പത്തനംതിട്ട: കോടികളുടെ തട്ടിപ്പ് നടന്ന മൈലപ്ര സർവീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റും മുൻ സെക്രട്ടറിയും പ്രതിക്കൂട്ടിൽ നിൽക്കുമ്പോൾ ഇതിന്റെയെല്ലാം മുഖ്യസൂത്രധാരൻ പുറമേ നിന്നുള്ള ഒരു ആധാരമെഴുത്തുകാരനാണെന്ന് അന്വേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചു. ഇയാളുടെ ഇംഗിതത്തിനൊപ്പിച്ച് പ്രസിഡന്റും സെക്രട്ടറിയും നിന്നതാണ് ബാങ്കിനെ സാമ്പത്തിക തകർച്ചയിലേക്ക് നയിച്ചിട്ടുള്ളത്. സ്വന്തമായി ഫാക്ടറി ഉണ്ടാക്കി നടത്തിയ തട്ടിപ്പിൽ 40 കോടിയോളം രൂപയാണ് വകമാറ്റിയിട്ടുള്ളത്. ഈ പണം എങ്ങോട്ടു പോയി എന്ന ചോദ്യത്തിന് പ്രസിഡന്റിനും സെക്രട്ടറിക്കും ഭരണ സമിതി അംഗങ്ങൾക്കും മറുപടിയില്ല. ജോഷ്വാ മാത്യു സെക്രട്ടറിയായിരിക്കുന്ന കാലത്താണ് കോടികളുടെ ക്രമക്കേട് നടന്നിട്ടുള്ളത്. ഏപ്രിൽ 30 ന് ജോഷ്വ സർവീസിൽ നിന്ന് വിരമിച്ചു. പക്ഷേ, തട്ടിപ്പു കേസിൽ പ്രതി ചേർക്കപ്പെട്ട ഇയാൾ സസ്പെൻഷനിലാണ്. മൂന്നാഴ്ചത്തേക്ക് ഹൈക്കോടതി അറസ്റ്റ് തടഞ്ഞിരിക്കുകയാണ്. അതിന് ശേഷമാകും മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുക.

പ്രസിഡന്റ് ജെറി ഈശോ ഉമ്മൻ, മുൻ സെക്രട്ടറി ജോഷ്വാ മാത്യു എന്നിവർ ബാങ്കിൽ പ്രതിസന്ധിയില്ലെന്ന് വാദിക്കുന്നവരാണ്. നിലവിലെ ഓഡിറ്റ് പ്രകാരം ബാങ്കിന്റെ മൈഫുഡ് ഗോതമ്പ് ഫാക്ടറിയിൽ കാണേണ്ടത് 3.94 കോടിയുടെ സ്റ്റോക്കാണ്. ഇത് കണ്ടില്ലെന്ന പേരിലാണ് സെക്രട്ടറിയെ പ്രതിയാക്കി കേസ് എടുത്തിരിക്കുന്നത്. സിപിഎമ്മും സഹകരണ സംഘം ജോയിന്റ് രജിസ്ട്രാറും ബാങ്ക് ഭരണ സമിതിയും ചേർന്ന് നടത്തിയ നാടകത്തിന്റെ ഭാഗമാണ് ഇത്തരമൊരു കേസ്. നിക്ഷേപകരുടെ കണ്ണിൽ പൊടിയിടാനും തട്ടിപ്പുകാർക്ക് രക്ഷപ്പെടാനും വേണ്ടി നടത്തിയ ഈ നാടകം പക്ഷേ നാട്ടുകാർ വിശ്വസിച്ചിട്ടില്ല.

2003 ൽ മൈഫുഡ് ഗോതമ്പ് ഫാക്ടറി തുടങ്ങി നാളിതു വരെ അവിടെ നിക്ഷേപിച്ചിരിക്കുന്നത് 40 കോടിയിലധികം രൂപയാണ്. ഇതിൽ ഒരു പൈസ പോലും ബാങ്കിലേക്ക് തിരിച്ചു കിട്ടിയിട്ടില്ലെന്ന് പറയാം.പലിശ ഇനത്തിൽ സാമ്പത്തിക വർഷാവസാനം അടയ്ക്കുന്ന തുക പിറ്റേന്ന് തന്നെ പുതിയ വായ്പയായി ഫാക്ടറിയുടെ പേരിലേക്ക് മാറ്റും.

