പത്തനംതിട്ട: എ ഗ്രേഡ് സഹകരണ സംഘമായിരുന്ന മൈലപ്ര സർവീസ് സഹകരണ ബാങ്കിന്റെ തകർച്ച പെട്ടെന്നൊരു ദിനം ആയിരുന്നില്ല. കാലക്രമത്തിൽ തീർത്തും ധൃതിയില്ലാത്ത വണ്ണം ആസൂത്രിതമായിട്ടാണ് ഇവിടെ നിന്ന് പണം ചോർത്തിയിട്ടുള്ളത്. അതിൽ ബാങ്ക് പ്രസിഡന്റിന്റെയും സെക്രട്ടറിയുടെ പങ്ക് തള്ളിക്കളയാവുന്നതല്ല. ബാങ്കിന്റെ ഏതെങ്കിലും സഹകാരികളോട് ചോദിച്ചാൽ മതി. അവർ പറഞ്ഞു തരും ബാങ്കിന്റെ തളർച്ചയും ഇവരുടെ വളർച്ചയും എങ്ങനെയായിരുന്നുവെന്ന്.

നിലവിൽ ബാങ്കിന്റെ സെക്രട്ടറി ജോഷ്വ കെ. മാത്യുവാണ്. സാമ്പത്തികമായി അത്ര മെച്ചമല്ലാത്ത ചുറ്റുപാടിൽ നിന്ന് ബാങ്കിൽ പ്യൂൺ കം സെയിൽസ്മാനായി വന്നയാളാണ് ജോഷ്വ. പടിപടിയായി ഉയർന്ന് ബാങ്കിന്റെ സെക്രട്ടറി വരെയായി. ഈ കാലയളവിൽ ജോഷ്വയ്ക്കുണ്ടായ സാമ്പത്തിക വളർച്ച ആരെയും അമ്പരപ്പിക്കുന്നതാണ്. സെക്രട്ടറിയാകേണ്ടിയിരുന്ന വനിതയെ അനുനയിപ്പിച്ചോ ഭീഷണിപ്പെടുത്തിയോ ആണ് ജോഷ്വ സെക്രട്ടറിയായതെന്ന് സഹകാരികളും മുൻ ഡയറക്ടർ ബോർഡ് അംഗങ്ങളിൽ ചിലരും മറുനാടനോട് പറഞ്ഞു.

അടുത്തു തന്നെ വിരമിക്കാൻ പോകുന്ന ജോഷ്വ പക്ഷേ, കോൺഗ്രസിന്റെ തൊഴിലാളി സംഘടനയുടെ ആളായിട്ടാണ് അറിയപ്പെടുന്നത്. പ്രസിഡന്റ് ജെറി ഈശോ ഉമ്മന്റെ രാഷ്ട്രീയ ചരിത്രവും ഏറെക്കുറെ സമാനമാണ്. കേരളാ കോൺഗ്രസ് എം, ജോസഫ്, ഫ്രാൻസിസ് ജോർജ്, സ്‌കറിയ തോമസ്, ജേക്കബ്, സുരേന്ദ്രൻ പിള്ള തുടങ്ങി എല്ലാ വിധ ബ്രാക്കറ്റുകൾക്കുമൊപ്പം പ്രവർത്തിച്ചിട്ടുള്ളയാളാണ് ജെറി ഈശോ ഉമ്മൻ. ഒരു വട്ടം പത്തനംതിട്ട മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചു.

എതിർ സ്ഥാനാർത്ഥി കെകെ നായർ ആയിരുന്നു. ജെറി പരാജയപ്പെടുകയും ചെയ്തു. കേരളാ കോൺഗ്രസുകളിലെല്ലാം ചുറ്റിത്തിരിഞ്ഞ് വന്ന ജെറി ഈശോ ഉമ്മൻ ഒടുക്കം സിപിഎമ്മിലെത്തിച്ചേർന്നു. ഏരിയാ കമ്മറ്റി അംഗവുമായി.

പർച്ചേസ് ഏതാണെങ്കിലും അഴിമതി

ബാങ്കിന്റെ ഉടമസ്ഥതയിലുള്ള സൂപ്പർ മാർക്കറ്റിലേക്കും അനുബന്ധ സ്ഥാപനമായ ഗോതമ്പ് ഫാക്ടറികളിലേക്കും നടത്തിയ പർച്ചേസിൽ വമ്പൻ അഴിമതി നടന്നിട്ടുണ്ടെന്നാണ് സഹകാരികളുടെ ആരോപണം. ഇതു ശരിവയ്ക്കും വിധമുള്ള ഓഡിറ്റ് റിപ്പോർട്ടുമുണ്ട്. പഞ്ചാബിൽ പോയി നേരിട്ടാണ് ഫാക്ടറിയിലേക്ക് ഗോതമ്പ് എടുക്കുന്നത്. ഗോതമ്പ് പർച്ചേസ് നിലവിലുള്ള സ്റ്റോക്കിന് ആനുപാതികമായല്ല നടത്തുന്നതെന്നും തന്മൂലം വലിയ സ്റ്റോക്ക് ഉണ്ടാകുന്നത് വഴി ബാങ്കിന് വലിയ നഷ്ടം ഉണ്ടാകാനിടയുണ്ടെന്നും ഈ വിഷയം ബാങ്ക് ഭരണ സമിതി അംഗങ്ങൾ കൂടി ശ്രദ്ധിക്കണമെന്ന് ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നുണ്ട്.

