- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരഞ്ഞെടുപ്പ് വന്നാലും വാഹന പരിശോധന മറക്കരുത്; 30 ഓഫീസുകളിലെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരോട് മറുപടി ചോദിച്ച് ട്രാൻസ്പോർട്ട് കമ്മീഷണർ; പിഴ ചുമത്തലിന്റെ വേഗം ഇനി കൂടും
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് വന്നതോടെ മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥർ വാഹന പരിശോധന മറന്നുവോ? അങ്ങനെ മറവി പാടില്ലെന്നാണ് ട്രാൻസ്പോർട്ട് കമ്മീഷണറുടെ നിലപാട്. 30 ഓഫീസുകളിലെ ഉദ്യോഗസ്ഥരോട് ട്രാൻസ്പോർട്ട് കമ്മിഷണർ വിശദീകരണം തേടിയിരിക്കുകയാണ്.
തിരഞ്ഞെടുപ്പുതിരക്ക് കാരണം മുൻകാലത്തെ പോലെ വാഹന പരിശോധന നടന്നിട്ടില്ലെന്ന് ഉദ്യോഗസ്ഥർ പറയുന്നു. തിരഞ്ഞെടുപ്പ് ആവശ്യത്തിനുവേണ്ടി റവന്യൂവകുപ്പ് ആവശ്യപ്പെട്ട വാഹനങ്ങൾ എത്തിക്കേണ്ട ചുമതല മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥർക്കായിരുന്നു. പോളിങ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥർക്ക് യാത്രചെയ്യാൻ ബസുകൾ, മിനിവാനുകൾ എന്നിവ ഒരുക്കേണ്ടിയിരുന്നു. രണ്ടാഴ്ചയിലേറെ ഇതിനായി വേണ്ടിവന്നു.
വാഹനപരിശോധന നിർത്തിവെക്കാൻ നിർദ്ദേശിച്ച ഓഫീസ് മേധാവിമാർ, ഉദ്യോഗസ്ഥരോട് തിരഞ്ഞെടുപ്പ് ഡ്യൂട്ടി ചെയ്യാൻ നിർദ്ദേശിച്ചിരുന്നു. ഇതുപ്രകാരം തിരഞ്ഞെടുപ്പ് ഡ്യൂട്ടികൾക്ക് ഇറങ്ങിയവരോടാണ് ഇപ്പോൾ വിശദീകരണം തേടിയിട്ടുള്ളത്. കോവിഡ് രോഗവ്യാപനം വർധിച്ചതും വാഹനപരിശോധനയ്ക്ക് തടസ്സമാണ്. ഇതും പരിശോധന കുറയ്ക്കാൻ കാരണമായി. പൊതുതിരഞ്ഞെടുപ്പ് വേളയിൽ തീവ്രപരിശോധന ഒഴിവാക്കാൻ സർക്കാർതലത്തിൽ വാക്കാൽ നിർദ്ദേശം നൽകാറുണ്ട്.
എന്നാൽ, വാഹനപരിശോധന കുറയുന്നത് റോഡുസുരക്ഷാനടപടികളെ ബാധിക്കുന്നതിനാലാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയതെന്ന് ഉന്നതോദ്യോഗസ്ഥർ പറഞ്ഞു. ഓൺലൈൻ സംവിധാനമായ ഇ-ചെല്ലാൻ വഴി ഗതാഗതനിയമലംഘനങ്ങൾക്ക് പിഴയീടാക്കാൻ കഴിയും. പഴയപടി വാഹനങ്ങൾ തടഞ്ഞുനിർത്തി പരിശോധിക്കേണ്ടതില്ല. കോവിഡ് രോഗവ്യാപനം കുറയ്ക്കാൻ ബസുകളിലെ യാത്രക്കാരുടെ എണ്ണത്തിലെ നിയന്ത്രണം ഉൾപ്പെടെ പരിശോധിക്കാൻ നിർദ്ദേശം നൽകിയിരുന്നു. ഇതിൽ വീഴ്ചവരുത്തിയവർക്കെതിരേ നിയമാനുസൃത നടപടികൾ മാത്രമാണ് സ്വീകരിച്ചതെന്ന് അധികൃതർ പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