ഇങ്ങനെ മാറ്റിയ ലക്ഷങ്ങളാണ് പിന്നീട് കോടികളായത്. ഫാക്ടറിയിലേക്ക് നൽകിയെന്ന് പറയുന്ന പണം പലരുടെയും ബിനാമി അക്കൗണ്ടുകളിലേക്കാണ് പോയിട്ടുള്ളത്. ഈ പണമെല്ലാം ക്രോഡീകരിച്ച് തമിഴ്‌നാട്ടിൽ വസ്തു വകകൾ ബിനാമികൾ വാങ്ങിക്കൂട്ടിയിട്ടുണ്ട്. ഇതിനുള്ള ബുദ്ധി ഉപദേശിച്ചതും പങ്ക് ചേർന്ന് ബിനാമി സ്വത്തുക്കൾ വാങ്ങിയതും പത്തനംതിട്ടയിലെ ഒരു ആധാരമെഴുത്തുകാരനാണ്. ഇയാൾ കോടികൾ ഈ ബാങ്കിൽ നിന്ന് വായ്പയായും എടുത്തിട്ടുണ്ടെന്നാണ് വിവരം. നിലവിൽ ബാങ്കിന്റെ മുൻ സെക്രട്ടറി ജോഷ്വ മാത്യു മാത്രമാണ് അന്വേഷണത്തിന്റെ പരിധിയിൽ വന്നിരിക്കുന്നത്. സിപിഎം ഏരിയാ കമ്മറ്റിയംഗമായ ജെറി ഈശോ ഉമ്മനെ പ്രതി ചേർത്തിട്ടില്ല. പണം പോയ വഴി വ്യക്തമായി അറിയാവുന്നത് ജെറിക്കും ജോഷ്വയ്ക്കും ആധാരമെഴുത്തുകാരനുമാണ്.

കടം പെരുകി നിൽക്കാൻ കഴിയാതെ വന്നപ്പോൾ ബാങ്കിന്റെ ആസ്തി വകകൾ കേരളാ ബാങ്കിൽ പണയം വച്ച് വായ്പ എടുക്കാൻ ശ്രമം നടന്നു. ഫാക്ടറിയുടെ വാല്യൂവേഷൻ നടത്തി 15 കോടി വായ്പ എടുക്കാനായിരുന്നു നീക്കം. എന്നാൽ, വാലുവേഷൻ തുക ഇട്ടത് കെട്ടിടം അടക്കം 6.15 കോടിയാണ്. വാലുവേഷൻ ഇട്ടപ്പോഴാണ് ഫാക്ടറിയുടെ എന്നു പറയുന്ന സ്ഥലത്തിൽ 30 സെന്റ് വ്യക്തിയുടെ പേരിലുള്ളതാണെന്ന വിവരം പുറത്തു വരുന്നത്. ഫാക്ടറിക്ക് വേണ്ടി വസ്തു വാങ്ങിയ വകയിൽ നടന്ന ക്രമക്കേടിനുള്ള തെളിവാണ് ഈ 30 സെന്റ്. ഇതു കാരണം കേരളാ ബാങ്ക് അനുവദിച്ച വായ്പ വെറും രണ്ടരക്കോടിയാണ്.

തട്ടിപ്പിന്റെ മാരകവേർഷനാണ് മൈലപ്രയിൽ അരങ്ങേറിയിരിക്കുന്നത്. സംസ്ഥാനത്ത് മറ്റ് പല സ്ഥലത്തും ബാങ്ക് തട്ടിപ്പ് അരങ്ങേറിയിട്ടുണ്ടെങ്കിലും ഇത്തരമൊന്ന് ആദ്യമാണ്. ബാങ്കിൽ നിന്നുള്ള പണം വകമാറ്റാൻ വേണ്ടി അനുബന്ധ സ്ഥാപനമായി ഫാക്ടറി തുടങ്ങുകയാണുണ്ടായത്. 2003 ൽ എൻസിഡിസിയിൽ നിന്ന് 5.85 ലക്ഷം വായ്പ എടുത്തായിരുന്നു തുടക്കം. ബാങ്കിന്റെ അനുബന്ധ സ്ഥാപനമായതിനാൽ ഫാക്ടറിയിൽ ഓഡിറ്റിങിന് സഹകരണ വകുപ്പ് ഉദ്യോഗസ്ഥർ കടക്കാനൊരുങ്ങിയപ്പോഴാണ് ബാങ്ക് പ്രസിഡന്റിന്റെയും സെക്രട്ടറിയുടെയും തനി നിറം പുറത്തു വന്നത്. ഓഡിറ്റിന് ചെന്ന ഉദ്യോഗസ്ഥരെ 2014 ൽ ബാങ്ക് അധികൃതർ തടഞ്ഞു. 2016 ൽ ഹൈക്കോടതിയെ സമീപിച്ച് ഫാക്ടറിയിലെ ഓഡിറ്റ് തടഞ്ഞു. എന്നാൽ 2016-17 ൽ ബാങ്കിന്റെ ഓഡിറ്റ് റിപ്പോർട്ടിൽ ബാങ്കിന്റെ കണക്കുകൾ കൂടി ചേർക്കുകയും ചെയ്തു.

വർഷങ്ങളായി ഫാക്ടറിക്ക് നൽകിയ കോടികളുടെ പ്രവർത്തന ഫണ്ടാണ് ക്രമക്കേട് നടത്തി തട്ടിയെടുത്തിരിക്കുന്നത്. ബിനാമികളെ കണ്ടെത്തി ഇതരസംസ്ഥാനത്ത് വാങ്ങിയിട്ടിരിക്കുന്ന ഭൂമി ഏറ്റെടുത്താൽ കുറച്ചു പണമെങ്കിലും തിരികെ കിട്ടിയേക്കുമെന്നാണ് നിക്ഷേപകർ ചൂണ്ടിക്കാണിക്കുന്നത്.