ഗോതമ്പ് സംസ്‌കര ഫാക്ടറിയിലേക്ക് വാഹനം വാങ്ങിയ വകയിൽ വൻ തട്ടിപ്പാണ് നടന്നത്. ഫാക്ടറിയിലേക്ക് വാങ്ങിയ വാഹനമെന്ന് സഹകാരികളെ തെറ്റിദ്ധരിപ്പിച്ചു. എന്നാൽ വാഹനം, രജിസ്റ്റർ ചെയ്തത് ജെറി ഈശോ ഉമ്മന്റെ ഭാര്യാ സഹോദരന്റെ പേരിലായിരുന്നു. വാഹനത്തിന്റെ ഇൻഷുറൻസ് പുതുക്കാൻ പോയപ്പോഴാണ് ഇതു സംബന്ധിച്ച സൂചന ഡയറക്ടർ ബോർഡ് അംഗമായിരുന്ന ഗീവർഗീസ് തറയിലിന് കിട്ടിയത്. പിന്നീട് വാഹനം ഉപയോഗശൂന്യമായി ഇരുമ്പ് വിലയ്ക്ക് വിറ്റു. പൊളിക്കാൻ വന്നയാൾ ആർസി ബുക്ക് ആവശ്യപ്പെട്ടു. ബുക്ക് കാണാനില്ലെന്നായിരുന്നു മറുപടി. ആർടി ഓഫീസിൽ അന്വേഷിച്ചപ്പോൾ വാഹനം ബാങ്ക് പ്രസിഡന്റിന്റെ അളിയന്റെ പേരിലാണ് വാങ്ങിയതെന്ന് മനസിലായി. ഇതിനായി അഞ്ചു ലക്ഷം രൂപയാണ് ബാങ്ക് അനുവദിച്ചത്.

വാഹനം അളിയന് കൊടുത്ത ശേഷം അതിന്റെ പണം പ്രസിഡന്റ് വാങ്ങിയിരിക്കാമെന്നാണ് ആരോപണം. ബാങ്കിന്റെ രേഖകളിൽ പണം വാഹനം വാങ്ങിക്കാൻ കൊടുത്തിട്ടുമുണ്ട്. എന്നാൽ, ഈ വാഹനത്തിന്റെ ആർസി ഉടമ പ്രസിഡന്റിന്റെ അളിയനാണ് താനും. ഇത്തരം മാരകമായ ക്രമക്കേടുകളാണ് ബാങ്കിൽ നടന്നിട്ടുള്ളത്. ബാങ്ക് പ്രസിഡന്റ് സ്വന്തമായി ഗോതമ്പ് നിർമ്മാണ യൂണിറ്റ് നടത്തുന്നുണ്ടെന്നാണ് മറ്റൊരു ആരോപണം. സെക്രട്ടറി ഇളമണ്ണൂരിലെ കിൻഫ്ര പാർക്കിൽ ബിനാമി ഇടപാടിൽ കറിപൗഡർ യൂണിറ്റ് നടത്തുന്നു. ഇദ്ദേഹം ബിനാമി പേരിലും അല്ലാതെയും വാങ്ങിക്കൂട്ടിയ വസ്തുവകകളെ കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വിജിലൻസിലും പരാതി ചെന്നിട്ടുണ്ട്.

ബാങ്കിലെ ക്രമക്കേട് സംബന്ധിച്ച് ഇന്നലെ മറുനാടൻ പ്രസിദ്ധീകരിച്ച വാർത്തയുടെ അടിസ്ഥാനത്തിൽ ഇന്റലിജൻസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വരും ദിനങ്ങളിൽ കൂടുതൽ ക്രമക്കേടുകൾ പുറത്തു വരുമെന്നാണ് കരുതുന്നത്. മറുനാടൻ വാർത്തയെ തുടർന്ന് നിരവധി സഹകാരികളാണ് തങ്ങൾക്ക് അറിയാവുന്ന വിവരങ്ങൾ പങ്കു വയ്ക്കുന്നതിനായി മുന്നോട്ടു വന്നിട്ടുള്ളത്.

അതിനിടെ രണ്ടു കോടി രൂപ കാർഷിക വായ്പ ബാങ്ക് നൽകുമെന്ന് പ്രസിഡന്റ് അറിയിച്ചിട്ടുണ്ട്. ഈ വായ്പയുടെ പിന്നിലും വമ്പൻ തിരിമറി നടക്കുന്നുണ്ട്. അതേപ്പറ്റി നാളെ.