- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുട്ടിൽ മരംമുറി കേസിൽ അന്വേഷണത്തിന് ക്രൈംബ്രാഞ്ച് സംഘമായി; ഐ ജി സ്പർജൻ കുമാർ നേതൃത്വം നൽകും; തൃശൂർ, മലപ്പുറം, കോട്ടയം എസ് പിമാർക്കും ചുമതല; നെടുങ്കണ്ടം മരംമുറിയിൽ മരങ്ങൾ മുറിച്ചു കടത്തിയ ലോറി വനംവകുപ്പ് പിടികൂടി
തിരുവനന്തപുരം: മുട്ടിൽ മരംമുറി കേസ് അന്വേഷണത്തിനായി രൂപവത്കരിച്ച ഉന്നതതല അന്വേഷണ സംഘത്തിലേക്കുള്ള ക്രൈംബ്രാഞ്ച് അംഗങ്ങളെ തീരുമാനിച്ചു. ഐ ജി സ്പർജൻ കുമാറിനാണ് മേൽനോട്ടച്ചുമതല. വിപുലമായ അന്വേഷണ സംഘത്തിനാണ് രൂപം നൽകിയിരിക്കുന്നത്. തൃശൂർ, മലപ്പുറം, കോട്ടയം എസ് പിമാർക്കും ചുമതലയുണ്ട്. ക്രൈം ബ്രാഞ്ച് സംഘത്തിലെ ഉദ്യോഗസ്ഥരുടെ പട്ടിക ചീഫ് സെക്രട്ടറിക്ക് കൈമാറി. ഉന്നതതല സംഘത്തിലെ വിജിലൻസ് സംഘത്തെ സംബന്ധിച്ച് അന്തിമ തീരുമാനം നാളെ ഉണ്ടാകുമെന്നാണ് വിവരം.
മുട്ടിൽ മരംമുറി കേസ് അന്വേഷിക്കാൻ പ്രത്യേക ഉന്നതല സംഘത്തെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ വ്യക്തമാക്കിയിരുന്നു.മരംമുറി കേസിലെ ഗൂഢാലോചനയാണ് ക്രൈം ബ്രാഞ്ച് സംഘം പ്രധാനമായും പരിശോധിക്കുക. മരം കൊള്ള അന്വേഷിക്കാൻ ക്രൈം ബ്രാഞ്ച്, വിജിലൻസ്, വനം വകുപ്പ് എന്നീ വകുപ്പുകളിൽ നിന്നുള്ള ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയാണ് ഉന്നതതല സംഘം രൂപീകരിക്കുന്നത്. ഇതിന്റെ തലവനായി ക്രൈം ബ്രാഞ്ച് മേധാവി എസ് ശ്രീജിത്തിനേയും നിശ്ചയിച്ചിരുന്നു.
അതിനിടെ ഇടുക്കി നെടുങ്കണ്ടം മരംമുറി കേസിൽ അന്വേഷണ സംഘത്തിന് നിർണ്ണായക തെളിവ് ലഭിച്ചു. മരങ്ങൾ മുറിച്ചു കടത്തിയ ലോറി വനംവകുപ്പ് സംഘം പിടികൂടി. ഉടുമ്പൻചോല ചിത്തിരപുരം റോഡ് നിർമ്മാണത്തിന്റെ മറവിൽ മുറിച്ചുമാറ്റിയ മരങ്ങൾ കടത്തുവാൻ ഉപയോഗിച്ച ലോറിയാണ് വനം വകുപ്പ് പിടികൂടിയത്. കരാറുകാരനായ അടിമാലി സ്വദേശി കെ എച്ച് അലിയാറിന്റെ ഉടമസ്ഥതയിലുള്ള ടിപ്പർലോറിയാണ് കണ്ടെടുത്തത്.
മൊഴി രേഖപ്പെടുത്തുന്നതിനായി കരാറുകാരനോട് ഹാജരാകാൻ അന്വേഷണസംഘം ആവശ്യപ്പട്ടിരുന്നെങ്കിലും ഇയാൾ എത്തിയിരുന്നില്ല. തുടർന്ന് ഇന്ന് രാവിലെയോടെ അന്വേഷണ സംഘം ഇയാളുടെ വീട്ടിലും പരിസരത്തും നടത്തിയ പരിശോധനയിലാണ് വാഹനം കണ്ടെത്തിയത്. മൂന്നാർ ഡി എഫ് ഒയുടെ നിർദ്ദേശപ്രകാരമായിരുന്നു നടപടി.
എന്നാൽ പരിശോധന സമയത്ത് കരാറുകാരൻ സ്ഥലത്തില്ലായിരുന്നു. ശാരീരിക അസ്വസ്ഥതകൾ മൂലം ഇയാൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണന്നാണ് ബന്ധുക്കൾ അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചത്. വീടിനു സമീപം നടത്തിയ തെരച്ചിലിലാണ് ടിപ്പർ ലോറി കണ്ടെടുത്തത്. എന്നാൽ മുറിച്ച് കടത്തിയ മരങ്ങൾ ഇതുവരെ കണ്ടെടുക്കുവാനായിട്ടില്ല. സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
മറുനാടന് മലയാളി ബ്യൂറോ