതേസമയം, മരം മുറികേസിലെ പ്രതി റോജി അഗസ്റ്റിനെ 2020 ൽ കണ്ടിട്ടുണ്ടെന്ന് മന്ത്രി എ കെ ശശീന്ദ്രൻ സമ്മതിച്ചു. തന്നെ വന്ന് കണ്ടെങ്കിലും ഒരു സഹായവും ചെയ്തിട്ടില്ലെന്നും ശശീന്ദ്രൻ വിശദീകരിച്ചു. ജൂൺ മാസത്തിലാണ് റോജി തന്നെ കണ്ടത്. കണ്ടതുകൊണ്ട് സഹായിക്കണമെന്നില്ലെന്നും ഉത്തരവിറക്കിയതിന് ശേഷം തന്നെ ആരും കണ്ടിട്ടില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. റിപ്പോർട്ട് കിട്ടിയ ശേഷം സമഗ്ര അന്വേഷണം വേണമെങ്കിൽ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തെ മരം കൊള്ളയെക്കുറിച്ചു റിപ്പോർട്ട് നൽകാൻ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി പ്രകാശ് ജാവഡേക്കർ മന്ത്രാലയ ഉദ്യോഗസ്ഥരോടു നിർദ്ദേശിച്ചതായി കേന്ദ്രമന്ത്രി വി.മുരളീധരൻ അറിയിച്ചിരുന്നു. രാഷ്ട്രീയ-ഉദ്യോഗസ്ഥ ഗൂഢാലോചനയാണ് ഉത്തരവിനു പിന്നിലുള്ളതെന്ന് മുരളീധരൻ ചൂണ്ടിക്കാട്ടി. വിജിലൻസും പൊലീസും സ്വന്തം നിലയിൽ വനംവകുപ്പും മരംകൊള്ള അന്വേഷിക്കുന്നതിനു പുറമേയാണ് ഇഡിയും രംഗത്തെത്തിയത്.കോഴിക്കോട് സബ് സോണൽ ഉദ്യോഗസ്ഥരാണു വിവരം ശേഖരിക്കുന്നത്.

പ്രതികളെ സഹായിച്ചതിനും ഒത്താശ ചെയ്തതിലും കൂടുതൽ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്നാണു നിഗമനം. വനംവകുപ്പ് വിജിലൻസിന്റെ നിരീക്ഷണത്തിലുള്ള 4 ഉദ്യോഗസ്ഥർക്കു മരംകൊള്ളയെക്കുറിച്ച് മുഴുവൻ കാര്യങ്ങളുമറിയാമെന്നും റവന്യു ഉദ്യോഗസ്ഥരിൽ ചിലർ അമിതാവേശം കാണിച്ചത് ഇവരുടെ ഇടപെടലിനെ തുടർന്നാണെന്നും ഇഡി കരുതുന്നു. ഈ ഉദ്യോഗസ്ഥരുടെ മുൻകാല പശ്ചാത്തലം വിശദമായി പരിശോധിക്കും. ബാങ്ക് ഇടപാടുകളും അടുത്തിടെയുണ്ടായ ഭൂമി രജിസ്റ്റ്രേഷനും അന്വേഷണപരിധിയിൽ വരും. വയനാട്ടിലെ വിവാദ മര വ്യവസായ ഏജൻസിയുടെ ഓഡിറ്റ് വിവരങ്ങളും ഇഡി പരിശോധിക്കും.