- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോടികളുടെ ക്രമക്കേട്: മൈലപ്ര സഹകരണ ബാങ്കിൽ നിന്ന് നിർണായക രേഖകൾ കടത്താൻ ശ്രമം; പ്രസിഡന്റിനൊപ്പം വന്നത് സെക്രട്ടറിയുടെ അഭിഭാഷകൻ; പരിയയപ്പെടുത്തിയത് സഹകരണ വകുപ്പ് ജീവനക്കാരനെന്ന്; നീക്കം തടഞ്ഞ് ജീവനക്കാർ
പത്തനംതിട്ട: കോടികളുടെ ക്രമക്കേട് നടക്കുകയും സെക്രട്ടറി സസ്പെൻഷനിലാവുകയും ചെയ്ത മൈലപ്ര സർവീസ് സഹകരണ ബാങ്കിൽ നിന്ന് നിർണായകമായ രേഖകൾ കടത്താൻ പ്രസിഡന്റിന്റെ നേതൃത്വത്തിൽ നടത്തിയ നീക്കം പൊളിച്ച് ജീവനക്കാർ.
സിപിഎം ഏരിയാ കമ്മറ്റി അംഗവും നിലവിലെ ബാങ്ക് പ്രസിഡന്റുമായ ജെറി ഈശോ ഉമ്മൻ സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാറുടെ ഓഫീസിൽ നിന്ന് പരിശോധനയ്ക്ക് വന്നയാളെന്ന് പറഞ്ഞാണ് മറ്റൊരാളുമായി ബാങ്കിൽ വന്നത്. പരിശോധനയുടെ പേരിൽ ഫയലുകൾ കടത്തിക്കൊണ്ടു പോകാൻ ശ്രമം നടന്നപ്പോൾ ജീവനക്കാർക്ക് സംശയം തോന്നി. ഇരുവരെയും തടഞ്ഞു വെച്ച ശേഷം പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
ഇന്ന് പതിനൊന്നരയോടെയാണ് സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ ഓഫീസിലെ ജീവനക്കാരൻ എന്ന് പരിയയപ്പെടുത്തിയ ആൾ ബാങ്ക് പ്രസിഡന്റിനൊപ്പം എത്തിയത്. ചില ജീവനക്കാരുടെ സഹായത്തോടെ ഇവർ ബാങ്കിന്റെ ബോർഡ് റൂമിൽ കടന്ന് ഫയലുകൾ പരിശോധിക്കാൻ ആരംഭിച്ചതോടെ ജീവനക്കാർ സംഘടിച്ചെത്തി ഇരുവരേയും തടഞ്ഞ് വയ്ക്കുകയായിരുന്നു. പ്രസിഡന്റിനൊപ്പം വന്ന ആൾ സഹകരണ സംഘം ജീവനക്കാരനല്ല എന്ന് സംശയം തോന്നിയതോടെയാണ് ജീവനക്കാർ പത്തനംതിട്ട പൊലീസിൽ വിവരമറിയിച്ചത്.
ബാങ്ക് ഭരണസമിതിയുടെ മിനിട്സ് ബുക്ക് പോലും ഇതുവരെ ലഭിച്ചിട്ടില്ലെന്നും ഫയലുകളും രേഖകളും മാറ്റാനും തിരുത്തൽ വരുത്താനുമാണ് ഇവർ എത്തിയതെന്ന് ജീവനക്കാർ ആരോപിച്ചു. രാത്രി സമയങ്ങളിലും ബാങ്കിൽ പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള സംഘം എത്തുന്നതായും ജീവനക്കാർ ആരോപിക്കുന്നു. പത്തനംതിട്ട പൊലീസ് സ്ഥലത്തെത്തിയപ്പോൾ ഇദേഹം സെക്രട്ടറിയുടെ അഭിഭാഷകനാണെന്ന് വെളിപ്പെടുത്തി. നാല് കോടിയോളം രുപയുടെ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് സെക്രട്ടറി ജോഷ്വാ മാത്യു നിലവിൽ സസ്പെൻഷനിലാണ്.
ബാങ്കിന്റെ അനുബന്ധ സ്ഥാപനമെന്ന പേരിൽ മൈഫഫഡ് ഗോതമ്പ് ഫാക്ടറി തുടങ്ങി 32.95 കോടിയുടെ ക്രമക്കേട് നടത്തിയത് ഓഡിറ്റിങിൽ കണ്ടെത്തിയിരുന്നു. തുടർന്ന് ഈ പണം സെക്രട്ടറിയുടെയും ഭരണ സമിതി അംഗങ്ങളുടെയും കൈയിൽ നിന്ന് ഈടാക്കാനും വിജിലൻസ് അന്വേഷണത്തിനും ഓഡിറ്റർ ശിപാർശ ചെയ്യുകയും ചെയ്തിരുന്നു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്