- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗോതമ്പ് സംസ്‌കരണ ഫാക്ടറിക്ക് വായ്പയും അഡ്വാൻസും അനുവദിച്ചത് ബാങ്കിന്റെ പൊതുയോഗം; കഴിഞ്ഞ വർഷം വരെ ഫാക്ടറിക്ക് അനുവദിച്ചത് 29.54 കോടി; 3.65 കോടി നഷ്ടം വന്നത് കോവിഡ് സാഹചര്യത്തിൽ: മറുനാടൻ വാർത്തയ്ക്ക് വിശദീകരണവുമായി മൈലപ്ര സർവീസ് സഹകരണ ബാങ്ക്
പത്തനംതിട്ട: കോവിഡ് സാഹചര്യത്തിൽ കരുതൽ ധനം മാറ്റി വയ്ക്കേണ്ടി വന്നതും സർക്കാർ പ്രഖ്യാപിച്ച മൊറട്ടോറിയം കാരണം വായ്പാ തിരിച്ചടവ് മുങ്ങിയതും കൊണ്ടുള്ള നഷ്ടമാണ് ഓഡിറ്റ്് റിപ്പോർട്ടിൽ പറയുന്ന 3.65 കോടിയുടെ നഷ്ടത്തിന് കാരണമെന്ന് മൈലപ്ര സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജെറി ഈശോ ഉമ്മൻ, സെക്രട്ടറി ജോഷ്വാ മാത്യു എന്നിവരുടെ വിശദീകരണം. ബാങ്കിലെ ക്രമക്കേട് സംബന്ധിച്ച് മറുനാടൻ പ്രസിദ്ധീകരിച്ച തുടർ വാർത്തകൾക്കാണ് വിശദീകരണം നൽകിയിരിക്കുന്നത്. എന്നാൽ, വാർത്തകളിൽ മറുനാടൻ ഉന്നയിച്ച തട്ടിപ്പുകൾക്കൊന്നും വിശദീകരണത്തിൽ മറുപടിയില്ല.
വിശദീകരണ കുറിപ്പ് ഇങ്ങനെ:
മൈലപ്ര സർവീസ് സഹകരണ ബാങ്കിന്റെ ചുമതലയിൽ എൻസിഡിസിയുടെ സാമ്പത്തിക സഹായത്തോടെ ഗോതമ്പ് സംസ്‌കരണ ഫാക്ടറി ആരംഭിച്ചത് 2003 ലാണ്. അന്ന് മുതൽ 2019-20 വരെ കൂടിയിട്ടുള്ള ബാങ്ക് വാർഷിക പൊതുയോഗങ്ങളിൽ ഓരോ വർഷവും ഫാക്ടറിക്ക് നൽകിയ വായ്പ/അഡ്വാൻസ് പ്രത്യേകം ചേർത്ത് പൊതുയോഗം ചർച്ച ചെയ്ത് അംഗീകാരം നൽകിയിട്ടുണ്ട്. 2020-21 വരെ ഫാക്ടറിക്ക് അനുവദിച്ച് നൽകിയ തുക 29,59,04760 രൂപയാണ്. വായ്പ/അഡ്വാൻസ് തുകയ്ക്ക് 2021 മാർച്ച് മാസം വരെ 14.20 കോടി രൂപ പലിശയിനത്തിൽ ബാങ്ക് ഈടാക്കിയിട്ടുണ്ട്.
കഴിഞ്ഞ മൂന്ന് വർഷങ്ങളായി ഫാക്ടറിക്ക് വായ്പ/ അഡ്വാൻസ് വർധിപ്പിച്ച് നൽകിയിട്ടില്ല. ഇത് തെറ്റായി 40 കോടിയെന്നും 60 കോടിയെന്നും പറയുന്നത് വസ്തുതാ വിരുദ്ധമാണ്. ഫാക്ടറിക്ക് വായ്പ/അഡ്വാൻസ് നൽകിയ തുക ഒരു ദിവസം കൊണ്ടോ, മാസം കൊണ്ടോ നൽകിയിട്ടുള്ളതല്ല. കാലകാലങ്ങളിലുള്ള ഭരണ സമിതി അംഗങ്ങൾ നൽകിയ തുകകൾ അതാത് വാർഷിക പൊതുയോത്തി അംഗങ്ങൾ ചർച്ച ചെയ്ത് അംഗീകരിച്ചിട്ടുമുള്ളതാണ്.
ബാങ്കിന്റെ വാർഷിക പൊതുയോഗ റിപ്പോർട്ട് പരിശോധിച്ചാൽ ആയത് ബോധ്യമാകും. പൊതുയോഗ കാര്യപരിപാടിയിൽ പ്രത്യേക അജണ്ട ഉൾപ്പെടുത്തി ഗോതമ്പ് സംസ്‌കരണ ഫാക്ടറി പ്രവർത്തന അവലോകനം നടത്തി ലഭിക്കാനുള്ള തുക സംബന്ധിച്ച് ബാങ്കിന്റെ ബാക്കി പത്രത്തിൽ പ്രത്യേകം തുക ഉൾപ്പെടുത്തിയാണ് ഫാക്ടറി ആരംഭിച്ച കാലം മുതൽ കണക്കുകൾ ക്രമീകരിച്ചിട്ടുള്ളത്. 2018 ലെ ഭരണ സമിതി തെരഞ്ഞെടുപ്പിൽ മത്സരിച്ച് പരാജയപ്പെട്ടയാളാണ് ബാങ്കിനെതിരേ വ്യാജ പ്രചാരണം നടത്തുന്നത്.
