- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തഴവാ കുറ്റിപ്പുറം ജങ്ഷനിലെത്തിയപ്പോൾ ബൈക്ക് അപകടത്തിൽപെട്ട് ഒരാൾ ചോര വാർന്ന് റോഡിൽ കിടക്കുന്നു; ആശുപത്രിയിൽ കൊണ്ടുപോകാതെ ചുറ്റും കാഴ്ചക്കാർ; ആളെ ബസിൽ കയറ്റി നൂറെ..നൂറിൽ വച്ചു പിടിച്ചു ശാസ്താംകോട്ട ആശുപത്രിയിലേക്ക്; ട്രിപ് ഉപേക്ഷിച്ച് രക്ഷകരായ സ്വകാര്യ ബസ് ജീവനക്കാർക്ക് മോട്ടോർ വാഹന വകുപ്പിന്റെ ആദരം
കരുനാഗപ്പള്ളി: അപകടത്തിൽപെട്ട് നടു റോഡിൽ ചോര വാർന്ന് കിടന്ന ബൈക്ക് യാത്രക്കാരനെ ട്രിപ്പ് ഉപേക്ഷിച്ച് ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകിയ ബസ് ജീവനക്കാരെ മോട്ടോർ വാഹന വകുപ്പ് ആദരിച്ചു. തൊടിയൂർ പി.കെ.ആർ മോട്ടോർസിന്റെ നിസാമോൾ ബസിലെ ഡ്രൈവർ ഫൈസൽ, കണ്ടക്ടർ ഷിനാസ്, സംസം ബസ് ഡ്രൈവർ വിനോദ്, ബസ് മാനേജർ അൻഷാദ് എന്നിവരെയാണ് കരുനാഗപ്പള്ളി ജോ.ആർ.ടി.ഒയുടെ നേതൃത്വത്തിൽ ആദരിച്ചത്.
'ബൈക്ക് യാത്രക്കാരൻ അപകടത്തിൽപെട്ട് റോഡിൽ ചോരവാർന്ന് കിടക്കുമ്പോൾ മറ്റുള്ളവർ കാഴ്ചക്കാരായി നിൽക്കുകയാണ് ചെയ്തത്. എന്നാൽ ബസ് ജീവനക്കാർ സമയോചിതമായി ഇടപെട്ട് ട്രിപ്പ് തന്നെ അവസാനിപ്പിച്ച് പരിക്കേറ്റയാളെ ആശുപത്രിയിൽ കൊണ്ടു പോകുകയാണ് ചെയ്തത്. സഹ ജീവികളോടുള്ള സ്നേഹത്തിന്റെ ഉത്തമ ഉദാഹരണമാണ് ഈ പ്രവർത്തി. അതിനാൽ മോട്ടോർ വാഹന വകുപ്പിന് ഇവരെ ആദരിക്കാതിരിക്കാൻ കഴിയില്ല. മറ്റുള്ളവർക്ക് ഇവർ ഒരു പ്രചോദനമാണ്. റോഡിൽ അപകടത്തിൽപെട്ട ആരെ കണ്ടാലും ആശുപത്രിയിലെത്തിക്കാൻ ആരും മടികാണിക്കരുത്'-; ജോ.ആർ.ടി.ഒ എച്ച്.അൻസാരി പറഞ്ഞു.
വെള്ളിയാഴ്ച പുതിയകാവ് ചിറ്റുമൂലയിലെ ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിൽ വച്ചായിരുന്നു അനുമോദനം. കരുനാഗപ്പള്ളി ജോ.ആർ.ടി.ഒ എച്ച്.അൻസാരിക്കൊപ്പം മോട്ടോർവെഹിക്കിൾ ഇൻസ്പെക്ടർഎസ്.എൻ.ശിവകുമാർ, അസി.മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ സി.ബി.ആദർശ്, എസ്.ഹരികുമാർ, ബി.ഷാജഹാൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
31 ന് രാവിലെ 7.30 നാണ് സംഭവം. കരുനാഗപ്പള്ളിയിൽ നിന്നും ഭരണക്കാവിലേക്ക് പോകുകയായിരുന്നു ബസ്. തഴവാ കുറ്റിപ്പുറം ജങ്ഷനിലെത്തിയപ്പോൾ ബൈക്ക് അപകടത്തിൽപെട്ട് ഒരാൾ ചോരവാർന്ന് റോഡിൽ കിടക്കുന്നത് കണ്ടു. അപകടത്തിൽപെട്ടയാളെ ആശുപത്രിയിൽ കൊണ്ടു പോകാൻ ആരും തയ്യാറാവാതെ കൂട്ടം കൂടി നിൽക്കുകയായിരുന്നു. ഇത് ശ്രദ്ധയിൽപെട്ട ഡ്രൈവർ ഫൈസലും കണ്ടക്ടർ ഷിനാസും ബസിൽ നിന്നിറങ്ങി വാഹനങ്ങൾ തടഞ്ഞു നിർത്തി ആശുപത്രിയിൽ കൊണ്ടു പോകാനായി ശ്രമിച്ചു. എന്നാൽ ആരും വാഹനം നിർത്താൻ തയ്യാറായില്ല. ഈ സമയം സംസം ബസിന്റെ ഡ്രൈവർ വിനോദ് അവിടെ എത്തി. മൂന്നു പേരും കൂടി അപകടത്തിൽപെട്ടയാളെ ബസിൽ തന്നെ ആശുപത്രിയിലെത്തിക്കാമെന്ന് തീരുമാനിച്ചു.
ഉടൻ തന്നെ വാഹനത്തിലുള്ളവരെ ഇറക്കി അപകടത്തിൽപെട്ടയാളെ ബസിനുള്ളിൽ കയറ്റി. പിന്നെ നൂറെ..നൂറിൽ വച്ചു പിടിച്ചു. ശാസ്താംകോട്ട പത്മാവതി ആശുപത്രിയിലാണ് എത്തിച്ചത്. വേഗം തന്നെ പ്രാഥമിക ശുശ്രൂഷ നൽകി. തലക്ക് ഏറ്റ പരിക്ക് ഗുരുതരമായതിനാൽ മികച്ച ചികിത്സാ സൗകര്യമുള്ള ആശുപത്രിയിലേക്ക് മാറ്റണമെന്ന് നിർദ്ദേശിച്ചു. തുടർന്ന് പരിക്കേറ്റയാളുടെ ബന്ധുക്കൾ എത്തുന്നതുവരെ ബസ് ജീവനക്കാർ ആശുപത്രിയിൽ തുടർന്നു. പിന്നീട് ബന്ധുക്കളെത്തി കൊല്ലം മെഡിസിറ്റി ആശുപത്രിയിലേക്ക് കൊണ്ടു പോയപ്പോഴാണ് ജീവനക്കാർ ബസുമായി തിരികെ പോയത്. ബസിനുള്ളിൽ നിറയെ രക്തം കട്ടപിടിച്ചു കിടക്കുകയായിരുന്നു. കഴുകി വൃത്തിയാക്കിയതിന് ശേഷമാണ് സർവ്വീസ് പുനരാരംഭിച്ചത്. ജീവനക്കാർക്കൊപ്പം നാട്ടുകാരനായ ഒരാൾ കൂടി സഹായത്തിനായി എത്തിയിരുന്നു.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.