- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്വട്ടേഷനിൽ പണം നഷ്ടപ്പെട്ടവർ സഹായം തേടി സമീപിച്ചത് സിപിഎം ജില്ലാ സെക്രട്ടറിയെ; സൈബർ സഖാക്കളുടെ സ്വർണക്കടത്തും കുഴൽപ്പണകവർച്ചയും എംവി ജയരാജന് നേരത്തെ അറിയാമെന്ന് ചന്ദ്രികയും ജയ്ഹിന്ദും; വിവാദം പുതിയ തലത്തിലേക്ക്
കണ്ണൂർ: സൈബർ സഖാക്കളുടെ സ്വർണ്ണക്കടത്ത് കുഴൽപ്പണ ക്വട്ടേഷനിൽ പണം നഷ്ടപ്പെട്ടവർ സഹായം തേടി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജനെ സമീപിച്ചുവെന്ന വാർത്തയുമായി ചന്ദ്രികയും ജയ്ഹിന്ദും. കോഴിക്കോട് കൊടുവള്ളി സ്വദേശികളായ സ്വർണക്കടത്ത്-കുഴൽപ്പണ സംഘത്തിന്റെ ഒരുകിലോ സ്വർണം വിട്ടുകിട്ടുന്നതിനായി മൂന്ന് മാസം മുൻപാണ് ഇവർ എം.വി ജയരാജനെസന്ദർശിച്ചു സഹായമഭ്യർത്ഥിച്ചതെന്നാണ് റിപ്പോർട്ട്.
പണം നഷ്ടപ്പെട്ടവർ തമ്മിലുള്ള വാട്സ് ആപ്പ് ശബ്ദ സന്ദേശത്തിലാണ് എം.വി ജയരാജനെ കണ്ടതായി പറയുന്നത്. ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയും രാമനാട്ടുകര സ്വർണ്ണക്കടത്ത് കേസിലെ പ്രധാന കണ്ണി അർജുൻ ആയങ്കിയും ഉൾപ്പെടുന്ന സംഘം സ്വർണം തട്ടിയത് സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജന് അറിയാമായിരുന്നുവെന്ന പരോക്ഷവിമർശനവുമായാണ് വാർത്ത. എന്നാൽ ഈ വാർത്ത അടിസ്ഥാനരഹിതമാണെന്ന് ചൂണ്ടിക്കാട്ടി.
എം.വി ജയരാജൻ തള്ളിക്കളഞ്ഞിട്ടുണ്ട്. സ്വർണം നഷ്ടപ്പെട്ട കൊടുവള്ളിയിൽ നിന്നുള്ള സംഘം അതിന്റെ പണം തിരികെ ലഭിക്കാൻ മൂന്നു മാസം മുമ്പ് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലെത്തി എം.വി ജയരാജന്റെ സഹായം തേടിയിരുന്നുവെന്ന വാർത്ത ചന്ദ്രികയെ ഉദ്ധരിച്ചു കൊണ്ട് ജയ്ഹിന്ദ് ടി.വിയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ വിതരണം ചെയ്യേണ്ട അമ്പത് ലക്ഷം രൂപയുടെ സ്വർണം അർജുൻ ആയങ്കിയുടെ സംഘം തട്ടിയെടുത്ത സംഭവത്തിലാണ് കോഴിക്കോട് നിന്നുള്ള സംഘം ജയരാജനെ സന്ദർശിച്ചതെന്നാണ് റിപ്പോർട്ട്.അർജുൻ ആയങ്കിയുടെ സംഘത്തിൽ ഉൾപ്പെട്ട സഹകരണ ബാങ്ക് ജീവനക്കാരനാണ് 50 ലക്ഷം രൂപയുടെ സ്വർണ്ണവുമായി മുങ്ങിയതെന്നായിരുന്നു ഇവരുടെ പരാതി. എന്നാൽ ലക്ഷ്യസ്ഥാനത്ത് പണം എത്താത്തതിനാൽ ബന്ധപ്പെട്ടപ്പോൾ പ്രതികരണങ്ങളൊന്നുമുണ്ടായില്ല.
നിരന്തരം ഫോണിൽ വിളിച്ചപ്പോൾ പിന്നീട് ആകാശ് തില്ലങ്കേരി ഫോണെടുത്ത് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്നാണ് സംഘം അഴീക്കോടൻ മന്ദിരത്തിലെത്തി സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജനെ നേരിൽ കണ്ടത്. ഈ സമയം അവിടെയുണ്ടായിരുന്ന എസ്എഫ്ഐ ജില്ലാ പ്രസിഡന്റിനെ എം.വി ജയരാജൻ തന്റെ മുറിയിലേക്ക് വിളിക്കുകയും മൊബൈൽ ഫോണിൽ സംഘം കാണിച്ച വ്യക്തിയെ തിരിച്ചറിയുകയും ചെയ്തിരുന്നതായി വാർത്തയിൽ പറയുന്നു.
അപ്പോൾ അവർ വീണ്ടും ഏർപ്പാട് തുടങ്ങിയോ'യെന്ന മറുപടിയാണ് ജയരാജനിൽ നിന്ന് ലഭിച്ചതെന്ന് കുഴൽപ്പണ ഇടപാട് സംഘത്തിന്റെ വാട്സ്ആപ്പ് സന്ദേശത്തിൽ പറയുന്നതായും ഇതിനുള്ള തെളിവുകൾ കൈവശമുണ്ടെന്നും ചന്ദ്രിക വാർത്തയിൽ പറയുന്നുണ്ട്. കണ്ണൂർ സ്വദേശിയായ അർജുൻ ആയങ്കിക്കും ആകാശ് തില്ലങ്കേരിക്കും സ്വർണ്ണക്കടത്തും, കുഴൽപ്പണ ഇടപാടുമായി ബന്ധമുണ്ടെന്ന കാര്യം സിപിഎം ജില്ലാ സെക്രട്ടറിക്ക് നേരത്തെ അറിയാമായിരുന്നുവെന്നാണ് ഈ ശബ്ദ സന്ദേശത്തിലൂടെ വ്യക്തമാകുന്നതെന്നും വാർത്തയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
ഇതിനെ തുടർന്നാണ് രാമനാട്ടുകര സ്വർണ്ണക്കടത്ത് ക്വട്ടേഷൻ കേസിൽ അർജുൻ ആയങ്കിയുടെ പേര് പുറത്തുവന്നതിനു പിന്നാലെ തള്ളിപ്പറയാൻ സിപിഎം തയ്യാറായതെന്ന വിമർശനമാണ് ചന്ദ്രികയും ജയ്ഹിന്ദും ഉന്നയിക്കുന്നത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്