കോവിഡ് മഹാമാരി മൂലം വായ്പക്കാരായ അംഗങ്ങൾക്കുണ്ടായ സാമ്പത്തിക പ്രതിസന്ധി കാരണം സഹകരണ ബാങ്കുകൾ നൽകിയിട്ടുള്ള വായ്പകൾക്ക് സർക്കാർ മൊറട്ടോറിയം അനുവദിച്ചിരിക്കുന്ന കാലയളവിൽ വായ്പ തിരിച്ചടവ് മുടക്കം വന്നതു മൂലം 2019-20 വർഷം 4.42 കോടി കരുതൽ വയ്ക്കേണ്ടി വന്നതിനാൽ മാത്രമാണ് 3.65 കോടി തൻവർഷം നഷ്ടം ഉണ്ടായിട്ടുള്ളത്. അല്ലാതെയുള്ള സാമ്പത്തിക നഷ്ടമല്ല ഇത്. ബാങ്കിനും ജീവനക്കാർക്കുമെതിരേ വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരേ നടപടി സ്വീകരിക്കുമെന്നും വിശദീകരണത്തിൽ പറയുന്നു.
ലേഖകന്റെ വിശദീകരണം:
കോവിഡ് കാരണം വായ്പാ തിരിച്ചടവ് മുടങ്ങിയതു കൊണ്ടാണ് തൻ വർഷം 3.65 കോടിയാണ് നഷ്ടം വന്നിരിക്കുന്നതെന്ന വിശദീകരണം തെറ്റാണ്. ഓഡിറ്റ് റിപ്പോർട്ട് കോവിഡ് കാലത്തിന് മുൻപുള്ളതാണ്. മറുനാടൻ ചൂണ്ടിക്കാട്ടിയ വസ്തുതകൾക്കൊന്നും വിശദീകരണത്തിൽ വ്യക്തത വരുത്തിയിട്ടില്ല. ബാങ്കിനോട് ചേർന്ന് ഗോതമ്പ് ഫാക്ടറി ആരംഭിച്ചത് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ആയിട്ടാണ്. അതിന്റെ ഓരോ വർഷത്തെയും വരവ് ചെലവ് കണക്ക് സംബന്ധിച്ച് ഒന്നും പറയുന്നില്ല. സഹകരണ വകുപ്പിലെ ഓഡിറ്റർമാരെ ഫാക്ടറിയിലേക്ക് പ്രവേശിപ്പിക്കുന്നില്ല എന്ന ആരോപണത്തിന് മറുപടിയില്ല.
ബാങ്കിന് നൽകിയ 10 കോടി രൂപയുടെ പലിശ ഒഴിവാക്കാൻ ഡയറക്ടർ ബോർഡ് കൂടാതെ വ്യാജരേഖ ചമച്ചത് എന്തിന് എന്ന ചോദ്യത്തിന് ഉത്തരമില്ല. ഗോതമ്പ് ഫാക്ടറിയിലേക്ക് വാഹനം വാങ്ങിയതിൽ നടന്ന ക്രമക്കേടിന് ആരു മറുപടി നൽകും? ഏറെ നാളായി ഗോതമ്പ് ഫാക്ടറി പ്രവർത്തിക്കുന്നില്ല. അതിനുള്ള കാരണവും വിശദമാക്കിയിട്ടില്ല. പണം പലിശയ്ക്ക് എടുക്കുന്നതിന് വേണ്ടി ബ്ലേഡ് കമ്പനിയെയും കേരളാ ബാങ്കിനെയും സിപിഎം ജില്ലാ നേതൃത്വത്തെയും സമീപിച്ച സംഭവത്തെ കുറിച്ച് വിശദീകരണത്തിൽ മറുപടി ഉണ്ടായിട്ടില്ല.
ബാങ്കിൽ നിന്ന് ഫാക്ടറിയിലേക്ക് കോടിക്കണക്കിന് രൂപ വായ്പയുടെ രൂപത്തിൽ വകമാറ്റി. വല്ലപ്പോഴും മാത്രം പലിശ തിരിച്ചടച്ചു. ഇങ്ങനെ തിരിച്ചടയ്ക്കുന്ന തുക പിന്നാലെ വായ്പയായി വീണ്ടും ഫാക്ടറിക്ക് നൽകുകയാണ് ചെയ്തിരുന്നത്. 2019-20 ലെ ഓഡിറ്റ് റിപ്പോർട്ടിലെ പരാമർശം ഇങ്ങനെ:
ഫാക്ടറി അക്കൗണ്ടിൽ എല്ലാ മാസത്തിന്റെയും അവസാന തീയതിയിൽ ഭാഗികമായി പലിശ വരവ് വച്ചിട്ടള്ളതും ഓഡിറ്റ് വർഷാവസാനം 2,13,48,845 രൂപ പലിശ ഇനത്തിൽ ഈടാക്കാൻ ബാക്കി നിൽപ്പുള്ളതാണ്. മേലിൽ പലിശ ആദ്യം വരവ് വച്ചതിന് ശേഷം മാത്രം അഡ്വാൻസിൽ വരവ് വയ്‌ക്കേണ്ടതാണ്.
