പത്തനംതിട്ട: മൈലപ്ര സർവീസ് സഹകരണ ബാങ്കിൽ നടന്ന കോടികളുടെ ക്രമക്കേട് സംബന്ധിച്ച് വിശദാംശങ്ങൾ മനസിലായതോടെ ഏരിയാ കമ്മറ്റിയംഗം പ്രസിഡന്റായ ഭരണ സമിതിയെ കൈവിടാനൊരുങ്ങി സിപിഎം ജില്ലാ നേതൃത്വം. ബാങ്കിൽ അഡ്‌മിനിസ്ട്രേറ്റർ ഭരണം നടത്തുന്നതിന് പാർട്ടി ജില്ലാ നേതൃത്വം പച്ചക്കൊടി കാട്ടി. ഇതു സംബന്ധിച്ച് ഇന്ന് സഹകരണ വകുപ്പിന്റെ തീരുമാനമുണ്ടാകും. ബാങ്ക് പ്രസിഡന്റ് ജെറി ഈശോ ഉമ്മനോട് പാർട്ടി രാജി ആവശ്യപ്പെടും. തയാറായില്ലെങ്കിൽ ഭരണ സമിതി പിരിച്ചു വിടും.

ഇതോടെ കുറ്റം മുഴുവൻ മുൻ സെക്രട്ടറിയുടെ തലയിൽ കെട്ടിവച്ച് തലയൂരാനുള്ള പ്രസിഡന്റ് ജെറി ഈശോ ഉമ്മന്റെ നീക്കമാണ് തിരിച്ചടിച്ചിരിക്കുന്നത്. സഹകരണ വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട് പ്രകാരമാണ് സിപിഎം ജില്ലാ സെക്രട്ടറി കെപി ഉദയഭാനു കടുത്ത നടപടിക്കൊരുങ്ങുന്നത്. മുൻസെക്രട്ടറി ജോഷ്വ മാത്യുവാണ് എല്ലാം ചെയ്തതെന്നും തനിക്കൊന്നുമറിയില്ലെന്നുമാണ് ജെറി ഈശോ ഉമ്മൻ പാർട്ടി നേതൃത്വത്തെ തെറ്റിദ്ധരിപ്പിച്ചിരുന്നത്. സോഷ്യൽ മീഡിയ സഹായത്തോടെ അങ്ങനെയാണെന്ന് വരുത്തി തീർക്കാനും ശ്രമം നടന്നു. യഥാർഥത്തിൽ തുടരെയുള്ള സോഷ്യൽ മീഡിയ പ്രമോഷനാണ് ജെറിക്ക് തിരിച്ചടിയായത്.

കുറ്റം മുൻസെക്രട്ടറിയുടെ തലയിൽ വച്ച് താൻ മാത്രം വിശുദ്ധൻ എന്ന തരത്തിലായിരുന്നു ജെറിയുടെ ന്യായീകരണം. എന്നാൽ സഹകരണ വകുപ്പിന്റെ അന്വേഷണ റിപ്പോർട്ടിൽ കോടികൾ പോയ വഴികളും അതിൽ പ്രസിഡന്റിന്റെയും മുൻ സെക്രട്ടറിയുടെയും പങ്കും വ്യക്തമാക്കിയിരുന്നു. ഇതാണിപ്പോൾ തിരിച്ചടിയായിരിക്കുന്നത്.

കേരളാ കോൺഗ്രസിന്റെ സകലമാന ബ്രാക്കറ്റുകളിലും പ്രവർത്തിച്ച ശേഷം ഒരു സുപ്രഭാതത്തിൽ ജെറി സിപിഎമ്മിൽ എത്തിയത് തന്നെ തട്ടിപ്പിൽ നിന്ന് രക്ഷ നേടുകയെന്ന ലക്ഷ്യത്തോടെയായിരുന്നു. കോടികളാണ് ജെറിയും ജോഷ്വായും ചേർന്ന് ലോൺ കൊടുത്തത്. അവരിൽ പലരും തിരിച്ചടയ്ക്കാൻ ഇപ്പോൾ സന്നദ്ധരല്ല. പലിശയും മുതലും ചേർത്ത് വൻ തുകയാണ് ഇവരുടെ കുടിശിക. ലോൺ തരപ്പെടുത്തി നൽകിയതിന്റെ പിന്നാമ്പുറ കഥകളിൽ സാമ്പത്തിക അഴിമതിയും ആരോപിക്കപ്പെടുന്നു.

