മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിൽ മലപ്പുറം ജില്ലയിലെ ഒരു വാർഡിന്റെ വിജയം പൂർണമായും തീരുമാനിക്കുക കാടിന്റെ മക്കളായ ആദിവാസികൾ. നിലമ്പൂർ കരുളായി ഗ്രാമപഞ്ചായത്തിലെ ആറാംവാർഡായ മൈലമ്പാറയിലാണ് ഈ അപൂർവതയുള്ളത്. ഇവിടം പൂർണമായ വനപ്രദേശമാണ്. വാർഡിലെ 44 ശതമാനം വോട്ടർമാരും ആദിവാസികളാണ്. ഈ സാഹചര്യത്തിലാണ് കാടിന്റെ മക്കൾ വിധി നിർണിയിക്കുന്ന ഒരു വാർഡ് എന്ന പ്രത്യേകത മൈലമ്പാറയ്ക്കുള്ളത്. മൈലമ്പാറയുടെ കിഴക്ക് ഭാഗം തമിഴ്‌നാട്ടിലെ മുക്കുറുത്തി നാഷണൽ പാർക്കിലാണ്.കരുളായി പഞ്ചായത്ത് 25 ശതമാനം ജനവാസ മേഖലയും 75 ശതമാനം വനപ്രദേശവും ഉൾക്കൊള്ളുന്നതാണ്.

ജനവാസമേഖലയെ 14 വാർഡുകളായാണ് വിഭജിച്ചിരിക്കുന്നത്. ഇതിൽ ആറാം വാർഡ് വനപ്രദേശത്തുമാണ്. മലപ്പുറം ജില്ലയിലെ മറ്റു വാർഡുകളിൽ നിന്നും വളരെ വ്യത്യസ്തമാണ് മൈലമ്പാറ വാർഡ്. പഞ്ചായത്തിലെ മറ്റ് സ്ഥാനാർത്ഥികൾക്ക് ഈ വാർഡിനെ കുറിച്ച് അത്ര പരിചയവും ഉണ്ടാകില്ല. വനപ്രദേശമായതിനാൽ എത്തിപ്പെടാൻ കഴിയാത്ത ഇടങ്ങളിലാണ് മൈലമ്പാറയുടെ പ്രധാന ഭാഗങ്ങൾ.

പ്രക്തനാ ആദിവാസി വിഭാഗവുംഗുഹാവാസികളുമായ ചോലനായ്ക്കർ ഉൾപ്പെടെയുള്ളവർ ഈ വാർഡിലെ വോട്ടർമാരാണ്. നെടുങ്കയം, ചേമ്പുംക്കൊല്ലി, വട്ടിക്കല്ല്, മാഞ്ചീരി, പാണപ്പുഴ, മണ്ണള, നാഗമല തുടങ്ങി പത്തോളം ആദിവാസി സങ്കേതങ്ങളിലെ 433 ആദിവാസി വോട്ടർമാരാണ് ഈ വാർഡിലുള്ളത്. ഇതിൽ പുതുതായി വോട്ട് ചേർത്ത നാല് വോട്ടർമാരടക്കം 237 പുരുഷ വോട്ടർമാരും 196 സ്ത്രീ വോട്ടർമാരുമാണ്.

ഇവർക്ക് വോട്ടു രേഖപ്പെടുത്താനായി വനത്തിനുള്ളിൽ പ്രത്യേക ബൂത്ത് സജ്ജമാക്കാറാണ് പതിവ്. നെടുങ്കയത്തെ അമിനിറ്റി സെന്ററിലെ ബൂത്ത് ഇവർക്കു മാത്രമാണ്.ഇവിടെ രാവിലെ പത്ത് മണിയോടെ മാത്രമേ ബൂത്ത് പ്രവർത്തനം ആരംഭിക്കൂ. കിലോമീറ്ററുകൾ താണ്ടി ചോലനായ്ക്ക വിഭാഗത്തിൽ ഉൾപ്പെടെയുള്ളവർ ബൂത്തിലെത്തുമ്പോൾ സമയം ഉച്ചയ്ക്കു രണ്ടുമണിയെങ്കിലുമാകും. 70 ശതമാനത്തിലധികം ആളുകൾ ബൂത്തിലെത്തി സമ്മതിദാനാവകാശം വിനിയോഗിക്കും. വാർഡിലെ ആകെയുള്ള 1094 വോട്ടർമാരിൽ 661 പേർ ഗ്രാമവാസികളാണ്.