ഓഡിറ്റ് റിപ്പോർട്ടിലെ താഴെപ്പറയുന്ന പരാമർശത്തിനുള്ള മറുപടിയും കാണുന്നില്ല. ബാങ്കിന്റെ അനുബന്ധ സ്ഥാപനമായ ഗോതമ്പ് സംസ്‌കരണ ഫാക്ടറിക്ക് തൻ വർഷം 10.79 കോടി അഡ്വാൻസ് നൽകിയിട്ടുള്ളതും ടി ഇനത്തിൽ മൊത്തം 29 കോടിയിലധികം രൂപ ലഭിക്കാനുള്ളതുമായി കാണുന്നു. വർഷം തോറും ഫാക്ടറിക്ക് അഡ്വാൻസ് ഇനത്തിൽ നൽകുന്ന തുകകൾക്ക് ആനുപാതികമായ തിരിച്ചടവ് ഉള്ളതായി കാണുന്നില്ല. ആയത് ഗൗരവമായി കണ്ട് ഫാക്ടറിയിൽ നിന്നും ലഭിക്കാനുള്ള തുക ഈടാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കേണ്ടതാണ്. ഫാക്ടറിക്ക് വർഷം തോറും അഡ്വാൻസ് കൂട്ടി നൽകുകയും ഫാക്ടറിക്ക് വേണ്ടി സർക്കാരിൽ നിന്ന് ലഭിച്ചിട്ടുള്ള എൻസിഡിസി(നാഷണൽ കോ-ഓപ്പറേറ്റീവ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ) ലോൺ, ഷെയർ എന്നിവയ്ക്ക് കാര്യമായ തിരിച്ചടവ് ഉള്ളതായും കാണുന്നില്ല. ഈ ഇനങ്ങളിൽ കാര്യമായ തിരിച്ചടവ് നടത്തി ഫാക്ടറിയുടെ പ്രവർത്തനം ലാഭകരമാക്കാനും ഓഡിറ്റ് നിർദ്ദേശിക്കുന്നു. ഫാക്ടറിയിലേക്ക് ഗോതമ്പ് വാങ്ങിയതു ബാങ്കിനുണ്ടായ സാമ്പത്തിക നഷ്ടം സംബന്ധിച്ചും ഓഡിറ്റ് റിപ്പോർട്ടിൽ പരാമർശമുണ്ട്.
ബാങ്ക് നഷ്ടത്തിലെന്ന വാർത്ത ചോർന്നതിൽ സിപിഎമ്മിന് അതൃപ്തി
തങ്ങൾ രഹസ്യമാക്കി വച്ചിരുന്ന മൈലപ്ര സഹകരണ ബാങ്കിലെ ക്രമക്കേട് പുറത്തു വന്നതിൽ സിപിഎമ്മിൽ അതൃപ്തി. കഴിഞ്ഞ ദിവസം ചേർന്ന പത്തനംതിട്ട ഏരിയാ കമ്മറ്റി യോഗവും പിന്നാലെ ജില്ലാ കമ്മറ്റിയും ഈ വിഷയം ചർച്ച ചെയ്തു. സിപിഎം ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിൽ രഹസ്യമായി കൈകാര്യം ചെയ്ത വിഷയം ചോരാനിടയായ സാഹചര്യമാണ് ചർച്ചയായത്. ജില്ലയിൽ സിപിഎം ഭരിക്കുന്നതും ഭരണം പിടിച്ചെടുത്തതുമായ മുഴുവൻ ബാങ്കുകളിലും അഴിമതിയും ക്രമക്കേടും നടമാടുകയാണ്. നഷ്ടത്തിൽ ഇല്ലാത്ത ഒരു സഹകരണ ബാങ്ക് പോലുമില്ലെന്നതാണ് വാസ്തവം. പാർട്ടി നേതരക്കൾ തന്നെയാണ് തട്ടിപ്പിന് പിന്നിലുള്ളത്. ഓരോ ബാങ്കും പൊട്ടി നിൽക്കുമ്പോൾ സഹകരണ വകുപ്പിലെ ജെആറിന്റെ പിന്തുണയിൽ വിഷയം ഒതുക്കി തീർത്തു വരികയാണ്. അങ്ങനെ ഒതുക്കി വച്ച കാര്യങ്ങളാണ് മറുനാടൻ വാർത്തയാക്കിയത്. വിവരം ചോർത്തിയ ആളെ കണ്ടു പിടിക്കാനുള്ള നീക്കമാണ് സിപിഎം നടത്തുന്നത്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്