സെക്രട്ടറിയും പ്രസിഡന്റും ഒത്തു ചേർന്ന് നടത്തിയ അഴിമതിയിൽ നിന്ന് ഇപ്പോൾ പ്രസിഡന്റ് മാത്രം നിഷ്‌കളങ്കൻ ചമഞ്ഞ് മാറി നിൽക്കുകയാണ്. ഇതിനായി സാമൂഹിക മാധ്യമ പ്രചാരണവും ജെറി നടത്തി. ഈ പ്രചാരണങ്ങളാണ് സിപിഎം ജില്ലാ നേതൃത്വത്തെ പ്രകോപിപ്പിച്ചത്. വസ്തുതകൾ മറച്ചു വച്ച് യാതൊരു അടിസ്ഥാനവുമില്ലാത്ത തരത്തിൽ നടത്തിയ പ്രചാരണമാണ് ഇപ്പോൾ പ്രസിഡന്റിന് തിരിച്ചടിയായിരിക്കുന്നത്. അഴിമതി നടത്തിയത് ആരായാലും അംഗീകരിക്കില്ല എന്ന നിലപാടാണ് ജില്ലാ സെക്രട്ടറിക്ക്. പാർട്ടിക്ക് പേരുദോഷം വരുന്ന രീതിയിൽ ജെറി ഈശോ ഉമ്മൻ പ്രവർത്തിച്ചതും നേതൃത്വത്തെ ചൊടിപ്പിച്ചിട്ടുണ്ട്.

ഇതിനിടെ പണം മടക്കി നൽകണമെന്നാവശ്യപ്പെട്ട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജെറി ഈശോ ഉമ്മൻ, സെക്രട്ടറി ഷാജി ജോർജ് എന്നിവരെ രാവിലെ മുതൽ വൈകുന്നേരം വരെ നിക്ഷേപകർ തടഞ്ഞു വച്ചു. തിങ്കളാഴ്ച രാവിലെ പതിനൊന്നരയോടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ബാങ്കിൽ സഹകരണ ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ലെന്ന് മനസിലാക്കിയാണ് പ്രസിഡന്റും സെക്രട്ടറിയുമെത്തിയത്. ഈ സമയം എഴുപതോളം നിക്ഷേപകർ പണം മടക്കി വാങ്ങാൻ എത്തിയിരുന്നു. ദിവസവും ഇങ്ങനെ വരുന്ന നിക്ഷേപകർ ഒന്നുകിൽ പണം കിട്ടാതെ മടങ്ങുകയാണ് ചെയ്തിരുന്നത്. അല്ലെങ്കിൽ ആയിരം രൂപ വീതം കൊടുത്തു വിടും.

ദിവസവും വന്ന് 1000 രൂപ വീതം വാങ്ങിപ്പോകാൻ മനസില്ലെന്നായിരുന്നു നിക്ഷേപകരുടെ നിലപാട്. ഈ അവസരത്തിലാണ് പ്രസിഡന്റിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞ് നിക്ഷേപകർ ഉപരോധം തീർത്തത്. സെക്രട്ടറിയെയും പ്രസിഡന്റിനെയും പുറത്തേക്ക് പോകാൻ അനുവദിച്ചില്ല. നിക്ഷേപകർ ഉപരോധം നടത്തിയിട്ടും പൊലീസിനെ വിളിക്കാൻ പ്രസിഡന്റ് തയാറായില്ല. നേരത്തേ ദിവസം 2000 രൂപ വീതം നൽകിയിരുന്നു. പിന്നീടത് ആയിരമാക്കി ചുരുക്കി. അതിന് ശേഷം ഒന്നും കിട്ടാതെയായി. ദിവസവും 25,000 രൂപ വീതം തരണമെന്നാവശ്യപ്പെട്ടായിരുന്നു ഉപരോധം. അത്രയും നൽകാൻ കഴിയില്ലെന്നും 10,000 വീതം നൽകാമെന്നും പ്രസിഡന്റ് സമ്മതിച്ചു. ഈ വിവരം എഴുതി നൽകണമെന്ന നിക്ഷേപകരുടെ ആവശ്യവും പ്രസിഡന്റ് സമ്മതിച്ചു. ഇതിന് ശേഷമാണ് പ്രസിഡന്റിനെ പോകാൻ അനുവദിച്ചത്.