പത്തനംതിട്ട: കോടികളുടെ ക്രമക്കേട് നടന്ന മൈലപ്ര സർവീസ് സഹകരണ ബാങ്കിൽ സെക്രട്ടറി ജോഷ്വ മാത്യുവിനെ അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി മൂന്നാഴ്ചത്തേക്ക് തടഞ്ഞു. വെള്ളിയാഴ്ചയാണ് ജോഷ്വ മാത്യുവിന്റെ ഹർജി കോടതി പരിഗണിച്ചത്. മൂന്നാഴ്ച കഴിഞ്ഞ് കേസ് പരിഗണിക്കും. അതു വരെ സെക്രട്ടറിയെ അറസ്റ്റ് ചെയ്യരുതെന്നാണ് കോടതിയുടെ നിർദ്ദേശം. വിശ്വാസ വഞ്ചന കാട്ടിയെന്ന് ആരോപിച്ച് പത്തനംതിട്ട പൊലീസാണ് സെക്രട്ടറിക്കെതിരേ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

പൊലീസ് കേസെടുത്തതിനെ തുടർന്ന് ഇന്നലെ ചേർന്ന ഡയറക്ടർ ബോർഡ് യോഗം ജോഷ്വയെ സസ്പെൻഡ് ചെയ്തിരുന്നു. സഹകരണ വകുപ്പ് നടത്തിയ 65 വകുപ്പ് പ്രകാരമുള്ള അന്വേഷണത്തിനൊടുവിലാണ് പൊലീസിൽ പരാതി നൽകിയത്. ബാങ്കിന്റെ അനുബന്ധ സ്ഥാപനമായ മൈഫുഡ് ഗോതമ്പ് ഫാക്ടറിയിലേക്ക് ഗോതമ്പ് വാങ്ങിയ വകയിൽ 3.94 കോടിയുടെ ക്രമക്കേട് കണ്ടെത്തിയിരുന്നു.

ഓഡിറ്റ് റിപ്പോർട്ടും സഹകരണ വകുപ്പിന്റെ അന്വേഷണ റിപ്പോർട്ടും വ്യത്യസ്തമായതാണ് ജോഷ്വ മാത്യുവിന് തുണയായതെന്ന് സൂചനയുണ്ട്. ഈ മാസം 30 ന് സെക്രട്ടറി വിരമിക്കാനിരിക്കുകയാണ്. സഹകരണ വകുപ്പിന്റെ പരാതി പ്രകാരം പൊലീസ് കേസെടുക്കുമെന്നും അറസ്റ്റുണ്ടാകുമെന്നും മനസിലാക്കിയ ജോഷ്വ തനിക്ക് ആൻജിയോപ്ലാസ്റ്റി ചെയ്യേണ്ടി വരുമെന്ന് പറഞ്ഞ് പരുമലയിലെ ആശുപത്രിയിൽ അഡ്‌മിറ്റായിരുന്നു. അവിടെ കിടന്നാണ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യഹർജി നൽകിയത്. മൂന്നാഴ്ചയ്ക്ക് ശേഷം മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കും.

മൈലപ്ര സഹകരണ ബാങ്കിൽ അനുബന്ധ സ്ഥാപനമായി ഗോതമ്പ് ഫാക്ടറി സ്ഥാപിച്ച് കോടികളുടെ തട്ടിപ്പ് നടത്തിയ വാർത്ത മറുനാടനാണ് പുറത്തു വിട്ടത്. ഇതേ തുടർന്ന് നിക്ഷേപകർ കൂട്ടമായി തങ്ങളുടെ നിക്ഷേപം പിൻവലിക്കാൻ എത്തി. കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം പണം നൽകാൻ കഴിഞ്ഞിരുന്നില്ല. ഇതിനിടെ ജീവനക്കാരുടെ സമരവും തുടങ്ങി. ഇതോടെ നിൽക്കക്കള്ളിയില്ലാതെ സെക്രട്ടറിക്ക് എതിരേ കേസെടുക്കുകയും സസ്പെൻഡ് ചെയ്യുകയുമായിരുന്നു. സിപിഎം ഏരിയാ കമ്മറ്റി അംഗം ജെറി ഈശോ ഉമ്മനാണ് ബാങ്കിന്റെ പ്രസിഡന്റ്.